കാഞ്ഞിരപ്പള്ളിക്ക് അഭിമാനം : പാറമ്പുഴ കൂട്ടകൊലകെസ് അന്വേഷിച്ചു തെളിയിച്ചു കുറ്റാന്വേഷണ ചരിത്രത്തിൽ അത്ഭുതം സൃഷ്ട്ടിച്ച, കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി വി യു കുര്യാക്കോസ് അടക്കമുള്ള ടീം അംഗങ്ങൾക്ക് കേരള പോലീസിന്റെ “ബാഡ്ജ് ഓഫ് ഓണർ” അവാർഡ്..
May 3, 2016
കാഞ്ഞിരപ്പള്ളിക്ക് അഭിമാനം : ഒരു വർഷം മുൻപ് അന്യ സംസ്ഥാന തൊഴിലാളി, ഒരു കുടുംബത്തിലെ മൂന്നുപേരെ അതി നിഷ്റൂരമായി കൊലപെടുതിയ പാറമ്പുഴ കൂട്ടകൊലകെസ് അന്വേഷിച്ചു തെളിയിച്ചു കുറ്റാന്വേഷണ ചരിത്രത്തിൽ അത്ഭുതം സൃഷ്ട്ടിച്ച, കേരളം ഒന്നടങ്ങം സല്യൂട്ട് ചെയ്ത “ഓപ്പറേഷൻ ഹൈ സ്പീഡ് ” ഓപ്പറെഷനിൽ പങ്കെടുത്ത കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി വി യു കുര്യാക്കോസ് അടക്കമുള്ള ടീം അംഗങ്ങൾക്ക് കേരള പോലീസിന്റെ “ബാഡ്ജ് ഓഫ് ഓണർ” അവാർഡ്..അവാർഡു കിട്ടിയവരിൽ ഭൂരിഭാഗം അംഗങ്ങളും കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ഓഫീസിൽ നിന്നുള്ളവർ
ഡി വൈ എസ് പി വി യു കുര്യാക്കോസ് കൂടാതെ അവാർഡ് ലഭിച്ചത് ഇവർക്ക് : പി വി. വര്‍ഗീസ്, എസ്.ഐ കാഞ്ഞിരപ്പള്ളി, ഒ എം സുലൈമാന്‍, എസ് ഐ എരുമേലി, എ എം മാത്യു എസ് ഐ മുണ്ടക്കയം, സാജു വര്‍ഗീസ് ഐ ഒ പി പന്പാടി, രാജേഷ് കെ കെ എ എസ് ഐ വാകത്താനം, ഷിബുക്കുട്ടന്‍ വി എസ് എസ് സി പി ഒ കുമരകം, അഭിലാഷ് കെ എസ് സി പി ഒ ചങ്ങനാശ്ശേരി എന്നിവർക്കാണ്.
കേരളത്തിന്റെ ചരിത്രത്തിൽ മാത്രമല്ല, ലോക ചരിത്രത്തിൽ തന്നെ കുറ്റാന്വേഷണ വകുപ്പിന് റഫർ ചെയ്യുവാൻ വേണ്ട വിധത്തിലുള്ള ഒരു അന്വേഷണം ആയിരുന്നു അത്. നവ മാധ്യമങ്ങൾ ആയ ഫേസ്‌ബുക്ക് , വാട്ട്സ് ആപ്, മൊബൈൽ ഫോണ്‍ മുതലായവ കേസ് അന്വേഷണത്തിന് വളരെയധികം ഉപകരപെട്ടു.
കഴിവും ആത്മാർഥതയും, അർപ്പണ ബോധവും, സാഹസികതയും ഉള്ള ഒരു പറ്റം പോലീസ് ഉദ്യോഗസ്ഥർ ഒത്തു ചേർന്നപ്പോൾ അസാധ്യം എന്ന് കരുതിയത് സാധ്യമായി . കേരളം മുഴുവനും കയ്യടിച്ചു അംഗീകരിച്ച ഒരു കുറ്റന്വേഷണ വേട്ടയായിരുന്നു അത്. ഈ പോലീസ് അവാർഡ് അവർക്ക് കേരളീയർ മുഴുവനും ഒരുമിച്ചു ഏകമനസ്സോടെ നല്കുന്ന അവാർഡ് ആണത്.
” സാധാരണ, പോലീസ് കുറ്റവാളികൾ സഞ്ചരിച്ച വഴിയെ, അവരുടെ പിറകെയാണ് പോകാറുള്ളത് , എന്നാൽ ഇവിടെ ഞങ്ങൾ കുറ്റവാളിയുടെ മുൻപിൽ, അയാൾ പോയേക്കാവുന്ന വഴി മുൻകൂട്ടി കണ്ടെത്തി അതിലെയാണ് സഞ്ചരിച്ചത് ” പാറമ്പുഴ കൂട്ടകൊലകെസ് അന്വേഷിച്ചതിനെ പറ്റി കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി: വി.യു. കുര്യാക്കോസ് പറഞ്ഞു.
തിരുവഞ്ചൂര്‍ തുരുത്തേല്‍ക്കവല മൂലേപ്പറമ്പില്‍ എം.കെ. ലാലസണ്‍ (70,റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍- ), ഭാര്യ പ്രസന്ന (53,കോട്ടയം ജനറല്‍ ആശുപത്രി പബ്ലിക് ഹെല്‍ത്ത് നഴ്‌സ്), മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരെ സ്വന്തം വീടിനോട് ചേര്‍ന്ന അലക്കു കമ്പനിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായിരുന്നു കേസ്. ഇവരുടെ അലക്കു കമ്പനി ജീവനക്കാരനായ അന്യ സംസ്ഥാന തൊഴിലാളി ആയിരിക്കാം പ്രതി എന്ന് പോലീസ് കണ്ടെത്തിയെങ്കിലും പോലീസിനെ വിദഗ്‌ധമായി കബളിപ്പിച്ച് ഇയാള്‍ മുങ്ങുകയായിരുന്നു.
അയാളുടെ ശരിക്കുള്ള പേര് എന്താണെന്നോ , ഏതു സംസ്ഥാനത്ത് നിന്നും ഉള്ള ആളനെന്നോ, അയാളുടെ പരിചയക്കരെയോ, അയാളുടെ ഫോണ്‍ നമ്പരോ, ഫോട്ടോയോ ഒന്നും ആര്ക്കും അറിയുമായിരുന്നില്ല. നാട്ടുകാരിൽ ചിലര് അയാളെ കണ്ടിട്ടുണ്ട് എന്നതല്ലെതെ മറ്റൊന്നും ആർക്കും അറിയില്ലായിരുന്നു. നരേന്ദ്ര എന്നാണ് പേര് എന്ന് ആരോ പറഞ്ഞെങ്കിലും അത് തെറ്റായ പേരായിരുന്നുവെന്ന് പിന്നീടു തെളിഞ്ഞു.
ഒടുവിൽ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ഓഫീസിലെ സിനിയര്‍ സി.പി.ഒ രാജേഷ് മണിമല കുറ്റവാളിയുടെ രേഖ ചിത്രം, അയാളെ മുൻപ് കണ്ടിട്ടുള്ളവരുടെ വർണയിൽ നിന്നും വരച്ചുണ്ടാക്കി . ആ പടം മാത്രം കൈയിൽ വച്ചുകൊണ്ടാണു പോലീസ് അന്വേഷണം ആരംഭിക്കുന്നത് .
എന്തായാലും അഞ്ചാം ദിവസം കുറ്റവാളിയെ ഏകദേശം മൂവായിരം കിലോമീറ്ററുകൾക്ക് അപുറത്തു നിന്നും പിടികൂടിയപ്പോൾ അത് കുറ്റാന്വേഷണ ചരിത്രത്തിലെ ഒരു നാഴികകല്ലായി.
സംഭവസ്‌ഥലത്തു നിന്നു കാണാതായ മൊബൈല്‍ ഫോണുകളിലൊന്നു കൊല്ലത്തുള്ളതായി സൈബര്‍ സെല്ലിനു സിഗ്നല്‍ ലഭിച്ചതോടെ പോലീസ് ജഗരൂഗരായി .. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൊബൈല്‍ സിഗ്നല്‍ തെക്കു നിന്നു വടക്കോട്ടു നീങ്ങുന്നതായി കണ്ടെത്തി. കന്യാകുമാരി – മുംബൈ ജയന്തി ജനത എക്‌സ്‌പ്രസ് ട്രെയില്‍ സഞ്ചരിക്കുന്ന അതേ ദിശയിലാണു മൊബൈല്‍ സിഗ്നലും പോകുന്നതെന്നു മനസിലായതോടെ സ്‌പെഷല്‍ സ്‌ക്വാഡിലെ നാലു പോലീസുകള്‍ എസ്.ഐ. വര്‍ഗീസിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരിയില്‍ നിന്നു ട്രെയിനില്‍ കയറി പരിശോധന ആരംഭിച്ചു.
ട്രെയിന്‍ മുംബൈയില്‍ എത്തുന്നതു വരെ പോലീസ് പലതവണ യാത്രക്കാരെയും ലഗേജും അരിച്ചുപെറുക്കിയെങ്കിലും നരേന്ദ്രറിനെയോ മൊബൈല്‍ ഫോണോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ, ഈ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെ്‌തു.
ട്രെയിന്‍ മുംബൈയിലെത്തിയപ്പോള്‍ യാത്രക്കാരെ ഇറക്കി വിശദമായി പരിശോധന നടത്തിയെങ്കിലും മൊബൈല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നു നരേന്ദ്രര്‍ പുതുതായെടുത്ത മൊബൈലിന്റെ സിഗ്നല്‍ മുംബൈയില്‍ നിന്നു ഫിറോസ്‌ബാദിലേക്കുള്ള ട്രെയിനില്‍ നിന്നു ലഭിച്ചതോടെ പോലീസു പിന്നാലെ കൂടി. ഇതേസമയം ജില്ലാ കലക്‌ടര്‍ തെരഞ്ഞെടുപ്പു കമ്മീഷനില്‍ ബന്ധപ്പെട്ടു ഇയാളുടെ യഥാര്‍ഥ മേല്‍വിലാസം സംഘടിപ്പിച്ചതിനെത്തുടര്‍ന്നു പാമ്പാടി സി.ഐ. സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘം ഫിറോസാബാദിലേക്കു പുറപ്പെട്ടു.
രണ്ടു സംഘങ്ങളും ഫിറോസാബാദില്‍ സംഗമിച്ചു യു.പി. പോലീസിന്റെ സഹകരണത്തോടെ അന്വേഷിക്കുകയും പ്രതി താമസിക്കുന്ന സ്‌ഥലം കണ്ടെത്തുകയും ചെയ്‌തു. ചേരിപ്രദേശമായതിനാല്‍ രാത്രിയില്‍ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതു സംഘര്‍ഷത്തിനു കാരണമാകുമോയെന്ന സംശയത്താല്‍ സ്‌ഥലം നിരീക്ഷണത്തിലാക്കി പോലീസ് പിന്‍വാങ്ങി.
അടുത്ത ദിവസം രാവിലെ കൂടുതല്‍ യു.പി. പോലീസിന്റെ സഹായത്തോടെ വീടു വളയുകയായിരുന്നു.
പോലീസെത്തിയതോടെ നരേന്ദ്രര്‍ പുറത്തേക്കോടിയെങ്കിലും പോലീസ് പിന്നാലെ ഓടി ഇയാളെ കീഴ്‌പ്പെടുത്തി. പിന്നീട്‌് വീടു പരിശോധിക്കുകയും തൊണ്ടിമുതലുകള്‍ കണ്ടെത്തുകയുമായിരുന്നു. ചോദ്യം ചെയ്‌തു നിമിഷങ്ങള്‍ക്കകം ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്‌തു.
മോഷണത്തിനു വേണ്ടിയായിരുന്നു കൊലപാതകമെന്നും ആദ്യമായാണു കേരളത്തില്‍ എത്തിയതെന്നുമാണു പോലീസിനോടു പറഞ്ഞത്.
തുടര്‍ച്ചയായ നാലു ദിവസവും യാത്ര, ഒരു ജോഡി വസ്‌ത്രം പോലും അധികമില്ലാത്ത അവസ്‌ഥ, ഒപ്പം കാലാവസ്‌ഥയിലെ വെല്ലുവിളികളും. പ്രതിയെ പിടികൂടാന്‍ ഫിറോസാബാദിലേക്കു പുറപ്പെട്ട സംഘത്തിനു കഠിനമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നിരുന്നു.
പ്രതിയുടെ ഫോണ്‍ ജയന്തി ജനത എക്‌സ്‌പ്രസിലുണ്ട്, നിങ്ങള്‍ ചങ്ങനാശേരിയില്‍ നിന്നു കയറിക്കോളൂ എന്ന നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് എസ്.ഐ. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം ട്രെയിനില്‍ കയറുന്നത്. കോട്ടയത്തെത്തുമ്പോള്‍ ഇറങ്ങാമെന്ന ധാരണയില്‍ യാത്ര തുടങ്ങിയ സംഘം നാലാം ദിവസം ഫിറോസാബാദിലാണ് യാത്ര അവസാനിപ്പിച്ചത്.
പല്ലു തേയ്‌ക്കാന്‍ ബ്രെഷോ, മാറാന്‍ മറ്റൊരു ജോഡി വസ്‌ത്രങ്ങളോ ഇല്ലാതായാണു സംഘം യാത്ര തുടങ്ങുന്നത്. മുംബൈയിലെത്തിയപ്പോഴാണു സംഘാംഗങ്ങള്‍ വസ്‌ത്രം വാങ്ങുന്നത്.വസ്‌ത്രം വാങ്ങാന്‍ കടയില്‍ നില്‍ക്കുമ്പോഴാണ് ഫിറോസാബാദിനുളള ട്രെയിനില്‍ കയറാന്‍ നിര്‍ദേശം ലഭിക്കുന്നത്. മുംബൈയില്‍ നിന്നു ഫിറോസാബാദിലേക്കുള്ള യാത്രയായിരുന്നു കഠിനമെന്നു സംഘാംഗങ്ങള്‍ പറഞ്ഞു.
ഫിറോസാബാദിലെ പകല്‍താപനില 44 ഡിഗ്രി സെല്‍ഷ്യസായിരുന്നു. തുടര്‍ച്ചയായ യാത്രയും കഠിനമായ ചൂടും മൂലം ക്ഷീണിച്ചവശരായ നിലയിലാണ് ഇവര്‍ പ്രതിയെ പിടികൂടാനെത്തിയത്.എങ്കിലും മേലുദ്യോഗസ്‌ഥര്‍ പകര്‍ന്നു നല്‍കിയ ആത്മവിശ്വാസവും അന്വേഷണം വിജയത്തിലേക്കു നീങ്ങുന്നതിന്റെ സന്തോഷവും ഇവരുടെ ക്ഷീണമെല്ലാം അകറ്റിയിരുന്നു.
മേലിലും ഇവർക്ക് നാടിന്റെ സുരക്ഷയ്ക്ക് ഉതകുന്ന രീതിയിൽ കൂടുതൽ സാഹസികമായ സംരംഭങ്ങളിൽ പങ്കെടുത്തു വിജയം കൈവരിക്കുമാറാട്ടെ എന്ന് ആശംസിക്കുന്നു…