യോഗ മസ്റ്റ്; 83ലും പാപ്പച്ചിച്ചേട്ടൻ ‘ഫിറ്റ്’

കൂട്ടിക്കൽ ∙ വയസ്സ് 83 ആയെങ്കിലും നാൽപതിന്റെ മനസ്സാണ് കണ്ണംകുളം പാപ്പച്ചി എന്നറിയപ്പെടുന്ന ജോസഫിന്. അതിന്റെ രഹസ്യം അറിയണമെങ്കിൽ അതിരാവിലെ പാപ്പച്ചിച്ചേട്ടന്റെ വീട്ടിലെത്തണം. കിടക്കയിൽനിന്ന് എഴുന്നേറ്റാൽ പിന്നെ അര മണിക്കൂർ യോഗ ചെയ്യാനുള്ള സമയമാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ശീലമല്ല. നാൽപതാം വയസ്സ് മുതൽ കൂടെയുണ്ട്. 40 വർഷം മുൻപ് പത്രത്തിലൂടെയാണു യോഗയെ സംബന്ധിച്ച് പാപ്പച്ചിച്ചേട്ടൻ അറിയുന്നത്. എങ്ങനെ ചെയ്യണം എന്നൊക്കെയുള്ള ചിത്രങ്ങൾ നോക്കി സ്വയം പരിശീലനം ആരംഭിച്ചു. 

കുറച്ചു നാൾ കഴിഞ്ഞ് യോഗാസനങ്ങൾ ഉൾപ്പെടുത്തിയ ഒരു പുസ്തകം വാങ്ങി. അതിൽ നോക്കി ഓരോ രീതികളും പഠിച്ചെടുത്തു. വീട്ടുകാരും നാട്ടുകാരും എല്ലാം ആദ്യ കാലങ്ങളിൽ കളിയാക്കിയിരുന്നു. എങ്കിലും പാപ്പച്ചിച്ചേട്ടൻ തന്റെ ദിനചര്യയിലെ പ്രധാന ഒന്നായി യോഗയെ മാറ്റി. 

ഷുഗറും പ്രഷറും ഒന്നും തന്റെ ശരീരത്തിലേക്ക് അടുത്തിട്ടില്ല എന്നും അതിന് കാരണം യോഗ തന്നെ എന്ന് പാപ്പച്ചിച്ചേട്ടൻ പറയുന്നു. തിരക്കുപിടിച്ച ജീവിതത്തിൽ പുതുതലമുറ ഒഴിവാക്കാതെ ചെയ്യേണ്ട കാര്യമാണ് യോഗ‌. ഇത് സ്വയം പഠിക്കണം എന്ന് പറഞ്ഞ് പലർക്കും പുസ്തകങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

error: Content is protected !!