കൊടുങ്കാറ്റിൽ തകർന്ന വീട്ടിനുള്ളിൽ കൈക്കുഞ്ഞുമായി മനക്കരുത്തോടെ മേബിൾ സനോജ് ….
May 7, 2020
കാഞ്ഞിരപ്പള്ളി : മൂളിയെത്തിയ ശക്തമായ കാറ്റ്, ചാറ്റൽ മഴയെ തൂത്തെടുത്തുകൊണ്ടുപോയപ്പോൾ തന്നെ, മേബിൾ അപകടം മണത്തു കഴിഞ്ഞിരുന്നു . ഓടി വീടിനുള്ളിൽ കയറിയതും, അതിശക്തമായ ചുഴലിക്കാറ്റ് വലിയ മൂളലോടെ വീടിനോട് ഏറെ അടുത്തിരുന്നു. വീടിന്റെ ദിശയിൽ വഴിയിൽ നിന്നിരുന്ന മരങ്ങൾ പിഴുതെടുത്തുകൊണ്ടു പാഞ്ഞെത്തിയ കാറ്റ്, മറിച്ചിട്ട ഒരു വൻമരം മേബിളിന്റെ വീടിന്റെ മുറ്റത്തേക്ക് പിടർന്നു വീണു. ഒരു വയസ്സ് മാത്രം പ്രായമുള്ള ഹാഡ്‌വിൻ എന്ന കുഞ്ഞോമനയെ മാറിലൊതുക്കി, ഏഴ് വയസ്സുകാരി ഹന്നയെ കൈയിൽ എടുത്തുകൊണ്ടു വീടിന്റെ അകത്തേക്ക് മേബിൾ ഓടിക്കയറി. വീടിനു ചുറ്റും നിരവധി മരങ്ങൾ നിരനിരയായി പിടർന്നു വീഴുന്ന ശബ്ദത്തിൽ, ഏതു നിമിഷവും തന്റെ വീടും തകർത്തുകൊണ്ടൊരു മരം വീണേക്കും എന്ന ഭീതിയിൽ, അകത്തു നിൽക്കണോ, പുറത്തേക്കോടണോ എന്നറിയാതെ മേബിൾ രണ്ടു കുഞ്ഞുങ്ങളെയും കെട്ടിപിടിച്ചു വീടിന്റെ വരാന്തയിൽ പകച്ചു നിന്നു.
പെട്ടെന്നാണ് വീട് തകർത്തുകൊണ്ട് അടുത്ത് നിന്നിരുന്ന തേക്കുമരം മറിഞ്ഞു വീണത്. ആ സമയത്തു അകത്തെ മുറിയിൽ നിന്നും, വരാന്തയിലേക്ക് കുഞ്ഞുങ്ങളുമായി ഇറങ്ങിനിന്നതിനാൽ വൻ ദുരന്തത്തിൽ പെട്ടില്ല, തൊട്ടുമുമ്പിൽ തന്റെ പ്രിയപ്പെട്ട വീട് തകരുന്നത് നോക്കിക്കണ്ട ഏഴ് വയസ്സുകാരി ഹന്നമോൾ ഞെട്ടിവിറച്ചു. ആ ഷോക്കിൽ നിന്നും കുട്ടി ഇതുവരെയും മോചിതയായില്ല.
കൂവപ്പള്ളി കൂരംതൂക്ക് കൊച്ചുപൂവത്തുംമൂട്ടിൽ സനോജ് ജേക്കബ്ബിന്റെ ഭാര്യ മേബിൾ സനോജും രണ്ടു കുഞ്ഞുങ്ങളുമാണ് ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപെട്ടത്. അപകടം ഉണ്ടായ സമയത്തു വീട്ടിൽ മേബിളും രണ്ടു കുഞ്ഞുങ്ങളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ദുബായിൽ പ്രവാസിയായ സനോജ് , ആ സമയത്ത് വീടിന്റെ പുറത്തുപോയതായിരുന്നു. വെറും നാല് മിനിറ്റുകൾക്കുള്ളിൽ എല്ലാം തകർത്തുകൊണ്ട് കാറ്റ് കടന്നുപോവുകയും, പ്രദേശമാകെ ശാന്തമാവുകയും ചെയ്തു.
സനോജിന്റെ വീട് തകർന്ന വിവരം, തൊട്ടടുത്ത് താമസിക്കുന്നവർ പോലും ആ സമയത്തു അറിഞ്ഞിരുന്നില്ല. ആ ചുഴലി കാറ്റിൽ അടുത്ത പറമ്പിലെ ഒരു കമ്പുപോലും ഒടിഞ്ഞു വീണില്ല. അതിശക്തമായ കാറ്റ് ഒരു പ്രതേക ദിശയിൽ കൂടി വഴിയിൽ കണ്ടതെല്ലാം തകർത്തുകൊണ്ട് രൗദ്രഭാവം പൂണ്ട് സർവ്വസംഹാരിണിയായി കടന്നുപോവുകയായിരുന്നു.
അപ്രതീക്ഷിതമായി വീശിയടിച്ച ചുഴലിക്കാറ്റിൽ കൂവപ്പള്ളി, കൂരംതൂക്ക്, കാരികുളം, ഇടക്കുന്നം മേഖലയിലെ നിരവധി കൃഷിയിടങ്ങളും, വീടുകളും മറ്റും തകർന്നു. നിരവധി റബർ മരങ്ങൾ ഒടിഞ്ഞും ആഞ്ഞിലി, തേക്ക്, പ്ലാവ് തുടങ്ങിയ വൻമരങ്ങൾ കടപുഴകിയും വീണു. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞും ലൈനുകൾ പൊട്ടിയും വൈദ്യുതി ബന്ധം തകരാറിലായി. മേഖലയിലെ റോഡുകളിലേക്കു മരങ്ങൾ വീണു ഗതാഗത തടസമുണ്ടായി.
വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തി. പോലീസും, ഫയർ ഫോഴ്‌സും, ജനപ്രതിനിധികളും, താലൂക്, പഞ്ചായത്ത്, വില്ലജ് അധികാരികളും, സന്നദ്ധപ്രവർത്തകരും ഓടിയെത്തി ആവശ്യമുള്ള സഹായങ്ങൾ നൽകി.