കണി കാണും നേരം കമലാനേത്രന്റെ..

: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു ആഘോഷത്തിന് നാടൊരുങ്ങി. ബുധനാഴ്ച പുലർച്ചെയാണ് ക്ഷേത്രങ്ങളിലും ഭവനങ്ങളിലും കണിദർശനം. 

മലയാളികൾ ദേശീയാഘോഷം പോലെ കൊണ്ടാടുന്ന മേടവിഷു കൊല്ലവർഷം ആരംഭിക്കുന്നതിനു മുൻപ് കേരളത്തിലെ ആണ്ടുപിറപ്പായിരുന്നു.

വിളവെടുപ്പിന്റെയും വസന്തഋതുവിന്റെയും ഈ വേളയിൽ ഇല്ലവും വല്ലവും നിറയുന്ന കാർഷികോത്സവമായിട്ടാണ് വിഷു കൊണ്ടാടിപ്പോരുന്നത്. കണിക്കൊന്നകൾ മംഗളസൂചകമായ മഞ്ഞമേലാപ്പണിയിക്കുന്ന പുഷ്പാലംകൃതമായ പ്രകൃതിയിൽ, ആഹ്ളാദം പങ്കിട്ടാണ് വിഷു ആഘോഷം.

പുലർച്ചെ വിഷുക്കണിയോടെയാണ് തുടക്കം. കണി കണ്ട് മുതിർന്നവരിൽനിന്ന് ലഭിക്കുന്ന വിഷുക്കൈനീട്ടം ഒരു വർഷത്തെ ഐശ്വര്യം പോലെയാണ് ഇന്നും ഇളമുറക്കാർ കരുതുന്നത്.

വെളുപ്പിന് ബ്രഹ്മമുഹൂർത്തത്തിൽ വിഷുക്കണിദർശനം അതിവിശിഷ്ടമെന്നാണ് ആചാര്യമതം. ക്ഷേത്രങ്ങളിൽ പുലർച്ചെ നട തുറക്കുന്ന സമയക്രമം െവച്ചായിരിക്കും വിഷുക്കണി. ദർശനം നടത്തുന്ന ഭക്തർ പൂജാരിമാർക്ക് വിഷുക്കൈനീട്ടം നൽകുകയും പ്രസാദം സ്വീകരിക്കുമ്പോൾ തിരിച്ച് ദക്ഷിണ കൊടുക്കുകയും ചെയ്യുന്ന പതിവുണ്ട്.

പരമ്പരാഗത രീതിയിൽ പ്രഥമൻ ഉൾപ്പെടെ എല്ലാ വിഭവങ്ങളോടെയും ഒരുക്കുന്ന സദ്യയാണ് മറ്റൊരു പ്രധാന ആകർഷണം. നാൽക്കാലികളെ കുളിപ്പിച്ച് മാല ചാർത്തി ചന്ദനം തൊടുവിച്ച്‌ സദ്യ നൽകും. ഊഞ്ഞാലാട്ടവും പാട്ടും പടക്കം പൊട്ടിക്കലും മറ്റുമായി കുട്ടികൾ ഇടവേളയില്ലാതെ ഉല്ലസിക്കും. 

വിഷുക്കണി ഒരുക്കൽ

തേച്ചുമിനുക്കിയ ഓട്ടുരുളിയിൽ ഉണക്കലരി നിറച്ച് ദേവന്റെയോ ദേവിയുടെയോ വിഗ്രഹം െവയ്ക്കും(മഞ്ഞപ്പട്ട് ഞൊറിഞ്ഞുടുത്ത് മുരളികയേന്തുന്ന ഉണ്ണിക്കണ്ണന്മാരുടെ വിഗ്രഹങ്ങളാണ് ഭവനങ്ങളിൽ കണിയൊരുക്കലിന് കൂടുതലായും കണ്ടുവരുന്നത്. പ്രാദേശികമായി പ്രാധാന്യമുള്ള ദേവീദേവന്മാരുടെ വിഗ്രഹങ്ങളും ഉണ്ടാവും). ഏഴു തിരിയിട്ട നിലവിളക്കിന് മുന്നിലാണ് കണി െവയ്ക്കുന്നത്. ഉരുളിയിൽ കൊന്നപ്പൂവ്, അഷ്ടമംഗല്യം, നാളികേരം, വെള്ളരിക്ക, ഫലവർഗങ്ങൾ, വാൽക്കണ്ണാടി, ചെപ്പ്, അലക്കി മടക്കിയ വസ്ത്രം, താളിയോല, സ്വർണം എന്നിവയും ഒരുക്കിെവയ്ക്കും.

വിഷുക്കണിയോടൊപ്പം ചില ക്ഷേത്രങ്ങളിലും ഭവനങ്ങളിലും നിറപറയും നെൽക്കതിരും െവയ്ക്കാറുണ്ട്. തലേദിവസം വിഷുസംക്രമത്തിൽ സൂര്യൻ മീനം രാശിയിൽ നിന്ന് മേടത്തിലേക്ക്‌ കടക്കുന്ന രാവും പകലും തുല്യമായി വരുന്ന ഉത്തരായനത്തിലെ അതിവിശിഷ്ടദിനത്തിലാണ് വിഷു ആഘോഷിക്കുന്നത്‌. വിഷു കഴിഞ്ഞ് പത്താം ദിവസമാണ് സൂര്യൻ ഉച്ചസ്ഥാനത്താകുന്ന പത്താമുദയം. ഈ ദിവസങ്ങളിലെ ആദിത്യപൂജയും അനുഗ്രഹദായകമെന്നാണ് വിശ്വാസം.

error: Content is protected !!