വെട്ടേറ്റത് ഒളിവിലിരുന്ന പ്രതിയെ പിടികൂടുന്നതിനിടെ; അതിജീവനത്തിന്റെ മറുപേരാണ് എസ്ഐ വിദ്യാധരൻ, സഹപ്രവർത്തകർ കാത്തിരിക്കുന്നു..

അതിജീവനത്തിന്റെ മറുപേരാണ് എസ്ഐ വിദ്യാധരൻ. വെറും വാക്കല്ല, 3 പതിറ്റാണ്ട് കാലയളവിലെ പ്രവർത്തനം കൊണ്ടു നേടിയെടുത്ത വിശ്വാസമാണത്. ദുരന്തമുഖത്തെ രക്ഷാപ്രവർത്തകൻ, സഹൃദയൻ, ക്രമസമാധാന രംഗത്തെ സജീവ സാന്നിധ്യം… ഇങ്ങനെ ഒട്ടേറെ വിശേഷണങ്ങളാണ്‌ ഗ്രേഡ്‌ എസ്ഐ കൊമ്പുകുത്തി ഇലോടിക്കൽ ഇ.ജി.വിദ്യാധരന് സഹപ്രവർത്തകർ നൽകുന്നത്‌.എരുമേലി സ്റ്റേഷൻ പരിധിയിൽ 2019 മാർച്ചിൽ കനകപ്പലം വനത്തിൽ തൂങ്ങി‌ മരിച്ചയാളുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം താഴെ ഇറക്കാൻ ആരും തയാറായില്ല.

മൃതദേഹം താഴെ ഇറക്കാൻ എത്തിയ ആൾ കൂടുതൽ തുക ആവശ്യപ്പെട്ടപ്പോൾ 15 അടിയോളം ഉയരമുള്ള മരത്തിൽ കയറി ഒറ്റയ്ക്ക്‌ മൃതദേഹം അഴിച്ചിറക്കിയത് വിദ്യാധരനായിരുന്നു. എരുമേലി കൊരട്ടി ആറ്റിൽ കണ്ടെത്തിയ, ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കരയ്ക്കെത്തിച്ചതും 2019ൽ തന്നെ.31 വർഷത്തെ അനുഭവ സമ്പത്തും നേതൃപാടവവും കൊണ്ട്‌, ദുരിതത്തിലായ ഏറെപ്പേരെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. 

കോട്ടയം മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാധരൻ പൂർണ ആരോഗ്യത്തോടെ തിരികെ വരുന്നതും കാത്തിരിക്കുകയാണ്‌ സഹപ്രവർത്തകർ. നാളുകളായി ഒളിവിലായിരുന്ന പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ്‌ വിദ്യാധരന്‌ വെട്ടേറ്റത്‌. ഇത്രയും വർഷത്തെ സർവീസിനിടയിൽ ആദ്യമായാണ്‌ ഇത്തരമൊരു സംഭവം.

സിവിൽ പൊലീസ്‌ ഓഫിസറായി 1990ൽ കെഎപി 5-ാം ബറ്റാലിയനിലൂടെ സർവീസിൽ എത്തിയ വിദ്യാധരൻ കോട്ടയം എആർ ക്യാംപിൽ നിന്നാണ്‌ ലോക്കൽ പൊലീസിലേക്കു വന്നത്‌. കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം, പൊൻകുന്നം സ്റ്റേഷനുകളിലെ സേവനത്തിനു ശേഷമാണ്‌ 8 മാസം മുൻപ്‌ മണിമല സ്റ്റേഷനിൽ എത്തുന്നത്‌. 2019ലാണ്‌ എസ്ഐ ആയി സ്ഥാനക്കയറ്റം ലഭിച്ചത്‌.

error: Content is protected !!