കുളത്തിൽനിന്ന് വെള്ളമെടുത്ത് വിൽപ്പന; കിണറുകൾ വറ്റുന്നു
ചിറക്കടവ്: സ്വകാര്യ പുരയിടത്തിൽ കൃഷിയാവശ്യത്തിന് കൃഷിവകുപ്പിന്റെ ആനുകൂല്യത്തോടെ നിർമിച്ച കുളത്തിൽനിന്നുള്ള അനധികൃത വെള്ളവിൽപ്പന ചിറക്കടവിലെ കിണറുകൾ വറ്റാൻ കാരണമാകുന്നുവെന്ന് പരാതി. നേരത്തേ പരാതി ഉയർന്നതിനെ തുടർന്ന് നിർത്തിവെച്ച കുടിവെള്ള വിൽപ്പന ഇപ്പോൾ വൻതോതിൽ പുനരാരംഭിച്ചു.
ഇതോടെ സമീപ വീടുകളിലെ കിണറുകളെല്ലാം വറ്റിവരണ്ടുതുടങ്ങി.
പ്രതിദിനം അൻപതിനായിരം ലിറ്ററിലേറെ വെള്ളമാണ് ടാങ്കറുകളിൽ കൊണ്ടുപോകുന്നത്. ടാങ്കറുകളുടെ തുടർച്ചയായ ഓട്ടം പ്രദേശത്തെ രണ്ട് പ്രൈമറി സ്‌കൂളുകളിലെ കുട്ടികളുടെ സുരക്ഷിതയാത്രയെയും ബാധിക്കുന്നുണ്ട്. സ്‌കൂളുകളോട് ചേർന്നുള്ള റോഡിലൂടെയാണ് ടാങ്കറുകളുടെ ഓട്ടം.
പ്രദേശത്ത് ജലക്ഷാമത്തിന് കാരണമാകുന്ന വെള്ളമൂറ്റ് നിർത്തണമെന്നാവശ്യപ്പെട്ട് വീണ്ടും പ്രദേശവാസികൾ പോലീസിനും ജില്ലാഭരണകൂടത്തിനും പരാതി നൽകി.