KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മാറി ചിന്തിക്കാം, യൂട്യൂബര്‍ ആകാം, പണം വാരാം

മക്കള്‍ എപ്പോഴും യൂട്യൂബിലാണെന്ന് പരാതിപ്പെടുന്ന മാതാപിതാക്കള്‍ അറിയാന്‍. വ്യത്യസ്ത ആശയങ്ങള്‍ വീഡിയോയിലൂടെ അവതരിപ്പിക്കുമ്പോള്‍ പണം ഇങ്ങോട്ട് തരുന്ന യൂട്യൂബിനെ എത്രപേര്‍ക്കറിയാം. യൂട്യൂബിലെ ഒരു വീഡിയോ, നിങ്ങളെ സെലിബ്രിറ്റിയാക്കുന്നതിനൊപ്പം വരിമാനം തരുന്നൊരു ലോകമാണ്. 

വീഡിയോയിലൂടെ വരുമാനം

സൈബര്‍ ലോകത്തെ വീഡിയോ ഉള്ളടക്കങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ തുടങ്ങിയത് ഫോര്‍ജി വേഗവിപ്ലവത്തിലൂടെയാണ്. ശരാശരി മൂന്നുകോടി ആളുകള്‍ ദിനവും കാണുന്ന യൂട്യൂബ്, ഇന്ന് ടെലിവിഷന്‍ മേഖലയ്ക്ക് പോലും വെല്ലുവിളിയാണ്. നിലവില്‍ സാമൂഹികമാധ്യമങ്ങളില്‍ യൂട്യൂബില്‍ നിന്നു മാത്രമേ നേരിട്ട് വരുമാനം ലഭിക്കുകയുള്ളൂ. നൂറുകണക്കിന് മലയാളികള്‍ ക്യാമറയ്ക്കു മുന്നിലും പിന്നിലും നിന്ന് പണം വാരുന്നുണ്ട്.

പണം വരുന്ന വഴികള്‍

1. യൂട്യൂബ് ചാനലിനെ ആഡ്സെന്‍സ് എന്ന ഗൂഗിള്‍ പ്രോഗാമുമായി ബന്ധിപ്പിച്ചാണ് പരസ്യവരുമാനം നേടുന്നത്. ചാനല്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനകം 4000മണിക്കൂര്‍ , 1000 സബ്സ്‌ക്രൈബര്‍ എന്ന മാനദണ്ഡം പൂര്‍ത്തിയാക്കിയാല്‍ യൂട്യൂബ് മോണിറ്റൈസേഷന്‍ പരിശോധന ആരംഭിക്കും. അംഗീകാരം ലഭിച്ചാല്‍ പിന്നീട് വീഡിയോകള്‍ക്കു ലഭിക്കുന്ന ക്ലിക്കുകള്‍ ആഡ്സെന്‍സിലൂടെ പണമായി മാറും. എത്രപേര്‍ കാണുന്നു എന്നതിനൊപ്പം ഏതു രാജ്യത്തുനിന്നുള്ളവര്‍ കാണുന്നുവെന്നത് അനുസരിച്ചും പരസ്യവരുമാനത്തില്‍ വ്യത്യാസം വരും.

2. അഫിലിയേറ്റ് മാര്‍ക്കറ്റിങ്ങാണ് മറ്റൊരു വരുമാനമാര്‍ഗം. വിവിധ ഓണ്‍ലൈന്‍ വില്‍പനക്കാരില്‍ നിന്ന് അവരുടെ ഉത്പന്നങ്ങള്‍ വാങ്ങാനുള്ള ലിങ്ക് വീഡിയോയ്ക്കൊപ്പം നല്‍കുകയും അതിലൂടെ നടക്കുന്ന വില്‍പനയുടെ ശരാശരി 10 ശതമാനം കമ്മീഷനായി നേടുകയും ചെയ്യാം. affiliate.com പോലുള്ള സൈറ്റുകള്‍ ഇതിനായി സഹായിക്കും.

3. അനുബന്ധ പരസ്യങ്ങള്‍ – ആമസോണ്‍, ഫല്‍പ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ കച്ചവടക്കാരുടെ പരസ്യങ്ങളും വീഡിയോയ്ക്കൊപ്പം നല്‍കാം. famebit.com പോലുള്ള സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്താല്‍, ചാനല്‍ കൈകാര്യം ചെയ്യുന്ന വിഷയത്തിന് ചേരുന്ന പരസ്യങ്ങള്‍ ലഭിക്കും.

4. സ്പോണ്‍സര്‍ഷിപ്പ് – എല്ലാ വീഡിയോകളുടേയും തുടക്കത്തിലുള്ള അഞ്ച് സെക്കന്‍ഡുകളും അവസാനത്തെ 15 സെക്കന്‍ഡുകളിലും സ്പോണ്‍സറെ പരിചയപ്പെടുത്താന്‍ യൂട്യൂബ് അനുവദിക്കുന്നുണ്ട്. പ്രേക്ഷകര്‍ക്കിടയില്‍ സ്വാധീനമുള്ളയാളാണ് നിങ്ങളെങ്കില്‍ സ്പോണ്‍സര്‍മാരെ കിട്ടാന്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല.

ആളെപ്പിടിക്കാം ഫെയ്സ്ബുക്കിലൂടെ

നിലവില്‍ ഫെയ്സ്ബുക്ക് ഇന്ത്യയില്‍ വീഡിയോകള്‍ക്ക് പരസ്യവരുമാനം നല്‍കുന്നില്ല. അമേരിക്ക ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ ലൈവ് വീഡിയോകള്‍ക്ക് പരസ്യം നല്‍കിത്തുടങ്ങിയിട്ടുണ്ട്. അതേസമയം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഫെയ്സ്ബുക്ക് ഫലപ്രദമാണ്. വീഡിയോയിലൂടെ വരുമാനം എന്നതിനപ്പുറം ചിത്രങ്ങളിലൂടെയും വിവരണങ്ങളിലൂടെയും ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താനാണ് ഫെയ്സ്ബുക്ക് വ്യാപകമായി ഉപയോഗിക്കുന്നത്. സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ഡിസൈനിങ് തുടങ്ങിയ മേഖലകളിലെ മാര്‍ക്കറ്റിങ്ങിന് ഫോട്ടോ ഷെയറിങ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമും ഉപയോഗപ്രദമാണ്.

സാധ്യതകള്‍ അനന്തം

ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ എത്രത്തോളം സഹായകരമാണെന്ന് കമ്പനികള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. മൊബൈല്‍ഫോണ്‍ മുതല്‍ ഹോട്ടല്‍ വരെ റിവ്യൂ ചെയ്യാന്‍ പ്രമുഖ കമ്പനികള്‍ ഇന്ന് യൂട്യൂബര്‍മാരെ സമീപിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ ഗോസിപ്പ് വീഡിയോകള്‍ മാത്രമാണ് യൂട്യൂബില്‍ തിളങ്ങിയിരുന്നത്. ഇന്ന് ജീവിതത്തിലെ സമസ്ഥമേഖലകളും അവിടെ ചര്‍ച്ചയാകുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് പുതുമയുള്ള വിഷയങ്ങളില്‍ വീഡിയോ നിര്‍മിച്ചു തുടങ്ങിയവര്‍ ഇന്നത്തെ താരങ്ങളാണ്. മലയാളത്തിലെ പ്രമുഖ യൂട്യൂബേഴ്സെല്ലാം മാസം ശരാശരി 1-2 ലക്ഷം രൂപ സമ്പാദിക്കുന്നവരാണ്.

വേണ്ടത് സ്ഥിരത 

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമൂഹികമാധ്യമങ്ങളില്‍ തിളങ്ങാന്‍ സ്ഥിരസാമീപ്യം അത്യാവശ്യമാണ്. നിങ്ങളുടെ ഫോളോവേഴ്സിന് കൃത്യമായ ഇടവേളയില്‍ ആകര്‍ഷകവും പ്രയോജനകരവുമായ ഉള്ളടക്കങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുക. സ്ഥിരതയുണ്ടെങ്കില്‍ യൂട്യൂബ് തന്നെ വീഡിയോകള്‍ ബൂസ്റ്റ് ചെയ്യും. തീവ്രവാദവും അക്രമവും പോലുള്ള വിഷയങ്ങള്‍ അരുതെന്നു മാത്രം.

ഒന്നിനും ഒരുറപ്പില്ല

ഇങ്ങനെയൊക്കെയാണെങ്കിലും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സൈബര്‍ ലോകത്ത് നാളെ എന്താണെന്ന കാര്യത്തില്‍ ഒരുറപ്പും പറയാനാവില്ല. ആദ്യകാലങ്ങളില്‍ യൂട്യൂബില്‍ വീഡിയോ ഇടുന്നവര്‍ക്കെല്ലാം പരസ്യവരുമാനം ലഭിക്കുമായിരുന്നു. പിന്നീട് 10,000 വ്യൂ തികച്ച ചാനലുകള്‍ക്കു മാത്രമായി പരസ്യം നല്‍കല്‍. യൂട്യൂബേഴ്സിന്റെ എണ്ണം കൂടിയതോടെ വീഡിയോകള്‍ക്ക് 4000 മണിക്കൂര്‍ വ്യൂ കിട്ടിയവരും 1000 സബ്സ്‌ക്രൈബേഴ്സ് തികച്ചവര്‍ക്കും മാത്രമേ മോണിറ്റൈസേഷന് അപേക്ഷിക്കാനാകൂ. എന്നാലും അംഗീകരിച്ചുകിട്ടണമെന്നില്ല.

വീഡിയോകള്‍ക്ക് സ്ഥിരതയും നിലവാരവും ഒപ്പം സാമൂഹിക മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ ലഭിക്കുകയുള്ളൂ. അതേസമയം ചാനലുകള്‍ക്ക് മാസവരി വാങ്ങാനും മറ്റുമുള്ള സൗകര്യങ്ങളിലൂടെ മികച്ച കണ്ടന്റ് ക്രിയേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കാനുള്ള പുതിയ പദ്ധതികളും യൂട്യൂബ് ആരംഭിച്ചുവരികയാണ്.

ഫുള്‍ടൈം യൂട്യൂബര്‍ 

സൃഷ്ടിപരമായ കഴിവുകള്‍ മെച്ചപ്പെടുത്തുന്ന ഡി.ഐ.വൈ. ( ഡൂ ഇറ്റ് യുവര്‍സെല്‍ഫ് ) വീഡിയോകളിലൂടെയാണ് ജിയോ എന്ന 22-കാരന്റെ ചാനല്‍ ഹിറ്റായത്. ഡിപ്ലോമ പാസായ ശേഷം ജോലി ചെയ്തുവരുന്നതിനിടെയാണ് ചാനല്‍ തുടങ്ങിയത്. കോളയ്ക്കൊപ്പം മെന്റോസ് കഴിച്ചാല്‍ എന്ത് സംഭവിക്കുമെന്ന ബോധവത്കരണ വീഡിയോയിലൂടെയാണ് തലേവര മാറിയത്. ഒരു ദിവസംകൊണ്ട് നാലുലക്ഷം പേര്‍ ആ വീഡിയോ കണ്ടു. പിന്നീട് സ്ഥിരമായി വീഡിയോ ചെയ്തു തുടങ്ങി. ഇടയ്ക്ക് ഗള്‍ഫില്‍ ജോലി തേടി പോയപ്പോഴും വീഡിയോ കൃത്യമായി അപ്ലോഡ് ചെയ്തുവന്നു. 

ഏതാനും മാസങ്ങള്‍ക്കു ശേഷം തിരികെ നാട്ടിലെത്തിയ ജിയോ ഇപ്പോള്‍ ഫുള്‍ടൈം യൂട്യൂബറാണ്. എട്ടുലക്ഷത്തിനടുത്ത് സബ്സ്‌ക്രൈബേഴ്സുള്ള എം.ഫോര്‍. ടെക് ഇന്ന് ഏറ്റവുമധികം കാഴ്ചക്കാരുള്ള മലയാളം ചാനലുകളിലൊന്നാണ്. ജിയോയുടെ ഒരു പ്രവൃത്തിദിവസം ഇങ്ങനെ – ഉച്ചവരെ സാമഗ്രികളുടെ ശേഖരം, ചിത്രീകരിക്കാനുള്ള വീഡിയോയുടെ തയ്യാറെടുപ്പ്, ചിത്രീകരിക്കാന്‍ 3 മണിക്കൂര്‍ ( കൂട്ടുകാരന്‍ പ്രവീണാണ് ക്യാമറാമാന്‍ ), പി.സി.യില്‍ എഡിറ്റിങ്. ആഴ്ചയില്‍ ഒരു വീഡിയോ, അതിനായി രണ്ടുദിവസം പണിയെടുക്കും ഡി.എസ്.എല്‍.ആര്‍. ക്യാമറയും അത്യാവശ്യം ശേഷിയുള്ള കമ്പ്യൂട്ടറുമാണ് പ്രധാന ഉപകരണങ്ങള്‍.

18 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികളാണ് എന്റെ സബ്സ്‌ക്രൈബേഴ്സില്‍ പകുതിയും. എങ്ങനെ ആകാംക്ഷ സൃഷ്ടിക്കാം എന്ന ലക്ഷ്യത്തിലാണ് ഓരോ വീഡിയോയും തയ്യാറാക്കുന്നത്. യൂട്യൂബില്‍ ഇപ്പോള്‍ ധാരാളം ഉള്ളടക്കങ്ങളുണ്ട്. ഇനിയും പുതിയ വിഷയങ്ങള്‍ വരാനുണ്ട്. അതുകൊണ്ടു തന്നെ സാധ്യതകളും ധാരാളം – ജിയോ

error: Content is protected !!