എരുമേലി വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ അനുകൂല നിലപാട് , വീണ്ടും പ്രതീക്ഷയുടെ ചിറകടി ശബ്ദം..
എരുമേലി : ശബരിമല വിമാനത്താവള പദ്ധതി യാഥാര്‍ഥ്യമാകേണ്ടതാണെന്നു ബിജെപി എംപി ടി.ജി.വെങ്കിടേഷ് അധ്യക്ഷനായ പാർലമെന്റിന്റെ ഗതാഗത, ടൂറിസം സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. എരുമേലി വിമാനത്താവളം തീർത്ഥാടക ടൂറിസത്തിനു വളർച്ചയുണ്ടാക്കുമെന്ന് സമിതി വിലയിരുത്തി. അതോടെ എരുമേലി വിമാനത്താവളം യാഥാർഥ്യമാകുന്നതിന് സാധ്യതയേറി.
പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കുന്നതിന് വ്യോമ, പ്രതിരോധ മന്ത്രാലയങ്ങൾ കെഎസ്ഐഡിസിയുമായി ചർച്ച നടത്തണം. തിരുവനന്തപുരം, കൊച്ചി ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാൻ ടൂറിസം മന്ത്രാലയം മുന്നോട്ടുവരണമെന്നും സമിതി നിർദേശിച്ചു.
എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളത്തിന് അനുമതി തേടി കെഎസ്ഐഡിസി 2020 ജൂണിൽ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പദ്ധതിക്കായി വ്യോമസേനയുടെ ‘സൈറ്റ് ക്ലിയറൻസ്’ ലഭിച്ചിട്ടുണ്ട്. മറ്റു നടപടികൾ പൂർത്തിയായിട്ടില്ല. മാത്രമല്ല, സാമ്പത്തിക, സാങ്കേതിക സാധ്യതാ പഠന റിപ്പോർട്ട് ഡിസംബറിൽ നൽകാമെന്ന് കെഎസ്ഐഡിസി അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
42 രാജ്യങ്ങളിൽ നിന്നായി പ്രതിവർഷം 3 കോടി തീർഥാടകരാണ് ശബരിമലയിൽ എത്തുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലക്കാരായ 5 ലക്ഷം പേർ വിദേശരാജ്യങ്ങളിൽ പ്രവാസികളായുണ്ട്. മൂന്നാർ , തേക്കടി, കുമരകം തുടങ്ങിയ സ്ഥലങ്ങളിലേക്കു ധാരാളം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളും എത്തുന്നുണ്ട്. ഇവർക്കെല്ലാം എരുമേലി വിമാനത്താവളം പദ്ധതി ഏറെ പ്രയോജനപ്പെടും എന്നുറപ്പാണ്.
എരുമേലി–പത്തനംതിട്ട സംസ്ഥാന പാതയിൽ, എരുമേലിയിൽനിന്നു 3 കിലോമീറ്റർ അകലെയാണു ചെറുവള്ളി എസ്റ്റേറ്റ്. ജനവാസം കാര്യമായി ഇല്ലാത്തതിനാൽ കുടിയൊഴിപ്പിക്കൽ പോലുള്ള നടപടികളും പ്രതിസന്ധി സൃഷ്ടിക്കാനിടയില്ല.
2262 ഏക്കറിൽ വിശാലമായ ചെറുവള്ളി എസ്റ്റേറ്റ് കേരളത്തിനു മുന്നിൽ വയ്ക്കുന്നതു പുതിയ വികസന സാധ്യതയാണ് . രാജ്യാന്തര വിമാനത്താവള നിർമാണത്തിന് 1000 ഏക്കർ സ്ഥലം മതിയെന്നാണു പ്രാഥമിക പഠനത്തിൽ പറയുന്നത്. ബാക്കി സ്ഥലവും വിമാനത്താവള അനുബന്ധ വികസനത്തിനു സഹായമാകും.