കൂട്ടായ്മയുടെ മുന്നിൽ കുളയട്ടകൾ തോറ്റു
എലിക്കുളം ∙ ഒരു കാലത്ത് കുളയട്ടയുടെ വിഹാര കേന്ദ്രമായി കൃഷി ഉപേക്ഷിച്ച 20 ഏക്കർ പാടശേഖരത്തിൽ വീണ്ടും വിളവ് ഇറക്കി എലിക്കുളത്തെ കർഷക കൂട്ടായ്മ. പഞ്ചായത്തിലെ കാപ്പുകയം – കാരക്കുളം പാടശേഖരമാണ് ഇനി കൊയ്ത്തുപാട്ടിന്റെ ഈണത്തിന് കാതോർക്കുന്നത്. അത്യുൽപാദന ശേഷിയുള്ള ഉമ, ജ്യോതി ഇനം നെല്ല് ആണ് ഈ മാസം അവസാന വാരം കൊയ്ത്തിനു തയാറാകുന്നത്.
‘എലിക്കുളം റൈസ്’ വിപണിയിലേക്ക്
കുടുംബശ്രീ, ഇതര കർഷക ഗ്രൂപ്പുകൾ, കൃഷി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ‘എലിക്കുളം റൈസ്’ എന്ന പേരിൽ അരി വിപണിയിൽ ഇറക്കാനുള്ള സാധ്യതയാണ് കർഷക കൂട്ടായ്മ തേടുന്നത്. ഹരിത കേരളം മിഷന്റെ ആഹ്വാനം പ്രകാരം പഞ്ചായത്തും കൃഷിഭവനും മുൻകൈയെടുത്തു നടത്തിയ പ്രവർത്തനങ്ങളാണ് വിജയം കണ്ടത്. ആദ്യഘട്ടമായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കർഷകർക്കു ബോധവൽക്കരണം നടത്തി.
തുടർന്ന് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ നെൽക്കൃഷി കൃഷി വികസനത്തിന് കൃഷി ഭവൻ ഒരു ലക്ഷം രൂപ വകയിരുത്തി. മുൻ വർഷങ്ങളിൽ ഇങ്ങനെ വകയിരുത്തിയ തുക തിരിച്ചടയ്ക്കുകയായിരുന്നു. അടുത്ത ഘട്ടമായി ജലവിഭവ വകുപ്പിന്റെ സഹായത്തോടെ ചിറ സ്ഥാപിച്ച് ജല സുഭക്ഷിത ഉറപ്പ് വരുത്താൻ ഒരുങ്ങുകയാണ് അധികൃതർ.
പാടശേഖര സമിതി യോഗം നാളെ
കാപ്പുകയം – കാരക്കുളം നെല്ല് ഉൽപാദക സംഘത്തിന്റെ നേതൃത്വത്തിൽ കർഷക യോഗം നാളെ 3ന് കാരക്കുളം മണ്ഡപത്തിൽ ജസിൻ ജോർജിന്റെ വസതിയിൽ പഞ്ചായത്ത് പ്രസിഡന്റ് എം.പി. സുമംഗലാ ദേവി ഉദ്ഘാടനം ചെയ്യും.