KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുൻ ദേശീയ അന്തർദേശീയ വോളിബോൾ താരങ്ങളുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ സമ്മർ വോളിബോൾ കോച്ചിംഗിന് തുടക്കമായി

 April 1, 2019 

മുൻ ദേശീയ അന്തർദേശീയ വോളിബോൾ താരങ്ങളുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ സമ്മർ വോളിബോൾ കോച്ചിംഗിന് തുടക്കമായി

കാഞ്ഞിരപ്പള്ളി: ജന്മനാടായ കാഞ്ഞിരപ്പള്ളിയുടെതു മാത്രമല്ല , ഇന്ത്യയുടെ തന്നെ അഭിമാനമായ മുൻ അന്തർദേശീയ വോളിബോൾ താരവും, ഏഷ്യയിലെ ഏറ്റവും മികച്ച വോളീബോൾ താരം എന്ന ബഹുമതി നേടിയിട്ടുള്ള കളിക്കാരനും , റിട്ട. പൊലീസ് മേധാവിയുമായ പി എസ് അബ്ദുൽ റസാഖ് നേരിട്ടെത്തി പരിശീലനം നടത്തുന്ന കാഞ്ഞിരപ്പള്ളിയിലെ സമ്മർ വോളിബോൾ കോച്ചിങ് സംഘടിപ്പിച്ചിരുക്കുന്നത് കാഞ്ഞിരപ്പള്ളിയിലെ മുൻ കാല വോളിബോൾ താരങ്ങളുടെ സംഘടനയായ വോളി ഫ്രണ്ട്സ് ആണ്. ടൈറ്റാനിയം മുൻ താരം പി എസ് മുഹമ്മദാലിയാണ് ചീഫ് കോച്ച്. കാഞ്ഞിരപ്പള്ളി പേട്ട ഗവർമെൻറ്റ് ഹൈസ്കൂൾ വളപ്പിലാണ് സമ്മർ വോളിബോൾ കോച്ചിംഗിന് സംഘടിപ്പിച്ചിരിക്കുന്നത് . 

40 പേർക്കാണ് ഇവിടെ പരിശീലനം നൽകുന്നത്. ഏപ്രിൽ അവസാനം വരെ കോച്ചിംഗ് ക്യാമ്പ് ഉണ്ടാകും.13 മുതൽ 18 വരെ പ്രായമുള്ള ആൺകുട്ടികൾക്കാണ് കോച്ചിംഗ് നൽകുന്നത്.ഇതിൽ നിന്നും ഇരുപതു പേരെ തെരഞ്ഞെടുത്ത് തുടർ പരിശീലനം നൽകും.സംഘടനയുടെ നേതൃത്വത്തിൽ അഖില കേരള അടിസ്ഥാനത്തിൽ വോളിബോൾ ടൂർണ്ണമെൻറ്റ് നടത്തുന്നതിനും വോളിബോൾ അക്കാദമി നടത്തുവാനും സംഘടനയ്ക്ക് പരിപാടിയുള്ളതായി ഭാരവാഹികൾ പറഞ്ഞു.

മുൻ റെയിൽവേ താരം എം എസ് ബഷീർ മൂക്രികാട്ടിൽ, സെബാസ്റ്റൻ ജോസ്, പി കെ അബ്ദുൽ സമദ് ആനക്കല്ല്, സോമനാഥൻ, ശശി എബ്രഹാം പറമ്പിൽ, നിസാർ അഹമ്മദ് പടിഞ്ഞാറ്റയിൽ, ഒ എം റഹീം ഓരായത്തിൽ, സെബാസ് റ്റൻ എള്ളുകുന്നേൽ, അഡ്വ.ബെന്നി കുന്നത്ത്, അൻസാരി ( എക്സ്സൈസ്) , റിയാസ് കാൽടെക്, കോച്ച് നവാസ് വഹാബ്, ഹാരിസ് മുഹമെദ്, തസ്ലീം അലി, ഫൈസൽ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

അബ്ദുള്‍ റസാഖ് – വോളിബോളിന്റെ എല്ലാമെല്ലാം ..

കാഞ്ഞിരപ്പള്ളിയുടെ മാത്രമല്ല , ഇന്ത്യയുടെ തന്നെ അഭിമാനമായ അബ്ദുള്‍ റസാഖ് ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ചെങ്കിലും , തന്റെ മുഴുവൻ സമയവും വോളിബോളിനു വേണ്ടി സമർപ്പിച്ചിരിക്കുകയാണ്. ജന്‍മനാടായ കാഞ്ഞിരപ്പള്ളിയില്‍ വോളി ഫ്രണ്ട്സ് എന്ന പേരില്‍ ക്ലബ്ബ് തുടങ്ങി അവിടെ പരിശീലനം നല്‍കുന്നതിൽ വ്യാപൃതനാണ് ക്ലബ്ബിന്റെ പ്രസിഡന്റായ അദ്ദേഹം. 

കൗണ്ടര്‍ അറ്റാക്കര്‍ പൊസിഷനില്‍ തന്റേതായ സ്ഥാനമുണ്ടാക്കിയ അദ്ദേഹം ടൈറ്റാനിയത്തിലും റെയില്‍വേസിലും കേരള പോലീസിലും മിന്നുന്ന താരമായി. സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കേരള പോലീസില്‍ കമാന്‍ഡന്റായി വിരമിച്ച അദ്ദേഹം ഇപ്പോഴും വോളിബോള്‍ പരിശീലനവും സംഘാടനവുമായി സജീവമാണ്. 

തിരുവനന്തപുരത്തു നടന്ന ദേശീയ സ്‌കുള്‍ ഗെയിംസില്‍ കേരളത്തിനായി അദ്ദേഹം ആദ്യമായി കളിച്ചപ്പോൾ കേരള ടീം രണ്ടാം സ്ഥാനം നേടി. പ്രീഡിഗ്രി പഠനം പാലാ സെന്റ് തോമസ് കോളേജിലായിരുന്നു. അവിടെ സ്പോര്‍ട്സ് ഹോസ്റ്റലുള്ളതായിരുന്നു കാരണം. കോളേജിനായും കേരള സര്‍വകലാശാലയ്ക്കായും തിളങ്ങുന്ന പ്രകടനം കാഴ്ചവച്ച അബ്ദുള്‍ റസാഖ് ശ്രദ്ധിക്കപ്പെട്ടു. കേരള സര്‍വകലാശാല തുടരെ രണ്ടു തവണ അഖിലേന്ത്യാ സര്‍വകലാചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായി.

ജബല്‍പ്പുരിലും പിലാനിയിലും നടന്ന ചാമ്പ്യന്‍ഷിപ്പുകളിലാണ് കേരള സര്‍വകലാശാല ടീം ചാമ്പ്യന്‍മാരായത്. അഖിലേന്ത്യാ യൂണിവേഴ്സിറ്റി ടീമില്‍ സ്ഥാനം നേടാന്‍ ഈ പ്രകടനത്തിലൂടെ അബ്ദുള്‍ റസാഖിനു കഴിഞ്ഞു. ഇതിനിടയില്‍ കേരളത്തിന്റെ ജൂണിയര്‍ ടീമിലും അംഗമായി. കേരളത്തിനായുള്ള പ്രകടനം ഇന്ത്യന്‍ ജൂനിയര്‍ ടീമിലും ഇടം നേടിക്കൊടുത്തു. 

1980ല്‍ ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം മൂന്നാം സ്ഥാനമെന്ന അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കി. അവിടെ മികച്ച അറ്റാക്കര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചു. ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാമതെത്തിയതോടെ 1981ല്‍ അമേരിക്കയിലെ കൊളറാഡോ സ്പ്രിങ്സില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. കേരളത്തിലെ വോളിബോള്‍ പ്രേമികള്‍ക്കിടയില്‍ അബ്ദുള്‍ റസാഖെന്ന കൗണ്ടര്‍ അറ്റാക്കറുടെ പേര് ഇതോടെ ശ്രദ്ധേയമായി

1980ല്‍ ടൈറ്റാനിയം വോളിബോള്‍ ടീം തുടങ്ങിയപ്പോള്‍ അബ്ദുള്‍ റസാഖ് അവിടെ ചേര്‍ന്നു. ചേട്ടന്‍ മുഹമ്മദാലിയായിരുന്നു പരിശീലകന്‍. രണ്ടു വര്‍ഷം ടൈറ്റാനിയത്തിനുവേണ്ടി കളിച്ചു. നിരവധി നേട്ടങ്ങളും സ്വന്തമാക്കി. ഇതിനിടയില്‍ 1981ല്‍ തന്നെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് വിളിവന്നിരുന്നു. 1982-ല്‍ റെയില്‍വേയിലേക്ക് മാറി. അടുത്ത മൂന്നു വര്‍ഷം റെയില്‍വേ ടീമിനൊപ്പം റസാഖും സംഘവും വെന്നിക്കൊടി പാറിച്ചു. റെയില്‍വേക്കൊപ്പം നിരവധി കിരീടങ്ങളും നേടി. 1985-ലാണ് കേരള പോലീസില്‍ ചേരുന്നത്. അവിടെയും വിജയ പരമ്പര തുടര്‍ന്നു. സിറിള്‍ സി വള്ളൂരും അന്തരിച്ച ഉദയകുമാറുമൊക്കെ അടങ്ങുന്ന കേരള പോലീസ് ടീം ഫെഡറേഷന്‍ കപ്പടക്കമുള്ള ദേശീയ കിരീടങ്ങളും തുടര്‍ച്ചയായി ഡിപ്പാര്‍ട്ടുമെന്റല്‍ കിരീടങ്ങളും നേടി. 

1981 മുതല്‍ ആറുവര്‍ഷത്തോളം ഇന്ത്യന്‍ ടീമില്‍ കളിച്ചു. ലണ്ടനില്‍ നടന്ന ആദ്യ കോമണ്‍വെല്‍ത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലാണ് സീനിയര്‍ തലത്തില്‍ ആദ്യമായി ഇന്ത്യന്‍ കുപ്പായമണിയുന്നത്. അവിടെ ഇന്ത്യന്‍ ടീം മൂന്നാം സ്ഥാനം നേടി.

1982 ഏഷ്യന്‍ ഗെയിംസില്‍ റസാഖടക്കം ആറു മലയാളികളാണ് ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ജോണ്‍സണ്‍ ജേക്കബ്, സിറിള്‍ സി വള്ളൂര്‍, ഉദയകുമാര്‍ എന്‍.ജി.ചാക്കോ, ഗോപീകൃഷ്ണ എന്നിവരായിരുന്നു മറ്റു മലയാളികള്‍. അഭിമാനാര്‍ഹമായ നാലാം സ്ഥാനം ടീം നേടി.1983ല്‍ ടോക്യോയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ, റഷ്യയും ഓസ്ട്രേലിയയും ചൈനയുമായും സൗദിയുമായി നടന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുകള്‍ എന്നിവയിലൊക്കെ ഇന്ത്യന്‍ കുപ്പായമണിഞ്ഞു.
ഇതിനിടയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ക്ലബ്ബ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകളിലും തിളങ്ങി. 1981ല്‍ യു.എ.ഇയിലെ അജ്മാന്‍ ക്ലബ്ബിനുവേണ്ടിയും 1984ല്‍ ഖത്തറിലെ റയാന്‍ സ്പോര്‍ട്സ് ക്ലബ്ബിനുവേണ്ടിയും കളിച്ച് ആരാധകരുടെ ഇഷ്ടം നേടി.

റെയില്‍വേയിലായിരിക്കുമ്പോള്‍ 1985ല്‍ റഷ്യയില്‍ നടന്ന ലോക റെയില്‍വേ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനുവേണ്ടി കളിച്ചു. 1986 വരെ ഇന്ത്യന്‍ ടീമില്‍ കളിച്ച അബ്ദുല്‍ റസാഖ്് 1991വരെ പോലീസിനുവേണ്ടി കളിച്ചു. പരിക്കിനെത്തുടര്‍ന്ന് കളിക്കളത്തോടു വിടപറഞ്ഞ അദ്ദേഹം തുടര്‍ന്ന് കേരള പോലീസ് ടീമുകളുടെ മാനേജരായും ചുമതലക്കാരനും സംഘാടകനുമായി തുടര്‍ന്നു. 

വോളിബോള്‍ രംഗത്തെ മികവിന് കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ 1981ലെ ജി.വി.രാജ അവാര്‍ഡ് ലഭിച്ചു. അക്കൊല്ലം അബുദാബിയിലെ കേരള സോഷ്യല്‍ സെന്ററിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് ബഹുമതിയും ലഭിച്ചു.

2011ല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് പുതിയ ഒരൂ അധ്യായമായി. കായിക താരങ്ങളായിരുന്നതിന്റെ അനുഭവ സമ്പത്ത് സ്പോര്‍ട്സ് കൗണ്‍സിലിലെ പ്രവര്‍ത്തനങ്ങളില്‍ ഏറെഗുണം ചെയ്തു. കായിക താരങ്ങളുടെ മുടങ്ങിക്കിടന്ന കാഷ് അവാര്‍ഡ് കൊടുക്കാന്‍ സാധിച്ചു.അഞ്ചുകോടി 30 ലക്ഷം രൂപയാണ് ഇങ്ങനെ കൊടുത്തത്. ഏറെ കായിക താരങ്ങള്‍ക്ക് ഇത് പ്രയോജനം ചെയ്തു. സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ നവീകരിക്കാനും മെച്ചപ്പെട്ട ഉപകരണങ്ങള്‍ കായിക താരങ്ങള്‍ക്ക് നല്‍കാനും അവരുടെ ഭൗതിക പരിശീല സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞതുമൊക്കെ അഭിമാനത്തോടെയാണ് അബ്ദുല്‍ റസാഖ് ഓര്‍ക്കുന്നത്. 

തിരുവനന്തപുരം എസ്.എ.പി കമാന്‍ഡന്റായാണ് ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിച്ചത്. വോളിബോള്‍ ഭരണ രംഗത്തും പരിശീലകനുമായി വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിലാണ് അദ്ദേഹം. ജന്‍മനാടായ കാഞ്ഞിരപ്പള്ളിയില്‍ വോളി ഫ്രണ്ട്സ് എന്ന പേരില്‍ ക്ലബ്ബ് തുടങ്ങി അവിടെ പരിശീലനം നല്‍കുന്നതിൽ വ്യാപൃതനാണ് ക്ലബ്ബിന്റെ പ്രസിഡന്റായ അദ്ദേഹം. തിരുവനന്തപുരത്ത് വോളിതാരങ്ങള്‍ ചേര്‍ന്ന് രൂപവത്കരിച്ച ‘വോളി ഫാമിലി’എന്ന സംഘടനയിലും സജീവമായി പ്രവര്‍ത്തിക്കുന്നു. 

വോളിബോള്‍ ഭരണ രംഗത്തും പ്രവര്‍ത്തിക്കുന്നു. കോഴിക്കോടു ന്ടന്ന ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ടെക്നിക്കല്‍ കമ്മറ്റി ചെയര്‍മാനായിരുന്നു.കേരള വോളിബോള്‍ അസോസിയേഷനില്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ്. അഡൈ്വസറി കമ്മറ്റി കണ്‍വീനറും സെലക്ഷന്‍ കമ്മറ്റി മെംബറുമാണ്.

കാഞ്ഞിരപ്പള്ളി പൈനാപ്പള്ളി കുടംബാഗംമായ അബ്്ദുള്‍ റസാഖ് ഇപ്പോള്‍ തിരുവനന്തപുരം ദേവസ്വംബോര്‍ഡ് ജംഗ്ഷനടു്ത്താണ് താമസം. ഭാര്യ സ്റ്റെല്ല മുന്‍വോളിബോള്‍ താരമാണ്. ദക്ഷിണ റെയില്‍വേയില്‍ തിരുവനന്തപുരത്ത് അക്കൗണ്ട്സ് വിഭാഗത്തില്‍ ഉദ്യോഗസ്ഥയാണ്. മക്കള്‍: നീനു, നിഖിത.

മുൻ ദേശീയ അന്തർദേശീയ വോളിബോൾ താരങ്ങളുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ സമ്മർ വോളിബോൾ കോച്ചിംഗിന് തുടക്കമായി. നൂറിൽ പരം അന്തർദേശീയ മത്സരങ്ങൾ കളിച്ച മുൻ വോളിബോൾ താരവും റിട്ട. പൊലീസ് മേധാവിയുമായ കാഞ്ഞിരപ്പള്ളി സ്വദേശി പി എസ് അബ്ദുൽ റസാഖുമായി നടത്തിയ അഭിമുഖം ഇവിടെ കാണുക :

error: Content is protected !!