നിയന്ത്രണങ്ങൾ മറന്ന് ജനങ്ങൾ ടൗണിലേക്കിറങ്ങി
കാഞ്ഞിരപ്പള്ളി: നിയന്ത്രണങ്ങൾ മറന്ന് സാമൂഹിക അകലമില്ലാതെ ജനങ്ങൾ ടൗണിലേക്കിറങ്ങി. ഇന്നലെ കാഞ്ഞിരപ്പള്ളി ടൗണിൽ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പഞ്ചായത്തിൽ
അധിക നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ബുധന്‍, ശനി ദിവസങ്ങളിലാണ് കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം സാധാനങ്ങൾ വാങ്ങാനായി ആളുകൾ വ്യാപാരസ്ഥാപനങ്ങളിലേക്ക് ഇരച്ചുകയറുകയായിരുന്നു.
പലചരക്ക്, പഴം – പച്ചക്കറി, ഇറച്ചി കടകളിലെല്ലാം ആളുകളുടെ നീണ്ട ക്യൂവായിരുന്നു. വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്ന ദിവസങ്ങളില്‍ പട്ടണത്തിലേക്ക് ആളുകള്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നുവെങ്കിലും ഇന്നലെ ഒരു നിയന്ത്രണവും കാണാൻ സാധിച്ചില്ല. എല്ലാ ദിവസങ്ങളിലെയും പോലെ കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംഗ്ഷനിലും പേട്ടക്കവലയിലും പോലീസ് പരിശോധനകൾ നടത്തി. പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 10 പേർക്കെതിരേ പോലീസ് കേസെടുത്തു. എന്നാൽ, അധിക നിയന്ത്രണങ്ങളുള്ള പഞ്ചായത്തുകളിൽ മൂന്ന് ദിവസങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നുണ്ടെന്നും കാഞ്ഞിരപ്പള്ളിയിലും ഈ രീതി നടപ്പാക്കണമെന്നു ജനങ്ങൾ ആവശ്യപ്പെട്ടു.
