ഫാ. വടക്കേമുറി
പമ്പാവാലിക്കാർക്ക് മാത്രമല്ല അടുത്തറിഞ്ഞവർക്കാർക്കും മറക്കാനാകില്ല വടക്കേമുറിയച്ചനെ…ഇന്നത്തെ ദിവസം പോലെ ഒരു ആഗസ്ത് 15 നായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം. പക്ഷെ അദ്ദേഹം ജനിക്കുമ്പോൾ രാജ്യം സ്വാതന്ത്ര്യം നേടിയിരുന്നില്ല. അതായത് രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് ആറു വർഷം മുമ്പ് 1941 ആഗസ്ത് 15 നാണ് മാത്യു വടക്കേമുറിയുടെ ജനനം. രാജ്യം സ്വാതന്ത്രമായിക്കഴിഞ്ഞ് ഓരോ സ്വാതന്ത്ര്യ ദിനവും വടക്കേമുറി അച്ഛന് തന്റെ ജന്മദിനം കൂടിയായിരുന്നു. ജോസഫ് – മറിയം ദമ്പതിമാരുടെ എട്ട് മക്കളില്‍ മൂത്ത ആണ്‍കുട്ടിയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 1967 ഡിസംബര്‍ 18നാണ് പൗരോഹിത്യം സ്വീകരിച്ചത്.ചെകുത്താൻ തോട് എന്ന പേരിലറിയപ്പെട്ട പമ്പാവാലിയുടെ തീരപ്രദേശത്തിന് മാലാഖയുടെ താഴ്‌വര എന്നർത്ഥം ഉള്ള എയ്ഞ്ചൽവാലി എന്ന പേര് നൽകിയത് ഫാ. വടക്കേമുറി ഇവിടെ വൈദികനായി എത്തിയ ശേഷമാണ്. മാലാഖയുടെ നാട് പോലെ പമ്പാവാലിയെ ദൈവത്തിന്റെ സ്വന്തം നാടാക്കി അദ്ദേഹം മാറ്റി. കർഷകരെ ഒന്നിച്ചു നിർത്തി, ഒപ്പം നാടിനെയും ചേർത്തുനിർത്തി… വെട്ടവും വഴിയും വരുമാനവും വികസനവും പമ്പാവാലിക്ക് കൊണ്ടുവന്നു നൽകി ആ വൈദികൻ.പമ്പയാറിനെ തടഞ്ഞു നിർത്താതെ തന്നെ അതിന്റെ ഒഴുക്കിൽ ഉലയാത്ത പാലം അദ്ദേഹം നാട്ടുകാരെക്കൊണ്ട് കെട്ടിപ്പൊക്കിയതാണ് ആദ്യ ജനകീയ പാലം. വൈദ്യുതി ഇല്ലാതിരുന്ന പമ്പാവാലിക്ക് വൈദ്യുതി നൽകി വെളിച്ച വിപ്ലവം സൃഷ്‌ടിച്ചതും അദ്ദേഹമാണ്. നദിയിലെ വെള്ളത്തിൽ കറക്കിയെടുത്ത ഊർജത്തിലൂടെയായിരുന്നു ഓരോ വീട്ടിലും ഓരോ ബൾബ് വീതം അന്ന് പ്രകാശിച്ചത്. തുലാപ്പള്ളി പ്രദേശത്ത് ജനപങ്കാളിത്തത്തോടെ രൂപം നല്‍കിയ ഈ വെളിച്ച പദ്ധതി മലനാട് ജനകീയജലവൈദ്യുത പദ്ധതി എന്ന പേരിലാണറിയപ്പെടുന്നത്. റബർ പാലൊഴിച്ച് റോഡ് ടാർ ചെയ്ത ചരിത്രം പമ്പാവാലിയെ പതിറ്റാണ്ടുകൾക്ക് മുമ്പ് സംസ്ഥാനത്ത് ശ്രദ്ധേയമാക്കിയതാണ്. അതിന്റെയും ശില്പി ഈ വൈദികനായിരുന്നു. 1991ല്‍ അദ്ദേഹം മുന്‍കൈ എടുത്ത് നിര്‍മ്മിച്ച 12.5 കിലോമീറ്റര്‍ വരുന്ന പമ്പാ ലിങ്ക് റോഡ് അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റബ്ബറൈസ്ഡ് റോഡായിരുന്നു.മെഴുകുതിരി നിർമാണം, തേനീച്ച കൃഷി, പാൽ നിർമാണ യുണിറ്റ്, ബയോഗ്യാസ്, അങ്ങനെ ഒട്ടേറെ തൊഴിൽ സംരംഭങ്ങൾ. അതിലൊക്കെ നാനാജാതി മതസ്ഥർ പങ്കാളികളായി. ജാതിമത വ്യത്യാസങ്ങളില്ലാതെ ഒരു നാടിന്റെ വഴികാട്ടിയായിരുന്നു അദ്ദേഹം. 1993ല്‍ വടക്കേമുറിയച്ചന്‍ രൂപം നല്‍കിയ സസ്റ്റെയ്‌നബിള്‍ ഡെവലപ്‌മെന്‍റ് ഏജന്‍സി (എസ്. ഡി. എ.) യുടെ നേത്യത്വത്തില്‍ 64000ല്‍ പരം ബയോഗ്യാസ് പ്ലാന്‍റുകളാണ് തെക്കേ ഇന്ത്യയില്‍ നിര്‍മ്മിച്ചത്.1993 ല്‍ ആരംഭിച്ച മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി, 1998ല്‍ പാറത്തോട്ടില്‍ ആരംഭിച്ച കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യ പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് ആയിരുന്നു. ഇന്‍ഫാം എന്ന കർഷക പ്രസ്ഥാനത്തിന്റെ സ്ഥാപക ചെയര്‍മാനും മലനാട് ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷന്റെ സ്ഥാപക സെക്രട്ടറിയുമായിരുന്ന ഫാ. മാത്യു വടക്കേമുറി 71-ാമത്തെ വയസിലാണ് അന്തരിച്ചത്. 2012 മെയ് 20ന് മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ വാഴക്കുളത്ത് വെച്ച് ഫാ. മാത്യു വടക്കേമുറി ഓടിച്ച ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കൈകള്‍ക്കും കാലിനും ഒടിവ് സംഭവിക്കുകയും ശ്വാസനാളത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.കേന്ദ്ര കാര്‍ഷിക മന്ത്രാലയം ബീ ബോര്‍ഡ് രൂപവത്കരിച്ചപ്പോള്‍ മെമ്പറായി അദ്ദേഹത്തെ തിരഞ്ഞെടുത്തു, 1991ല്‍ എ.കെ.സി.സി.യുടെ സിറിയക് കണ്ടത്തില്‍ അവാര്‍ഡ്, 2001ല്‍ ഗാന്ധിഗ്രാം അവാര്‍ഡ്, 2002ല്‍ കേരളസഭാതാരം അവാര്‍ഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു