വോട്ടെണ്ണൽ ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ചൊവ്വ, ബുധൻ ദിവസങ്ങളിൽ
നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ചൊവ്വ, ബുധൻ ദിവസങ്ങളിൽ കോട്ടയം സി.എം.എസ്.കോളേജിൽ നടക്കും. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുന്നതിനായി നിയോഗിക്കപ്പെട്ട 720 ജീവനക്കാർക്കുള്ള പരിശീലനം ചൊവ്വാഴ്ച എട്ട് ബാച്ചുകളായി നടത്തും. തപാൽ വോട്ടുകൾ എണ്ണുന്ന 200 ഉദ്യോഗസ്ഥർക്ക് നാളെയാണ് പരിശീലനം.
തപാൽ വോട്ടുകൾ തപാൽ വഴി മാത്രം
നിയമസഭാ തിരഞ്ഞെടുപ്പിലെ തപാൽ വോട്ടുകൾ തപാൽ വഴി മാത്രമാണ് സ്വീകരിക്കുകയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എം.അഞ്ജന അറിയിച്ചു. തപാൽ വോട്ടുകൾ വരണാധികാരികളുടെയോ ഉപവരണാധികാരികളുടെയോ ഓഫീസുകളിൽ സ്വീകരിക്കില്ല.
വോട്ട് ഉള്ളടക്കം ചെയ്ത കവർ ഒട്ടിച്ച് സ്റ്റാമ്പ് ഒട്ടിക്കാതെതന്നെ തപാൽ പെട്ടിയിൽ നിക്ഷേപിച്ചാൽ മതിയാകും. വോട്ടെണ്ണൽ ദിനമായ മേയ് രണ്ടിന് രാവിലെ എട്ടുവരെ തപാൽ വകുപ്പിൽനിന്ന് വരണാധികാരികളുടെ കൈയിൽ ലഭിക്കുന്ന വോട്ടുകളാണ് വോട്ടെണ്ണലിന് പരിഗണിക്കുക.