പഴയിടം പാലത്തിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്തു
ചെറുവള്ളി: മണിമലയാറ്റിലെ പഴയിടം പാലത്തിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കി. കഴിഞ്ഞ ദിവസം ടൺകണക്കിന് മാലിന്യമാണ് പാലത്തിനടിയിൽ തങ്ങിനിന്നത്.
പ്ലാസ്റ്റിക്കും മരക്കമ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ തടഞ്ഞുനിൽക്കുന്നതുമൂലം പാലത്തിന്റെ മുകളിലേക്ക് വെള്ളംകയറുന്നത് പതിവാണ്. ഒഴുകിയെത്തുന്ന മരങ്ങൾ ഇടിച്ച് പാലത്തിന്റെ കൈവരികൾക്ക് നാശമുണ്ടായിട്ടുണ്ട്. പ്രദേശവാസിയായ വാച്ചാപ്പറമ്പിൽ അഡ്വ. എൽവീസിന്റെ നേതൃത്വത്തിലാണ് റോഡ് നിർമാണപ്രവർത്തനങ്ങൾക്കായെത്തിയ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മാലിന്യം നീക്കം ചെയ്തത്.