കോവിഡ് ചികിത്സ: സംസ്ഥാനത്ത് ആയുഷ്-64 വിതരണം തുടങ്ങി ; വിതരണച്ചുമതല സേവാഭാരതിക്ക്
കോവിഡ് പ്രതിരോധത്തിനായി കേന്ദ്ര ആയുഷ് മന്ത്രാലയം വികസിപ്പിച്ച ആയുഷ് -64ന്റെ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു. കേന്ദ്രസർക്കാരിന്റെ നോഡൽ ഏജൻസിയായി തിരഞ്ഞെടുക്കപ്പെട്ട, സന്നദ്ധസംഘടനയായ സേവാഭാരതിയുടെ ശാഖകൾവഴിയാണ് മരുന്ന് വീടുകളിൽ എത്തിക്കുന്നത്.
ആയുഷ് മന്ത്രാലയത്തിനുകീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസാണ് മരുന്നുവിതരണം സംഘപരിവാർ സംഘടനയായ സേവാഭാരതിയെ ഏൽപ്പിച്ച് ഉത്തരവിറക്കിയത്. 18-നും 60-നും ഇടയിൽ പ്രായമുള്ള, തീവ്രതകുറഞ്ഞ കോവിഡ് ബാധിച്ച രോഗികൾക്ക് ഏഴുദിവസത്തിനകമാണ് മരുന്ന് നൽകേണ്ടത്.
തൃശ്ശൂർ ചെറുതുരുത്തിയിലെ ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണകേന്ദ്രത്തിലും തിരുവനന്തപുരത്തുമാണ് ആയുഷ് മന്ത്രാലയം മരുന്ന് എത്തിച്ചിരിക്കുന്നത്. മരുന്നുകൾ നോഡൽ ഏജൻസിയായ സേവാഭാരതിക്ക് നേരിട്ട് കൈപ്പറ്റാനാവും. പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ മരുന്നുവിതരണം ആരംഭിച്ചത്. വിതരണത്തിനായി പഞ്ചായത്തുകളിൽ കോ-ഓർഡിനേറ്റർമാരെയും അഞ്ച് വൊളന്റിമയർമാരെയും സേവാഭാരതി നിയോഗിച്ചിട്ടുണ്ട്.
ആയുഷ് സർട്ടിഫിക്കറ്റുള്ള സ്വകാര്യ ഡോക്ടർമാരെ നിയോഗിച്ചാണ് സേവാഭാരതി മരുന്നുവിതരണം നടത്തുന്നത്. ഈ ഡോക്ടർമാർ രോഗികളുടെ സ്ഥിതിവിവരങ്ങൾ വിലയിരുത്തിമാത്രമേ മരുന്നുനൽകാൻ അനുവദിക്കയുള്ളൂ.
വേണ്ടിവന്നാൽ ഒന്നോരണ്ടോ ദിവസം ഇവരെ നിരീക്ഷിക്കാൻ ഫോൺവഴിയും വീഡിയോ കോൺഫറൻസ് വഴിയുമുള്ള സംവിധാനങ്ങളും സേവാഭാരതിയുടെ ക്ലിനിക്കുകൾ ഒരുക്കുന്നുണ്ട്. സേവാഭാരതിയുടെ വൊളന്റിയർമാരും വീടുകളിലെത്തും. കോവിഡ് ബാധിച്ചവർ ആധാർ കാർഡ്, കോവിഡ് പോസിറ്റീവായതിന്റെ റിപ്പോർട്ട്, സമ്മതപത്രം തുടങ്ങിയവ ഹാജരാക്കണം.
സേവാഭാരതിക്കുപുറമേ, ആയുഷ് -64 ആയുർവേദ ആശുപത്രികൾവഴിയും സ്ഥാപനങ്ങൾ വഴിയും വിതരണംചെയ്യാൻ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ആയുർവേദ ഡോക്ടർമാരും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, പ്രവർത്തനപരിചയവും നിലവാരവും രാജ്യത്ത് എല്ലായിടത്തും ശൃംഖലയുമുള്ള സന്നദ്ധസംഘടന എന്ന നിലയിലാണ് വിതരണച്ചുമതല സേവാഭാരതിയെ ഏൽപ്പിച്ചത് എന്നാണ് ആയുഷ് മന്ത്രാലയം നൽകുന്ന വിശദീകരണം.