വിലയിടിവിൽ തളർന്ന് റബ്ബർ മേഖല
കാഞ്ഞിരപ്പള്ളി : മലയോര മേഖലയിലെ പ്രധാന കൃഷിയായ റബ്ബറിന്റെ വിലയിടിവിൽ കിതച്ച് റബ്ബർ കർഷകർ. ഉത്പാദനം കുറഞ്ഞതിനൊപ്പം കൃഷിച്ചെലവ് വർദ്ധിച്ചത് കർഷകർക്ക് ഇരുട്ടടിയായി. കാഞ്ഞിരപ്പള്ളി, പീരുമേട് താലൂക്കുകളിലായി 31,000 റബ്ബർ കർഷകരാണുള്ളത്. ഇതിൽ 16 എസ്റ്റേറ്റുകളും ഉൾപ്പെടും.
മേഖലയിൽ ആകെ 26,846 ഹെക്ടർ സ്ഥലത്താണ് റബ്ബർ കൃഷിയുള്ളത്. ഇതിൽ ആദായം ലഭിക്കുന്നത് 19,900 ഹെക്ടർ സ്ഥലത്താണ്. ഒരു ഹെക്ടറിൽനിന്ന് 1500 കിലോ റബ്ബറാണ് പ്രതിവർഷം ഉത്പാദിപ്പിക്കുന്നത്. മുൻപ് 2000 മുതൽ 2500 കിലോവരെ ഉത്പാദിപ്പിച്ചിരുന്നു.
വിലയിടിവിനൊപ്പം ഉത്പാദനം കുറഞ്ഞതും റബ്ബർ കൃഷിയെ നഷ്ടത്തിലാക്കി. മുൻപ് ഒരു മരത്തിൽ നിന്ന് എട്ടു കിലോഗ്രാംവരെ ആദായം ലഭിച്ചിരുന്നത് ഇന്ന് മൂന്ന് കിലോയിലേക്ക് ചുരുങ്ങി.
തെറ്റായ ടാപ്പിങ് രീതികൾ, കൃഷി സംരക്ഷണം, തൈകളുടെ ഗുണനിലവാരക്കുറവ്, റബ്ബർ തോട്ടങ്ങളിലെ മണ്ണിന്റെ പ്രശ്നങ്ങൾ തുടങ്ങിയവയാണ് കാരണം.
ടാപ്പിങ് തൊഴിലാളികൾ ബുദ്ധിമുട്ടിൽ
റബ്ബർ വിലയിടിവ് കർഷകർക്കൊപ്പം ടാപ്പിങ് തൊഴിലാളികളെയും ബാധിച്ചു. പണി ചെയ്യുന്നതിന് അനുസരിച്ച് കൂലി ലഭിക്കാത്തതിനാൽ നേരത്തെ തന്നെ തൊഴിലുപേക്ഷിച്ചവർ ഏറെയാണ്. ചെറുകിട തോട്ടങ്ങളിലെ തൊഴിലാളികളെയാണ് റബ്ബർ മേഖലയിലെ തളർച്ച കൂടുതലും ബാധിച്ചത്. രാവിലെ അഞ്ചുമണിമുതൽ തോട്ടത്തിലിറങ്ങി ഉച്ചയോടെ മുഴുവൻ പണികളും തീർത്തശേഷം ഓട്ടോറിക്ഷയോടിച്ചും തോട്ടപ്പണികൾ ചെയ്തുമാണ് പലരും കുടുംബം നോക്കിയിരുന്നത്. വിലയിടിവിനെ തുടർന്ന് തോട്ടങ്ങളിലെ ടാപ്പിങ്ങിന്റെ എണ്ണം കുറച്ചതും തൊഴിലാളികളെ ബാധിച്ചു.