ക്രൈസ്തവ സഭകൾക്കു കടിഞ്ഞാണുമായി ചർച്ച് ആക്ടിനു നീക്കം
സംസ്ഥാനത്തെ ക്രൈസ്തവ സഭകൾക്കും വിവിധ ക്രൈസ്തവ വിഭാഗങ്ങൾക്കും കടിഞ്ഞാണിടാനായി ചർച്ച് ആക്ട് കൊണ്ടുവരുന്നു. ഇതിന്റെ കരട് ബിൽ പ്രസിദ്ധീകരിച്ചു.
ക്രൈസ്തവ സഭകളുടെയും ക്രൈസ്തവ വിഭാഗങ്ങളുടെയും മുഴുവൻ സ്ഥാവര- ജംഗമ സ്വത്തുക്കളും ബാഹ്യനിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥകളോടെയാണ് ബിൽ തയാറാക്കിയിരിക്കുന്നത്. ഓരോ സ്ഥാപനവും ഇടവകയും വരവു ചെലവു കണക്കുകൾ സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ വർഷാവർഷം സമർപ്പിക്കണം. പരാതികൾ കേൾക്കുന്നതിനായി ട്രൈബ്യൂണൽ സ്ഥാപിക്കാനും വ്യവസ്ഥയുണ്ട്.
കരടു നിയമപ്രകാരം ക്രൈസ്തവ സഭകളുടെയും മറ്റു വിഭാഗങ്ങളുടെയും മുഴുവൻ വരുമാനമാർഗങ്ങളുടെയും ചെലവുകളുടെയും കണക്കുകൾ ചാർട്ടേഡ് അക്കൗണ്ടന്റ് വർഷം തോറും ഓഡിറ്റ് ചെയ്യണം. ഇടവക തലം മുതൽ ഇതു ചെയ്യേണ്ടതുണ്ട്. ഇവർ തയാറാക്കുന്ന ഓഡിറ്റ് റിപ്പോർട്ട് നിയമത്തിൽ നിഷ്കർഷിക്കുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ സമർപ്പിക്കണം. ഈ ഉദ്യോഗസ്ഥൻ സഭയുടെയോ ഇതര വിഭാഗത്തിന്റെയോ പ്രതിനിധികൾ ഉൾപ്പെടുന്ന യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കണം.
പരാതികൾ പരിഹരിക്കുന്നതിനായി ചർച്ച് ട്രൈബ്യൂണൽ സ്ഥാപിക്കാനും കരടു ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ജില്ലാ ജഡ്ജിയോ ജില്ലാ ജഡ്ജിയുടെ പദവി വഹിച്ചിരുന്ന ആളോ അംഗമായ ഏകാംഗ ട്രൈബ്യൂണലോ, ജില്ലാ ജഡ്ജി അധ്യക്ഷനായും ജില്ലാ ജഡ്ജിയാകാൻ യോഗ്യതയുള്ള മറ്റു രണ്ടു പേരും ഉൾപ്പെടുന്ന മൂന്നംഗ ട്രൈബ്യൂണലോ ആണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ക്രൈസ്തവ സഭയിലോ ഏതെങ്കിലും വിഭാഗത്തിലോ ഉള്ള ഏതൊരാൾക്കും ഫണ്ട് വിനിയോഗം സംബന്ധിച്ചോ സ്വത്തുക്കളുടെ ഭരണം സംബന്ധിച്ചോ ഉള്ള തീരുമാനങ്ങളിൽ പരാതിയുണ്ടെങ്കിൽ ട്രൈബ്യൂണലിനു മുന്പാകെ അവതരിപ്പിക്കാം. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും. ഇതു സംബന്ധമായ ചട്ടങ്ങൾ സർക്കാർ രൂപീകരിക്കും.
സഭയുടെ മുഴുവൻ സ്വത്തുക്കളും ഇപ്രകാരം കണക്കു ബോധിപ്പിക്കേണ്ടതിൽ ഉൾപ്പെടും. സഭയുടെയും മറ്റു വിഭാഗങ്ങളുടെയും മെംബർഷിപ് തുക, സംഭാവനകൾ, വിശ്വാസികൾ നൽകുന്ന മറ്റു സംഭാവനകൾ, സേവന പ്രവർത്തനങ്ങളും ശുശ്രൂഷകളും നടത്തുന്നതിനുള്ള ഫണ്ട് തുടങ്ങി എല്ലാ ഇനം വരവും നിയമത്തിന്റെ പരിധിയിൽ വരും.
എപ്പിസ്കോപ്പൽ സഭകളും പെന്റക്കോസ്റ്റൽ വിഭാഗങ്ങളുമുൾപ്പെടെയുള്ള സംസ്ഥാനത്തെ മുഴുവൻ ക്രൈസ്തവ വിഭാഗങ്ങൾക്കും ബാധകമാകുന്നതാണ് ഈ നിയമം. ക്രൈസ്തവ വിഭാഗങ്ങൾ നടത്തുന്ന ട്രസ്റ്റുകളും മറ്റും ഇപ്പോൾ തന്നെ വരവു ചെലവു സംബന്ധിച്ച കണക്കുകൾ കേന്ദ്ര സർക്കാർ മുമ്പാകെ സമർപ്പിക്കുന്നുണ്ട്. കൂടാതെ സിവിൽ നിയമങ്ങളും നികുതി നിയ മങ്ങളും ബാധകമാണ്. ഇതു കൂടാതെയാണ് സംസ്ഥാന സർക്കാർ പുതിയ നിബന്ധനകളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കാൻ നീക്കം നടത്തുന്നത്.
കേരള നിയമ പരിഷ്കരണ കമ്മീഷൻ തയാറാക്കിയ ദ കേരള ചർച്ച് (പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ്) ബിൽ 2019 എന്ന പേരിലുള്ള ബില്ലിന്റെ കരട് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.lawreforms co mmission.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിൽ സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും മാർച്ച് ആറിനുളളിൽ keralalawreforms@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ സമർപ്പിക്കാം.