എയ്ഞ്ചൽവാലിയിൽ നടന്ന അഖില കേരള വടം വലി മത്സരം ആവേശഭരിതമായി
September 18, 2016
കണമല / എയ്ഞ്ചൽ വാലി : എയ്ഞ്ചൽ വാലി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ, എയ്ഞ്ചൽ വാലിയുടെ എല്ലാമെല്ലാമായിരുന്ന മാത്യു വടക്കേമുറിയച്ചന്റെ ഓർമ്മക്കായി പള്ളിപ്പടി കവലയിൽ നടത്തിയ എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരളാ വടംവലി മത്സരം ആവേശത്തിരയിളക്കി.
കൗതുകകരങ്ങളായ സമ്മാനങ്ങളാണ് വടംവലി മത്സരത്തിന് രസം പകർന്നത് . ക്യാഷ് പ്രൈസുകൾക്കൊപ്പം ആട്ടിൻമുട്ടൻ, പൂവൻകോഴി മുതലായ സമ്മാനങ്ങൾ കൊടുത്തത് കൗതുകമായി. ഓണാഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ചാണ് വടംവലി മത്സരങ്ങൾ നടത്തിയത്. കിഴക്കന്‍ മേഖലയായ എയ്ഞ്ചൽ വാലിയിൽ പഴമയുടെ ഓര്‍മകളുണര്‍ത്തുന്ന വടം വലി മത്സരം കാണുവാൻ ആയിരങ്ങളാണ് തിങ്ങിനിറഞ്ഞത്. ദേശീയ മത്സരങ്ങളുടെ നിലവാരം പുലർത്തിയായിരുന്നു മത്സരം ക്രമപ്പെടുത്തിയത്.
പതിനാറു ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ചെങ്ങളം ഫൈറ്റേഴ്സ് ഒന്നാം സമ്മാനമായ അയ്യായിരത്തി ഒന്ന് രൂപക്കും, ഒരു മുട്ടനാടിനും അർഹമായി.
രണ്ടാം സമ്മാനം ഒരു 4 കിലോയുള്ള ഒരു പൂവൻ കോഴിയും മൂവായിരത്തി ഒന്ന് രൂപയും ബാപ്പുജി പോതപ്പാറ കുറുന്പമൂഴി നേടി. മൂനാം സമ്മാനം 2001 രൂപയും മുപ്പതു കോഴിമുട്ടയും യുവധാര കൊരട്ടി നേടി.
മത്സരം വീക്ഷിക്കുവാൻ നാട്ടിൽ നിന്നും അന്യ നാട്ടിൽ നിന്നും നിരവധി ആളുകൾ എത്തിയിരുന്നു. എയ്ഞ്ചൽ വാലി യിൽ നിന്നും രണ്ടു ടീമുകൾ ഉണ്ടായിരുന്നിട്ടും, കാണികൾ എല്ലാ ടീമുകളിയെയും ഒരു പോലെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചത് മത്സരത്തിൽ ആവേശം നിറച്ചു.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആരംഭിച്ച വടം വലി മത്സരത്തിന്റെ ഉദ്‌ഘാടനം വാർഡ് മെമ്പർ വത്സമ്മ തോമസ് നിർവഹിച്ചു. രാത്രി എട്ടുമണിയോടെ സമാപിച്ച മത്സരത്തിന്റെ സമ്മാനദാനം വാർഡ് മെമ്പർ സൂസമ്മ രാജു നിർവഹിച്ചു.