കോവിഡ് വ്യാപന നിരക്ക് വർധിച്ചതിനെ തുടർന്ന് മുണ്ടക്കയം ടൗണിൽ കർശന നിയന്ത്രങ്ങളുമായി പഞ്ചായത്ത്
മുണ്ടക്കയം: കോവിഡ് വ്യാപന നിരക്ക് വർധിച്ചതിനെ തുടർന്ന് മുണ്ടക്കയത്തെ മൂന്ന്, ആറ്, എട്ട് വാർഡുകളിൽ കർശന നിയന്തണം നടപ്പിലാക്കാൻ പഞ്ചായത്ത്. ഇതു സംബന്ധിച്ച് നടത്തിയ യോഗത്തിൽ പോലീസ്, വ്യാപാരികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി.അനിൽകുമാർ അധ്യക്ഷനായി. കളക്ടറുടെ നിർദേശമുള്ളതിനാൽ ടൗണാകെ ഒരു സെക്ടറാക്കി നിയന്ത്രണം നടപ്പിലാക്കാനാണ് തീരുമാനം. പൈങ്ങന, ടൗണിന്റെ ഇരുഭാഗങ്ങളും, പുത്തൻ ചന്ത, വരിക്കാനികവലവരെ നിയന്ത്രണത്തിൽ വരും. പാൽ, പത്രം, പഴം, പച്ചക്കറി, പലചരക്ക്, ബേക്കറി, പാർസൽ മാത്രമായി ഹോട്ടൽ, മെഡിക്കൽ ഷോപ്പ്, റേഷൻ കട, മൽസ്യം, മാംസം, എന്നീ അവശ്യസാധന കടകൾ മാത്രമെ തുറക്കൂ.
യോഗത്തിൽ മുണ്ടക്കയം സി.ഐ. സാഗർ, എസ്.ഐ.മാരായ ഷാജി, പ്രദീപ്, കരിം പഞ്ചായത്ത് അംഗങ്ങളായ കെ.എൻ.സോമരാജൻ, ബെന്നി ചേറ്റുകുഴി, ജനീഷ് , റേച്ചൽ, ഷിജി ഷാജി, ലിസി ജിജി, അസി.സെക്രട്ടറി പി.ആർ.രമേശ് വ്യാപാര സംഘടനാ ഭാരവാഹികളായ ആർ.സി.നായർ, അനിൽ സുനിത, മനോജ്, നെജീബ്, ടി.എസ്.റഷീദ് എന്നിവർ പങ്കെടുത്തു.