പെരുന്തേനരുവി; പേരു മനോഹരം പക്ഷേ, അടുക്കരുത് അപകടമാണ്….
എരുമേലി∙ പെരുന്തേനരുവിയിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. പെരുന്തേനരുവിയിൽ ഇതുവരെ സംഭവിച്ചത് നൂറുകണക്കിന് അപകട മരണങ്ങൾ. വെള്ളച്ചാട്ടത്തിലെ കടുത്ത തണുപ്പു മൂലം എബിനു വേണ്ടിയുള്ള തിരച്ചിൽ ഇന്നലെ കാര്യമായി നടന്നില്ല. നദിയുമായി അടുത്ത പരിചയമുള്ള പരിസരവാസികൾ പോലും കുത്തൊഴുക്കു മൂലം തിരച്ചിലിൽ പങ്കെടുത്തില്ല.
∙ വഴുവഴുത്ത പാറക്കൂട്ടങ്ങൾ
പെരുന്തേനരുവി ഡാമിനോടു ചേർന്നാണു വെള്ളച്ചാട്ടം. ഡാം മുതൽ അര കിലോമീറ്റർ കുത്തൊഴുക്കും പാറക്കെട്ടുകളും നിറഞ്ഞ ഈ ഭാഗം അത്യന്തം അപകടകരമാണ്. തദ്ദേശീയരുടെ സാന്നിധ്യമില്ലാതെ വെള്ളച്ചാട്ടത്തിനരികിൽ എത്തുന്നവർ അപകടത്തിൽപെടുന്നതു പതിവാണ്. വെള്ളച്ചാട്ടത്തിന് അടുത്തു നിന്നു സെൽഫി എടുക്കുന്നതിനിടെയാണ് എബിൻ കാൽ വഴുതി വീണതെന്നു കരുതുന്നു. പാറക്കൂട്ടങ്ങളിലെ വഴുക്കലിനെക്കുറിച്ചു ധാരണയില്ലായ്മ അപകടങ്ങൾക്കിടയാക്കുന്നു.