റബറിന് പിങ്ക് രോഗം വ്യാപിക്കുന്നു

പൊൻകുന്നം∙ റബർ തോട്ടങ്ങളിൽ പിങ്ക് (ചീക്ക് രോഗം) രോഗബാധയേറുന്നു. തുടർച്ചയായുള്ള മഴയാണ് രോഗവ്യാപനത്തിനു കാരണം. മഴയ്ക്കു ശമനം വന്നതോടെയാണ് റബർ മരങ്ങളിൽ പിങ്ക് രോഗത്തിന്റെ സാന്നിധ്യം അറിയുവാൻ കഴിഞ്ഞതെന്നും ഇടതടവില്ലാതെ മഴ പെയ്തതിനാൽ നിയന്ത്രണ മാർഗങ്ങൾ അവലംബിക്കുവാൻ കഴിഞ്ഞില്ലെന്നും കർഷകർ പറയുന്നു. കുമിളാണ് രോഗം വരുത്തുന്നത്. രണ്ടുമുതൽ 12 വർഷം വരെ പ്രായമുള്ള മരങ്ങളെയാണ് പിങ്ക് രോഗം ബാധിക്കുന്നത്.

റബർ മരങ്ങളുടെ ശിഖരങ്ങളുടെ കവരങ്ങളിലാണ് രോഗം ബാധിക്കുന്നത്. രോഗം പിടിപെട്ട ഭാഗം പൂപ്പൽ ബാധിച്ചു പിങ്ക് നിറത്തിലോ വെള്ള നിറത്തിലോ വന്നശേഷം പൂപ്പൽ ബാധയേറ്റ ഭാഗത്തുനിന്ന് റബർപ്പാൽ പൊട്ടിയൊഴുകും. ഈ ഭാഗം അഴുകിയശേഷം ഉണങ്ങാൻ തുടങ്ങും. ശിഖരത്തിലെ പുറംതൊലി വിണ്ടുകീറി രോഗബാധയേറ്റ ഭാഗത്തിനു താഴെയായി മുളകൾ പൊട്ടും. പിന്നീട് ശിഖരങ്ങൾ ഉണങ്ങിപ്പോകും. ബോർഡോ കുഴമ്പ് തയാറാക്കി രോഗബാധയേറ്റ ഭാഗത്തിന് ഇരുവശവും 30 സെമീ ഭാഗത്തക്കു കടത്തി തേച്ചുപിടിപ്പിക്കുകയാണ് നിയന്ത്രണ മാർഗം. ഉണങ്ങിയ ശിഖരങ്ങൾ മുറിച്ചുമാറ്റി കത്തിച്ചുകളയുകയാണ് ചെയ്യേണ്ടത്.

error: Content is protected !!