ചിറക്കടവ് എസ്ആർവി സ്കൂളിന് പുതിയ മന്ദിരം :മൂന്നര കോടി രൂപ ചിലവഴിച്ച് അത്യാധുനിക നിലവാരത്തിൽ പണിത മന്ദിരത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച ..
പൊൻകുന്നം : ചിറക്കടവ് എസ്ആർവി എൻഎസ്എസ് വിഎച്ച്എസ് സ്കൂളിൽ പുതിയതായി പണികഴിപ്പിച്ച സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും.സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.മൂന്നര കോടി രൂപ ചിലവഴിച്ച് അത്യാധുനിക നിലവാരത്തിൽ ഇരു നിലകളിലായാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഉദ്ഘാടന സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.
എൻഎസ്എസ് യൂണിയൻ പ്രസിഡൻ്റ് അഡ്വ.എം എസ് മോഹൻ മന്നത്തു പത്മനാഭൻ്റെ പ്രതിമ അനാഛാദനം ചെയ്യും. ആന്റോ ആന്റണി എംപി, സി കെ ആശ എംഎൽഎ, ജെ പ്രമീളാദേവി, ശശികല എസ് നായർ, പി സതീശ് ചന്ദ്രൻ നായർ, സി ആർ ശ്രീകുമാർ, റ്റി എൻ ഗിരീഷ് കുമാർ, എൻ സുജയ, പി എൻ ദാമോദരൻ പിള്ള എന്നിവർ വിവിധ ഉദ്ഘാടനങ്ങൾ നിർവ്വഹിക്കുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
1957ൽ ആദ്യ ഇഎംഎസ് മന്ത്രി സഭയുടെ കാലത്ത് ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് സ്കൂൾ അനുവദിക്കപ്പെട്ടത്.തുടർച്ചയായി എസ്എസ്എൽസി പരീക്ഷയിൽ 100% വിജയവും കാഞ്ഞിരപ്പള്ളി സബ് ജില്ലാ കലോൽസവങ്ങളിൽ ചാമ്പ്യൻഷിപ്പും നേടി മികവിൻ്റെ കേന്ദ്രമായി പ്രവർത്തിച്ച് വരുന്ന സ്കൂളിന് പുതിയ മന്ദിരം യാഥാർത്ഥ്യമായിരിക്കുകയാണ്. മൂന്നര കോടി രൂപ വിനിയോഗിച്ച് 20000 സ്ക്വയർ ഫീറ്റിൽ ഇരുനിലകളായി നിർമ്മിച്ചിരിക്കുന്ന പുതിയ മന്ദിരത്തിൽ 14 സ്മാർട്ട് ക്ലാസ്സ് റൂമുകളാണ് ഒരുക്കിയിരിക്കുന്നത്.കൂടാതെ ഡൈനിംഗ് ഹാൾ,റീഡിംഗ് റൂം,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ് എന്നിവയുമുണ്ട്.ഇംഗ്ലീഷ്- മലയാളം മീഡിയങ്ങൾക്കായി പ്രത്യേക വിഭാഗങ്ങൾ കെട്ടിടത്തിലുണ്ട്.ഒന്നര ലക്ഷം ലിറ്റർ ജലം ഉൾക്കൊള്ളുന്ന ഭൂഗർഭജല സംഭരണിയും ഇതോടപ്പം പണികഴിപ്പിച്ചിട്ടുണ്ട്.
സ്കൂൾ മന്ദിരോദ്ഘാടനത്തിന് മുന്നോടിയായി വയലിൻ ഫ്യൂഷൻ, പഞ്ചവാദ്യം ഉൾപ്പടെയുള്ള കലാ പരിപാടികളും ഒരുക്കിയിട്ടുള്ളതായി ഭാരവാഹികൾ പറഞ്ഞു.സ്കൂൾ ഹെഡ്മാസ്റ്റർ കെ ലാൽ,മാനേജർ എം കെ അനിൽകുമാർ,പിടിഎ പ്രസിഡൻ്റ് എസ് ശ്രീകുമാർ,മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ സി ആർ അജിതകുമാർ,ചന്ദ്രശേഖരൻ നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.