കോട്ടയം ജില്ലയിൽ 75% ബസുകളും ഒറ്റ അക്ക നമ്പറിലുള്ളത്; ഒറ്റയിരട്ട നിയമത്തിൽ നട്ടം തിരിഞ്ഞ് സ്വകാര്യ ബസ് മേഖല

പൊൻകുന്നം ∙ സാമ്പത്തിക പ്രതിസന്ധിക്ക് ഒപ്പം ഒറ്റയിരട്ടക്കുഴപ്പവും. നട്ടം തിരിഞ്ഞ് സ്വകാര്യ ബസ് മേഖല. നീണ്ട അടച്ചിടലിനു ശേഷം ലോക്ഡൗൺ നിയന്ത്രണം നീക്കിയെങ്കിലും സ്വകാര്യ ബസ് മേഖലയിൽ ആശാവഹമല്ലാത്ത നടപടിയാണുണ്ടായതെന്നു‌ ബസുടമ സംഘം പറയുന്നു. വാഹന നികുതിയിളവ്, ഇന്ധന വിലയിൽ സബ്സിഡി ആവശ്യങ്ങൾ നിലനിൽക്കെയാണ് ഒറ്റയിരട്ട സംവിധാനം നടപ്പാക്കിയത്.

∙ ഒറ്റ നമ്പർ

ജില്ലയിൽ ആകെയുള്ളത് 1,050 ബസുകളാണ്. ഇതിൽ 75% ബസുകളും ഒറ്റ അക്ക നമ്പറിലുള്ളതാണെന്ന് ബസ് ഉടമകൾ പറയുന്നു. 7, 9 അക്കങ്ങൾ അവസാനം വരുന്നതാണു മിക്കവർക്കും താൽപര്യം. ആർടി ഓഫിസുകളിൽ നമ്പറിന് ‘ചെലവ്’ ഏറിയതോടെ കിട്ടുന്ന നമ്പറുമായി പോകുന്നവരാണ് ഇപ്പോഴുള്ളത്. പൈകയിലെ ബസ് കമ്പനിയുടെ ബസുകളെല്ലാം ഒറ്റ അക്ക നമ്പറിൽ ഉള്ളതായിരുന്നു.

∙ ഗ്രാമീണ മേഖലയിൽ യാത്രാ ക്ലേശം

ഒറ്റയിരട്ട സംവിധാനം ഗ്രാമീണ മേഖലയിൽ യാത്രാ ക്ലേശത്തിനിടയാക്കും. മിക്ക റൂട്ടുകളിലും ഒന്നോ രണ്ടോ ബസുകൾ മാത്രമാണ് ഉള്ളത്. ഇവ രണ്ടും ഒറ്റ അക്കമാണെങ്കിൽ അടുത്ത ദിവസം ബസ് ഉണ്ടാകില്ല. ശനിയും ഞായറും ലോക്ഡൗണായതിനാൽ മാസത്തിൽ 10 ദിവസമേ ഓട്ടം ലഭിക്കൂ. ഇതിന് ഒരു മാസത്തെ ടാക്സും ഇൻഷുറൻസും നൽകണം. ആഴ്ചയിലെ സർവീസുകൾ ചുരുങ്ങുന്നതോടെ സ്ഥിരം യാത്രക്കാരെ നഷ്ടമാകും.

∙ ആവലാതികളേറെ

ലോക്ഡൗൺ മൂലം വായ്പ കുടിശികയായി. അടയ്ക്കാതായിട്ട് മാസങ്ങൾ. ഇന്ധന വില 40% വർധിച്ചു. റോഡ് ടാക്സ്, ഇൻഷുറൻസ് എന്നിവയും കുടിശികയാണ്. 3 മാസത്തെ ടാക്സ് ഒന്നിച്ചാണ് അടയ്ക്കുന്നത്. ഒരു ബസിന് 30,000 – 35,000 രൂപ വരെയാണ് ടാക്സ്. ഇൻഷുറൻസ് തുക 70,000 – ഒരു ലക്ഷം രൂപ വരെയാണ്. ഇളവിനായി മുൻകൂർ അപേക്ഷ നൽകണം.

∙ സഹായം ഇങ്ങനെ വേണം

വായ്പയുടെ ലോക്ഡൗൺ കാലയളവിലെ പലിശ ഒഴിവാക്കുക, ടാക്സ്, ഇൻഷുറൻസ് ഇളവ് അനുവദിക്കുക, ഇന്ധനത്തിനു സബ്സിഡി നൽകുക, ക്ഷേമനിധി ബോർഡിൽ നിന്നു പലിശ രഹിത വായ്പ നൽകുക എന്നിവയൊക്കെയാണു ബസ് ഉടമകളുടെ ആവശ്യം.

നഷ്ടക്കണക്ക്

ഒരു ദിവസം 260 കിലോമീറ്റർ ഓടുന്ന ബസിന്റെ ശരാശരി വരുമാനം– 5000– 6500 രൂപ
ഡീസൽ 65 ലീറ്റർ – 6000 രൂപ
2 ജീവനക്കാരുടെ ശമ്പളം – 1200 രൂപ
ഇൻഷുറൻസ് – 200 രൂപ
റോഡ് ടാക്സ് – 350 രൂപ
തൊഴിലാളി ക്ഷേമനിധി – 50 രൂപ
ബസ് സ്റ്റാൻഡ് ഫീസ് – 125 രൂപ
ആകെ ചെലവ് – 7925 രൂപ
വിവരങ്ങൾ: കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

error: Content is protected !!