റബ്ബർ കർഷകർ പ്രതിസന്ധിയിൽ ; ടാപ്പിങ് തൊഴിലാളികൾക്ക് ക്ഷാമം

പൊൻകുന്നം∙ ടാപ്പിങ് തൊഴിലാളികൾക്ക് കടുത്ത ക്ഷാമം. 20% തോട്ടങ്ങളിൽ ടാപ്പിങ് നടക്കുന്നില്ല. പലരും സ്വന്തമായി ടാപ്പിങ്ങിന് സന്നദ്ധരാകുന്നുണ്ടെങ്കിലും പരിചയ സമ്പന്നരായ തൊഴിലാളികൾ ടാപ്പു ചെയ്യുമ്പോഴുള്ള ഉൽപാദനമില്ലെന്ന് കർഷകർ.

പുതു തലമുറ മേഖലയിലെത്താതിരിക്കുന്നതാണ് പ്രശ്നം. പഴയ തലമുറയിലെ തൊഴിലാളികൾ മാത്രമാണിപ്പോൾ ഈ രംഗത്തുള്ളത്. മരമൊന്നിന് 1.50 രൂപ മുതൽ 2 രൂപ വരെയാണ് കൂലി. 300–350 മരം ടാപ്പു ചെയ്താൽ 500 രൂപയാണ് വരുമാനം. 

മറ്റു ജോലിക്ക് ഇതിനേക്കാൾ വരുമാനമുള്ളതാണ് പുതുതലമുറയെ നിരുത്സാഹപ്പെടുത്തുന്നതെന്ന് 75കാരനായ ടാപ്പിങ് തൊഴിലാളി കൂരാലി മാറാട്ടിൽ ഗോപാലകൃഷ്ണൻ നായർ പറയുന്നു. തോട്ടം മേഖലയിൽ മരമൊന്നിന് 1.25 രൂപയാണ് കൂലി. റബർവില ഇടിഞ്ഞപ്പോൾ 1.50 രൂപയിൽ നിന്ന് തൊഴിലാളികൾ തന്നെ കുറച്ചതാണ് കൂലി. 

സ്ഥിരം ജോലിയും ആനുകൂല്യങ്ങളും ഉള്ളതു കൊണ്ട് തോട്ടം മേഖലയിൽ കുറഞ്ഞ കൂലിക്കും ജോലി ചെയ്യാൻ അവർ തയാറാകുകയാണ്.പക്ഷേ മറ്റ് കാർഷിക ജോലികൾക്ക് എണ്ണൂറു രൂപ വരെ കൂലി കിട്ടും. നേരം പുലർന്നിട്ട് ജോലിക്കിറങ്ങിയാൽ മതി. എട്ടുമണിക്കൂറിൽ താഴെ അധ്വാനിച്ചാൽ മതി.

വാർക്കപ്പണിക്കു പോയാൽ 1000 രൂപയിൽ കുറയാതെ കിട്ടും. അന്യസംസ്ഥാന തൊഴിലാളികളെ ടാപ്പിങ് പഠിപ്പിച്ച് രംഗത്തിറക്കാൻ റബർബോർഡ് ശ്രമം നടത്തിയെങ്കിലും പ്രാവർത്തികമായില്ല. തൊഴിലാളി ക്ഷാമത്തിന് പരിഹാരമായി ടാപ്പേഴ്‌സ് ബാങ്ക് ഉണ്ടെങ്കിലും 800 പേർ മാത്രമാണ് ടാപ്പേഴ്‌സ് ബാങ്കിലുള്ളത്. 

error: Content is protected !!