മുടക്കിയത് 30 ലക്ഷം ; ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിച്ചത് ഏതാനും മാസം പദ്ധതി ഉപേക്ഷിച്ച നിലയിൽ
കാഞ്ഞിരപ്പള്ളി∙ടൗൺ ഹാൾ വളപ്പിൽ പഞ്ചായത്ത് നിർമിച്ച ബയോഗ്യാസ് പ്ളാന്റ് ഉപയോഗ യോഗ്യമല്ലാതെ കിടക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷം.മുപ്പത് ലക്ഷം രൂപ മുടക്കി നിർമിച്ച പ്ളാന്റിന്റെ നിർമാണം പൂർത്തിയാക്കിയത് അഞ്ചു വർഷം കൊണ്ടാണ്.എന്നാൽ പ്രവർത്തിച്ചത് ഏതാനും മാസങ്ങൾ മാത്രം. 2013 ഒക്ടോബറിൽ പ്രവർത്തനം തുടങ്ങിയ പ്ളാന്റ് അഞ്ചു വർഷം കഴിഞ്ഞിട്ടും പൂർണ്ണമായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.ഇതുവരെ ഇതിൽ നിന്നും ബയോഗ്യാസും ജൈവവളവും ഉൽപാദിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
ടൗണിലെ മാലിന്യങ്ങളിൽ നിന്നും പ്ലാസ്റ്റിക്കും,കുപ്പിയും, നാരുകൾ കൂടുതലുള്ള അവശിഷ്ടങ്ങളും വേർതിരിച്ച് മാറ്റിയ ശേഷം ജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് ബയോഗ്യാസും, ജൈവവളവും ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ടൗൺഹാൾ വളപ്പിൽ പ്ളാന്റ് സ്ഥാപിച്ചത്.ഒന്നര ടൺ മാലിന്യങ്ങൾ സംസ്കരിക്കാൻ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റാണ് സ്ഥാപിച്ചത്. 2008ലാണ് പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.2009ൽ കമ്മിഷൻ ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്ലാന്റിന്റെ നിർമാണം പൂർത്തിയായത് 2012 മാർച്ചിൽ.വൈദ്യുതി കണക്ഷൻ ലഭിക്കാൻ വേണ്ടി വന്നത് ആറു മാസം.
വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടും പ്ലാന്റിന്റെ ഉദ്ഘാടനം നടന്നത് 2013 ഒക്ടോബറിൽ.ദിവസം 1500 കിലോഗ്രാം ജൈവമാലിന്യങ്ങൾ സംസ്കരിക്കാമെന്നു പറഞ്ഞു തുടങ്ങിയ പദ്ധതിയിൽ ദിവസം 150 കിലോഗ്രാം പോലും സംസ്കരിക്കാൻ കഴിയാതെ വന്നു.പ്ളാന്റിനുള്ളിലെ യന്ത്രത്തിന്റെ ശേഷികുറുവും സംസ്കരണ സംവിധാനത്തിലെ അപര്യാപ്തതയുമാണ് പ്ളാന്റിന്റെ പ്രവർത്തനം നിലയ്ക്കാൻ കാരണമായത്.യന്ത്രത്തിന്റെ പല ഭാഗങ്ങളും ദ്രവിച്ചു തുടങ്ങി.മാസങ്ങൾ മാത്രം പ്രവർത്തിച്ച ശേഷം പദ്ധതി ഇപ്പോൾ ഉപേക്ഷിച്ച നിലയിലാണ്.