KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റിസിന്റെ തിരുശേഷിപ്പ് പ്രയാണത്തിന് കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ പള്ളികളിൽ ഉജ്ജ്വല സ്വീകരണം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ പള്ളികളിൽ ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റിസിന്റെ തിരുശേഷിപ്പ് പ്രയാണം തുടരുന്നു. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള 147 ഇടവകകളിലായി നാല് മാസം നീളുന്ന പ്രയാണമാണ് നടന്നുകൊണ്ടിരിക്കുന്നത് . ഇതിനോടനുബന്ധിച്ച് എല്ലാ ഇടവകകളിലും കാർലോ കാർണിവൽ എന്ന യുവജന സംഗമം നടക്കുന്നുണ്ട്.

കോവിഡ് ലോക്ക് ഡൗണിൽ രണ്ടുവർഷത്തോളം, ദേവാലയങ്ങൾ അടച്ചിട്ടതു മൂലം, വിശ്വാസ തീഷ്ണതയിൽ മന്ദത അനുഭവപ്പെട്ട യുവജനങ്ങളെ വിശ്വാസത്തിന്റെ തീഷ്ണതയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ഈ പ്രയാണം ഏറെ ഉപകരിക്കുമെന്ന് എസ്എംവൈഎം ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ പറഞ്ഞു .

കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ വാഴ്ത്തപ്പെട്ട കാർലോ അക്വിറ്റിസിന്റെ തിരുശേഷിപ്പ് പ്രയാണത്തിന് പൊൻകുന്നം ഫൊറോനായുടെ കീഴിലുള്ള ഇളങ്ങുളം സെന്റ് മേരീസ് പള്ളിയിലാണ് തുടക്കം കുറിച്ചത്. . രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ തിരുശേഷിപ്പ് ഏറ്റുവാങ്ങി യുവജനങ്ങൾക്കായി സമർപ്പിച്ചു. തുടർന്ന് പൊൻകുന്നം ഫെറോന പള്ളിയുടെ കീഴിലുള്ള വിവിധ പള്ളികളിൽ കൂടി പ്രയാണം പൂർത്തിയാക്കിയതിനു ശേഷം , കാഞ്ഞിരപ്പള്ളി ഫൊറോനയിലെ വിവിധ പള്ളികളിലൂടെ പ്രയാണം തുടരുന്നു.

ആധുനിക ലോകത്തിൽ ജീവിച്ച് വിശുദ്ധിയിലേക്ക് വളർന്ന കാർലോ അക്വിറ്റിസിന്റെ ജീവിതത്തിൽ നിന്ന് മാതൃക ഉൾക്കൊണ്ട് ‌ യുവജനങ്ങൾ പ്രേഷിത തീക്ഷ്ണതയിൽ വളരുന്നവരാകണമെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. 147 ഇടവകകളിലായി നാല് മാസം നീളുന്ന പ്രയാണത്തിനാണ് തുടക്കം കുറിച്ചത്. ഇതിനോടനുബന്ധിച്ച് എല്ലാ ഇടവകകളിലും കാർലോ കാർണിവൽ എന്ന യുവജന സംഗമം നടക്കും.

15 വർഷം ജീവിച്ച കാർലോയുടെ ജീവിതത്തിന്‍റെ പ്രതീകമായി എല്ലാ ഇടവകകളിലും 15 ദിവസം നീളുന്ന ആധ്യാത്മിക പരിശീലന പരിപാടികളും ഇതോടൊപ്പം നടക്കും.
“ഇന്റർനെറ്റിന്റെ മധ്യസ്ഥൻ’ എന്നറിയപ്പെടുന്ന കാർലോ അക്വിറ്റിസ് ലുക്കീമിയ ബാധിച്ച് പതിനഞ്ചാം വയസ്സിൽ മരണപ്പെട്ടിരുന്നു. 1991 മേയ് 2നാണ് കാർലോ അക്വിറ്റിസ് ജനിച്ചത്. 2006 ഒക്ടോബർ 12നാണ് ലുക്കീമിയയെത്തുടർന്ന് കാർലോ അക്വിറ്റിസ് മരണത്തിനു കീഴടങ്ങിയത്.
സമീപകാലത്ത് ജീവിച്ചിരുന്നവരിൽ നിന്നും കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവനാക്കിയ പ്രായം കുറഞ്ഞ വ്യക്തിയാണ് കാ‍ര്‍ലോ അക്വിറ്റിസ്. അക്വിറ്റിസിന്റെ മധ്യസ്ഥതയാൽ ബ്രസീലിൽ നിന്നുള്ള ഏഴ് വയസുകാരന്റെ പാൻക്രിയാസിനുണ്ടായ അസുഖവും കൂടാതെ മറ്റൊരു സ്ത്രീയുടെ കാൻസർ രോഗവും സൗഖ്യപ്പെടുത്തിയെന്നാണ് സാക്ഷ്യപെടുത്തിയിരിക്കുന്നത്.

“ഇന്റർനെറ്റിന്റെ മധ്യസ്ഥൻ എന്നാണ് കാർലോ അക്വിറ്റിസ് അറിയപ്പെടുന്നത്. ക്രിസ്തുവിന്റെ ദിവ്യാത്ഭുതങ്ങൾ പട്ടികപ്പെടുത്തുകയും അതിനായി ചെറിയ പ്രായത്തിൽ തന്നെ അക്വിറ്റിസ് വെബ്സൈറ്റ് നിർമ്മിക്കുകയും ചെയ്തു. ഇതിനായി സ്കൂൾ പഠനകാലത്ത് യൂണിവേഴ്സിറ്റി പുസ്തകങ്ങൾ ഉപയോഗിച്ച് കോഡിങ് പഠിക്കുകയും വീഡിയോ എഡിറ്റിങ്ങും ആനിമേഷനും പഠിച്ചു. ബൈബിളിന്റെ പ്രചാരണത്തിനായി ഇന്റർനെറ്റ് ഉപയോഗിച്ചു.

error: Content is protected !!