ശബരിമല വിമാനത്താവള റൺവേക്ക് അനുയോജ്യമായ 6 സ്ഥലങ്ങൾ ചെറുവള്ളി എസ്റ്റേറ്റിൽ കണ്ടെത്തി
കോട്ടയം∙ നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ റൺവേക്ക് അനുയോജ്യമായി 6 സ്ഥലങ്ങൾ ചെറുവള്ളി എസ്റ്റേറ്റിൽ കണ്ടെത്തി. മൂന്നു കിലോമീറ്ററിലേറെ നീളമുള്ളതാണ് ഇവയെല്ലാം. വിമാനം സുഗമമായി ഇറങ്ങുന്നതിനും പറന്നുയരുന്നതിനും മറ്റു തടസ്സങ്ങളുണ്ടോ എന്നു കണ്ടെത്തുന്നതിന് ഈ സ്ഥലങ്ങളിൽ ‘ഒബ്സ്റ്റക്കിൾ ലിമിറ്റേഷൻ സർഫസ്’ (ഒഎൽഎസ്) സർവേ ആരംഭിച്ചു. ഒഎൽഎസ് സർവേ കൂടി അനുകൂലമായാൽ ഈ സ്ഥലങ്ങളിൽ ഏറ്റവും അനുയോജ്യമായവയുടെ പട്ടിക തയാറാക്കും. വിമാനത്താവളം കൺസൽറ്റിങ് ഏജൻസി ലൂയി ബഗ്‌റാണ് റൺവേക്ക് അനുയോജ്യമായ ഭൂമിക്കായി സർവേ നടത്തുന്നത്. ചെന്നൈയിലെ ജിയോ എഡി എന്ന ഏജൻസിയാണ് ഒഎൽഎസ് സർവേ നടത്തുന്നത്.
മുൻപ് 2.7 കിലോമീറ്റർ നീളമുള്ള ഭൂമി റൺവേക്കായി കണ്ടെത്തിയിരുന്നു. എന്നാൽ രാജ്യാന്തര വിമാനത്താവളങ്ങൾക്ക് ചുരുങ്ങിയത് മൂന്നു കിലോമീറ്റർ എങ്കിലും നീളമുള്ള റൺവേ വേണം. നിലവിൽ കേരളത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ മാത്രമാണ് 2.7 കിലോമീറ്റർ നീളമുള്ള റൺവേയുള്ളത്. കരിപ്പൂരിൽ രണ്ടു വർഷം മുൻപുണ്ടായ അപകടത്തെ തുടർന്ന് റൺവേയുടെ നീളം പോരെന്ന് ആക്ഷേപവും ഉയർന്നിരുന്നു. ഇക്കാരണത്താൽ 3.5 കിലോമീറ്റർ എങ്കിലും നീളമുള്ള റൺവേ കണ്ടെത്താൻ സ്പെഷൽ ഓഫിസർ വി.തുളസീദാസ് കൺസൽറ്റിങ് ഏജൻസിക്കു നിർദേശം നൽകി.
വിമാനം ഇറങ്ങുമ്പോഴും പറന്നുയരുമ്പോഴും കാഴ്ചയ്ക്കും മറ്റും തടസ്സമുണ്ടാക്കുന്ന മലകൾ, കെട്ടിടങ്ങൾ, വൈദ്യുതി ടവർ ലൈനുകൾ എന്നിവ ഉണ്ടോ എന്നാണ് ഒഎൽസ് സർവേയിൽ പരിശോധിക്കുന്നത്. ഇതിനു പുറമേ വിമാനത്താവളത്തിന്റെ പാരിസ്ഥിതിക ആഘാത പഠനത്തിനും സ്പെഷൽ ഓഫിസർ നിർദേശം നൽകി.