പ്രതീക്ഷയോടെ വിഷു വിപണി

കഴിഞ്ഞവർഷം വിഷു ആഘോഷം കോവിഡിലും ലോക്ഡൗണിലും മുങ്ങി. 

പ്രതിസന്ധിഘട്ടങ്ങൾ തരണം ചെയ്ത് വിഷു ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലും കോവിഡ് വീണ്ടും കൂടിവരുന്നതിൽ ആശങ്ക ഇല്ലാതില്ല. വിഷുക്കണി, വിഷുസദ്യ എന്നിവ ഒരുക്കുന്നതിനായി ആളുകൾ വിപണിയിലേക്ക് എത്തിത്തുടങ്ങി. കണിവെള്ളരിയും ശ്രീകൃഷ്ണപ്രതിമകളുമെല്ലാമുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ തിരക്കില്ലെങ്കിലും ചൊവ്വാഴ്ച കച്ചവടം ഉയരുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. 

പച്ചക്കറി കർഷകർ ഏറ്റവുമധികം പ്രതീക്ഷയർപ്പിക്കുന്ന സമയമാണു വിഷുക്കാലം. അതുകൊണ്ടു ഈ സമയങ്ങളിൽ പച്ചക്കറികളുടെ വില കുതിച്ചുയരുന്നതു പതിവാണ്. 

എന്നാൽ മുൻകാലങ്ങളിലേതുപോലെ ഇത്തവണ വിഷുവിപണിയിൽ പച്ചക്കറിക്കു കാര്യമായ വിലവർധന ഉണ്ടാകാനിടയില്ലെന്നാണു വ്യാപാരികൾ പറയുന്നത്. ഏറ്റവുംകൂടുതൽ പച്ചക്കറി ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളിൽ ഇത്തവണ വെള്ളത്തിനു കാര്യമായ കുറവുണ്ടാകാഞ്ഞതിനാൽ മികച്ച വിളവ് ലഭിച്ചിട്ടുണ്ട്. 

കണിക്കാഴ്ചയിൽ അവശ്യ ഇനമായ കണിവെള്ളരി എത്തുന്നത് പ്രധാനമായും തമിഴകത്തുനിന്ന്. 

ജില്ലയിൽ ചിലയിടങ്ങളിൽ വെള്ളരിക്കൃഷി ഉണ്ടെങ്കിലും അതു പേരിനു മാത്രമാണ്. തമിഴ്നാട്ടിലെ കമ്പം, തേനി, കർണാടകയിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നാണ് ചെറിയ വെള്ളരി എത്തുന്നത്. 30 രൂപയാണ് കിലോവില. കഴിഞ്ഞ ദിവസം വരെ വില 20 ആയിരുന്നു. 

മിക്ക പച്ചക്കറികൾക്കും കിലോയ്ക്ക് 5-10 രൂപ വരെ വർധിച്ചിട്ടുണ്ട്. തമിഴ്നാട്, മൈസൂരു എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്കു കൂടുതൽ പച്ചക്കറിയെത്തുന്നത്. 

സാധാരണ വേനൽകാലത്ത് ഈ സ്ഥലങ്ങളിൽ കൃഷി നശിച്ച് പച്ചക്കറിക്കു ക്ഷാമം വരാറുണ്ട്. എന്നാൽ ഇത്തവണ കൃഷിനാശം ഉണ്ടായിട്ടില്ലെന്നു മാത്രമല്ല വിളവും കൂടുതലാണ്. കോവിഡ് നിയന്ത്രണം ചരക്കുനീക്കത്തെ ബാധിക്കാത്തതിനാൽ വില ഉയരാനുള്ള സാധ്യത കുറവാണെന്നു വ്യാപാരികൾ പറയുന്നു.

സവാള-25, കിഴങ്ങ്– 30, തക്കാളി-40, കൂർക്ക-60, ഇഞ്ചി-60, മത്തൻ–20, പടവലം– 40, വെണ്ട–15, കുമ്പളം– 10, മുരിങ്ങയ്ക്ക–60, പച്ചമുളക് –60, പാവയ്ക്ക-60, പച്ചമുളക്-60, ക്യാരറ്റ്-40, ഏത്തപ്പഴം-40.

മുല്ലപ്പൂവിന്‌ ഒരുമുഴം30 രൂപ

എല്ലാ വർഷത്തേയും പോലെ പൂ വിപണിയിലും വില കൂടുതലില്ല. മുല്ലപ്പൂവിന് ഒരു മുഴത്തിന് 30 രൂപ. അരളിക്ക് 250-300 രൂപ. റോസാപ്പൂവിന് ഒന്നിന് 10 രൂപ.

error: Content is protected !!