എന്‍ജിനിയറിങ് ബിരുദധാരികളില്‍ 25 ശതമാനം പേരും തൊഴില്‍ രഹിതരെന്ന് പഠന റിപ്പോര്‍ട്ട്
സംസ്ഥാനത്തെ എന്‍ജിനിയറിങ് ബിരുദധാരികളില്‍ 25 ശതമാനം പേരും തൊഴില്‍ രഹിതരെന്ന് പഠന റിപ്പോര്‍ട്ട്. ജോലി കിട്ടുന്ന എന്‍ജിനിയറിങ് ബിരുദധാരികളില്‍ 66 ശതമാനം പേരും എന്‍ജിനിയറിങ് ജോലികളല്ല ചെയ്യുന്നത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രൊഫഷണല്‍ കോണ്‍ഗ്രസ് കേരള ഘടകം, സംസ്ഥാനത്തെ എന്‍ജിനിയര്‍മാര്‍ക്കിടയിലും എന്‍ജിനിയറിങ് ബിരുദ വിദ്യാര്‍ഥികള്‍ക്കിടയിലും നടത്തിയ പഠനത്തിലാണ് സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഈ കണ്ടെത്തലുകളുളളത്.
ജോലിയുളള എന്‍ജിനിയര്‍മാരില്‍ 58 ശതമാനം പേരും കിട്ടുന്ന ശമ്പളം വളരെ കുറവാണെന്ന് വിശ്വസിക്കുന്നവരാണ്. ഭൂരിപക്ഷം പേരുടെയും തുടക്ക ശമ്പളം വീട്ടുജോലിക്കാര്‍ക്ക് കിട്ടുന്നതിനേക്കാള്‍ കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തുടക്കക്കാരായ എന്‍ജിനിയര്‍മാര്‍ക്ക് സംസ്ഥാനത്ത് ലഭിക്കുന്ന തൊഴിലവസരങ്ങളുടെ എണ്ണത്തിലും വലിയ കുറവ് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
എന്‍ജിനിയറിങ് പഠന രംഗത്തെ പ്രശ്നങ്ങള്‍ തന്നെയാണ് വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയാവുന്നത്. രാജ്യത്ത് നിലവിലുളള വ്യവസായ മേഖലകള്‍ക്ക് അനുയോജ്യമായ സിലബസോ പഠന സംവിധാനങ്ങളോ സംസ്ഥാനത്തെ എന്‍ജിനിയറിങ് കോളജുകള്‍ക്കില്ല എന്നതാണ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വിജയകരമായി പൂര്‍ത്തിയാക്കുന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ എണ്ണം 50 ശതമാനം മാത്രമാണ്. ഇവരില്‍ തന്നെ 20 ശതമാനം പേര്‍ക്കു മാത്രമാണ് ജോലിക്ക് യോഗ്യതയുളളതെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്വാശ്രയ എന്‍ജിനിയറിങ് കോളജുകളിലെ വിദ്യാര്‍ഥികളുെട നിലവാരവും ഏറെ താഴെയാണെന്നതാണ് മറ്റൊരു പ്രധാന കണ്ടെത്തല്‍.
വ്യവസായ രംഗത്തിന് അനുയോജ്യമായ വിധത്തില്‍ എന്‍ജിനിയറിങ് പഠനം പുനക്രമീകരിക്കുകയാണ് പ്രശ്ന പരിഹാരത്തിനുളള പ്രധാന മാര്‍ഗമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. പ്രൊഫഷണല്‍ കോണ്‍ഗ്രസിനു വേണ്ടി സെക്രട്ടറി സുധീര്‍ മോഹനും,ഡോ .ഡാലി പൗലോസും ചേര്‍ന്നാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.
സംസ്ഥാനത്തെ ബിരുദധാരികളും,വിദ്യാര്‍ഥികളുമടക്കം എന്‍ജിനിയറിങ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 2600ഓളം പേരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. പ്രൊഫഷണലുകളെ സംഘടനയുമായി കൂടുതല്‍ അടുപ്പിക്കുന്നതിന്‍റെ ഭാഗമായി ശശി തരൂര്‍ എംപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രൂപീകരിച്ച സംഘടനയാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസ്. ഡോ.മാത്യു കുഴല്‍നാടന്‍ അധ്യക്ഷനായ സംഘടനയുടെ സംസ്ഥാന ഘടകം അടുത്തിടെ സംസ്ഥാനത്തെ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ പഠനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.