കോട്ടയത്ത് എട്ടിലും വിജയം പ്രതീക്ഷിച്ച് യുഡിഎഫ്; ഏഴിൽ വിജയിക്കുമെന്ന് എൽഡിഎഫ്
കോട്ടയം ∙ ആന്റിജൻ ടെസ്റ്റിന് അര മണിക്കൂർ മതി. ആർടിപിസിആറിന് ആറു മണിക്കൂറും. ഇനി നാലു ദിവസം കൂടി കഴിഞ്ഞാൽ ‘ബാലറ്റ് ടെസ്റ്റിന്റെ’ റിസൽട്ടും വരും. ഈ ടെസ്റ്റിന്റെ റിസൽട്ടിനു കാത്തിരുന്നത് ഒരു മാസത്തിലേറെ. കോവിഡ് ടെസ്റ്റിനു സ്വാബ് കൊടുത്തു കാത്തിരിക്കുന്നവരുടെ അവസ്ഥയാണ് സ്ഥാനാർഥികൾക്ക്. വ്യത്യാസം ഒന്നു മാത്രം. കോവിഡ് ടെസ്റ്റ് നെഗറ്റീവാകാൻ എല്ലാവരും പ്രാർഥിക്കുന്നു. ബാലറ്റിലെ ഈ ടെസ്റ്റ് പോസിറ്റീവാകണേ എന്നു സ്ഥാനാർഥികളും. ടെസ്റ്റ് പോസിറ്റീവായാൽ നെഞ്ചു വിരിച്ച് നാട്ടിലിറങ്ങാം. നെഗറ്റീവായാൽ കുറച്ചു കാലം ക്വാറന്റീനിലാകും. ചിലപ്പോൾ രാഷ്ട്രീയമായി ഐസലേഷനിലും.
ജനിതക മാറ്റമുണ്ടാകുമോ?
കൊറോണ വൈറസിന്റെ കാര്യം പോലെ തന്നെയാണ് കോട്ടയത്തിന്റെ കാര്യവും. ജില്ലയുടെ രാഷ്ട്രീയ ജനിതക മാറ്റം റിസൽട്ടിലുണ്ടാകും. യുഡിഎഫിന് പ്രാമുഖ്യമുള്ള ജില്ല എന്നതായിരുന്നു കോട്ടയത്തിന്റെ ഇതുവരെയുള്ള രാഷ്ട്രീയ ജനിതക ഘടന. കേരള കോൺഗ്രസ് (എം) ആദ്യം പിളർന്നു. പിന്നെ മ്യൂട്ടേഷൻ സംഭവിച്ച് ജോസ് കെ. മാണി എൽഡിഎഫിൽ ചേക്കേറിയതോടെ ജില്ലയുടെ രാഷ്ട്രീയ ഘടന മാറി. ജോസഫ് വിഭാഗം യുഡിഎഫിൽ നിന്നു. പിന്നീട് പി.സി. തോമസിന്റെ കേരള കോൺഗ്രസുമായി വീണ്ടും ഒത്തു ചേർന്നു. ആന്റിജൻ ടെസ്റ്റ് പോലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യ പരിശോധനയിൽ എൽഡിഎഫിന് വിജയം. ആർടിപിസിആർ ടെസ്റ്റ് പോലെ നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ആരു നേടും? യുഡിഎഫ് കോട്ടയെന്ന കോട്ടയത്തിന്റെ ഘടന മാറില്ലെന്ന് യുഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു.
ജില്ല പിടിച്ചെടുത്ത് ജനിതക ഘടന മാറ്റാമെന്ന് എൽഡിഎഫും. കാഞ്ഞിരപ്പള്ളിയിൽ താമര വിരിയിച്ചു ജില്ലയിൽ രൂപമാറ്റത്തിന് ബിജെപിയും ശ്രമിക്കുന്നു. അറിയേണ്ട മറ്റൊരു കാര്യം പൂഞ്ഞാറിന്റെ ഘടന മാറുമോ എന്നാണ്. ഇരു മുന്നണികളുടെ ഭാഗമായി മൽസരിച്ചും 2016 ൽ ഒറ്റയ്ക്കു നിന്നും പി.സി. ജോർജ് പൂഞ്ഞാറിൽ ജയിച്ചു. പൂഞ്ഞാറിന്റെ ന്യൂക്ലിയസിൽ നിന്നു പി.സി. ജോർജ് ഇത്തവണ പുറത്താകുമോ അതോ മറ്റുള്ളവരെ പുറത്താക്കുമോ ?പാലായുടെ ഡിഎൻഎയിൽ എഴുതിയ പേരായിരുന്നു കെ.എം. മാണി. ആ പേര് തിരുത്തിയത് മാണി സി. കാപ്പനാണ്. കാപ്പന്റെ പേരു മാറ്റി പാലായുടെ ഡിഎൻഎയിൽ ജോസ് കെ. മാണി തന്റെ പേര് എഴുതുമോ. അതോ കാപ്പന്റെ പേര് തുടരുമോ? ഇരുവരും ജയം അവകാശപ്പെടുന്നു. ഒപ്പം സമ്മതിക്കുന്നു.
മത്സരം കടുത്തതായിരുന്നു എന്നും. യഥാർഥ കേരള കോൺഗ്രസ് ഏതെന്ന ഡിഎൻഎ ടെസ്റ്റും ഇത്തവണ നടക്കുന്നു. ഇരു പാർട്ടികൾക്കും ആകെ കിട്ടുന്ന എംഎൽഎമാരും പാലാ, കടുത്തുരുത്തി സീറ്റുകളിലെ വിജയവും യഥാർഥ പാർട്ടിയെ നിശ്ചയിക്കും. 2011 ലെ നിയമസഭയിൽ മുഖ്യമന്ത്രിയുടെ ജില്ലയായിരുന്നു കോട്ടയം. കഴിഞ്ഞ നിയമസഭയിൽ ഒരു മന്ത്രിയെ പോലും കിട്ടിയില്ല. ഇക്കുറി എത്ര മന്ത്രിമാരെ ജില്ലയ്ക്ക് കിട്ടും? പുതുപ്പള്ളിയിൽ സുവർണ ജൂബിലി വിജയം നേടിയാൽ ഉമ്മൻ ചാണ്ടിയെ കാത്തിരിക്കുന്ന പദവി എന്തായിരിക്കും? തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോസ് കെ. മാണി, മോൻസ് ജോസഫ്, വി.എൻ. വാസവൻ എന്നിവരിൽ ആരാകും മന്ത്രി? എന്തായാലും ഒന്നുറപ്പ്. ആരു ജയിച്ചാലും കോട്ടയത്തെ മന്ത്രിമാരുടെ എണ്ണം ഒന്നിൽ കൂടും.
എട്ടിലും വിജയം പ്രതീക്ഷിച്ച് യുഡിഎഫ്
വൈക്കം ഒഴികെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് വിജയം പ്രതീക്ഷിക്കുന്നു. അനുകൂല തരംഗമുണ്ടായാൽ വൈക്കവും വിജയിക്കാമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. 5 മണ്ഡലങ്ങളിൽ യുഡിഎഫ് വിജയം ഉറപ്പിക്കുന്നു. മൂന്നിടത്ത് (പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ) മേൽക്കൈ നേടിയെന്നും വിജയിക്കാമെന്നും ആത്മവിശ്വാസമുണ്ട്.
ഏഴിൽ വിജയിക്കുമെന്ന് എൽഡിഎഫ്
പുതുപ്പള്ളി, കോട്ടയം ഒഴികെ എല്ലാ സീറ്റിലും ജയിക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ എം.പി. ജോസഫ് പറഞ്ഞു. പാലാ സീറ്റിൽ കടുത്ത മത്സരമാണെന്ന് മുന്നണി നേതാക്കൾ സമ്മതിക്കുന്നു. ആസൂത്രിതമായ പ്രവർത്തനത്തിലൂടെ പാലായിൽ ജയം ഉറപ്പാക്കാനായി എന്നാണ് ഒടുവിലത്തെ കണക്കൂകൂട്ടൽ.
കാഞ്ഞിരപ്പള്ളി പ്രതീക്ഷിച്ച് ബിജെപി
അൽഫോൻസ് കണ്ണന്താനം എംപിയിലൂടെ കാഞ്ഞിരപ്പള്ളിയിൽ ജയിക്കാമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. വൈക്കം, ഏറ്റുമാനൂർ, പാലാ, ചങ്ങനാശേരി മണ്ഡലങ്ങളിൽ 30000 ൽ ഏറെ വോട്ടു നേടുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു പറഞ്ഞു.
കോട്ടയത്തെ തിരഞ്ഞെടുപ്പിൽ എല്ലാവരും നോക്കുന്നത്
ഒറ്റക്കാര്യം. കേരള കോൺഗ്രസുകളുടെ പ്രകടനം എങ്ങനെയാണ്? ഈ തിരഞ്ഞെടുപ്പു കഴിയുമ്പോൾ ഏതാണ് യഥാർഥ കേരള കോൺഗ്രസ് എന്നും അറിയാം. കേരള കോൺഗ്രസുകൾ പലവട്ടം പിളർന്നിട്ടുണ്ട്. എന്നാൽ അവരുടെ ആസ്ഥാനമായ കോട്ടയത്ത് മുൻപ് അതു ബാധിച്ചില്ല. ഇത്തവണ അതല്ല സ്ഥിതി. കേരള കോൺഗ്രസുകൾ കോട്ടയത്തിനു പുറത്ത് മത്സരിക്കുന്നുണ്ടാകാം. പക്ഷേ കോട്ടയത്ത് അവർ മത്സരിക്കുന്ന സീറ്റുകളിലെ വിജയം അവരുടെ ഭാവി നിശ്ചയിക്കും. പി.എച്ച്. കുര്യൻ മുൻ അഡീഷനൽ ചീഫ് സെക്രട്ടറി
കോവിഡ് ഭീതിയിലാണ് രണ്ട് തിരഞ്ഞെടുപ്പുകൾ നടന്നത്. അതിൽ നിന്ന് നമുക്ക് ഏറെ പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞു. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ യഥാർഥ പോരാട്ടം തുടങ്ങുകയാണ്. അത് കോവിഡ് അടക്കമുള്ള ദുരന്തങ്ങൾക്ക് എതിരെയാണ്. അതിനാണ് ഈ ജനവിധി ഉപകരിക്കേണ്ടത്. ഡോ.സാബു തോമസ് വൈസ് ചാൻസലർ എംജി സർവകലാശാല