കിറ്റ് കൊടുത്ത റേഷൻകടക്കാർക്ക് കിട്ടാനുള്ളത് എട്ടുമാസത്തെ പ്രതിഫലം
: സൗജന്യ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്യുന്ന റേഷൻകട ഉടമകൾക്ക് എട്ട് മാസമായി പ്രതിഫലം ലഭിക്കുന്നില്ല. ഒരുമാസത്തെ പ്രതിഫലമാണ് സർക്കാർ ഇതുവരെ നൽകിയത്. ഭക്ഷ്യധാന്യകിറ്റുകൾക്ക് എട്ടുരൂപ വീതമാണ് വിതരണക്കൂലിയായി റേഷൻ ഡീലർമാർ ആവശ്യപ്പെട്ടിരുന്നത്. സർക്കാർ അഞ്ചുരൂപ വീതം നൽകാമെന്ന് ഉറപ്പുനൽകിയിരുന്നു. 2020 ഏപ്രിൽ മുതൽ 2021 മേയ് മാസം വരെ കിറ്റ് വിതരണം ചെയ്തു.
കിറ്റ് വിതരണം തുടങ്ങി ഏതാനും മാസം പിന്നിട്ടപ്പോൾ, പ്രതിഫലം ലഭിച്ചില്ലെങ്കിൽ വിതരണം നിർത്തിവെയ്ക്കുമെന്ന് റേഷൻ ഡീലർമാരുടെ സംഘടനകൾ നിലപാടെടുത്തു. അതോടെ ഒരു മാസത്തെ പ്രതിഫലം നൽകി. പിന്നീട് ഇതുവരെ പ്രതിഫലം നൽകിയിട്ടില്ല.
സ്ഥലപരിമിതി ഉള്ളവർ ഭക്ഷ്യകിറ്റുകൾ സൂക്ഷിക്കുന്നതിനായി പ്രത്യേകം കടമുറികളോ ഗോഡൗണുകളോ വാടകയ്‌ക്കെടുത്തിട്ടുണ്ട്. സാധാരണ ലഭിക്കുന്ന റേഷൻ സാധനങ്ങൾക്ക് പുറമേ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അധികമായി നൽകുന്ന അരിയും മറ്റും എത്തുന്നുണ്ട്. ഇവ സ്റ്റോക്ക് ചെയ്യുന്നതിനും കൂടുതൽ സ്ഥലം ആവശ്യമാണ്. മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച സൗജന്യ അരി വിതരണവും തുടങ്ങി.
കോവിഡ് വ്യാപനം തുടരുമ്പോൾ വലിയ വെല്ലുവിളി നേരിട്ടുകൊണ്ടാണ് ഭക്ഷ്യധാന്യവിതരണം. സംസ്ഥാനത്ത് 25 റേഷൻ വ്യാപാരികൾ കോവിഡ് ബാധിച്ച് മരിച്ചെന്നും ഇവർ പറയുന്നു. ഒട്ടേറെ റേഷൻ വ്യാപാരികൾക്കും ജീവനക്കാർക്കും കോവിഡ് ബാധിച്ചു. ചിലരുടെ കുടുംബാംഗങ്ങൾക്കും രോഗം വന്നു.
300 മുതൽ 1400-ന് മുകളിൽ വരെ റേഷൻ കാർഡുകൾ ഓരോ റേഷൻ കടകളിലുമുണ്ട്. പുതിയ സർക്കാർ, മുഴുവൻ പ്രതിഫലവും നൽകുമെന്ന പ്രതീക്ഷയിലാണ് കടയുടമകൾ.