കൊതുകു മൂളിപ്പറക്കുന്നു; പനി വൈറലാകുന്നു
മുണ്ടക്കയം ∙ പനികൾ വൈറലാകുമ്പോൾ നാട്ടിൽ കൊതുകു ശല്യം രൂക്ഷമാകുന്നത് ആരോഗ്യ സുരക്ഷയെ താളം തെറ്റിക്കുന്നു. രാത്രികാലങ്ങളിൽ കൊതുകു തിരികൾ തെളിച്ചും, കുന്തിരിക്കം പുകച്ചും ശാസ്ത്രീയ രീതിയിലുള്ള പുകയുണ്ടാക്കിയും കൊതുകിനെ തുരത്തിയാലേ കിടന്നുറങ്ങാൻ പറ്റൂ എന്ന നിലയിലാണ് പല ഗ്രാമങ്ങളിലെയും ടൗണുകളിലെയും അവസ്ഥ. കൊതുകുകളുടെ പ്രജനനത്തിന് അനുയോജ്യമായ കാലാവസ്ഥയും അന്തരീക്ഷവുമാണ് കഴിഞ്ഞ ഒരു മാസക്കാലമായി മലയോര മേഖലയിൽ ഉള്ളത്.
പകൽ ചില നേരങ്ങളിൽ വെയിലും വൈകുന്നേരങ്ങളിൽ കനത്ത മഴയും ആണ് കൊതുകുകൾ പെരുകുവാൻ കാരണം. മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ, പെരുവന്താനം, കൊക്കയാർ പഞ്ചായത്ത് പ്രദേശങ്ങളിൽ 70 ശതമാനവും റബർ തോട്ടങ്ങളാണ്. റബർ തോട്ടങ്ങൾ തന്നെയാണു കൊതുകുകളുടെ പ്രധാന ഉറവിടവും. കൊതുകു ശല്യം ഏറെയുള്ള മേഖലയിലാണു പനി കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റബർ പാൽ ശേഖരിക്കുന്ന ചിരട്ടകളിലെ വെള്ളത്തിലും കെട്ടി കിടക്കുന്ന വെള്ളത്തിലുമാണു കൊതുകുകൾ മുട്ടയിടുന്നത്. ഇതോടൊപ്പം വീടിന്റെ പരിസരങ്ങളിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളിലും ചിരട്ടകളിലും വെള്ളം കെട്ടിനിൽക്കുന്നതു കൊതുകുകൾ പെരുകുവാൻ കാരണമാകുന്നുണ്ട്. കൊതുകുകളെ നിയന്ത്രിക്കാൻ ഉറവിട നശീകരണ പ്രവർത്തനങ്ങൾ സ്വയം പ്രതിരോധമായി നടത്തുക മാത്രമാണു പോംവഴി.