പ്രതി തന്നെ വിവാഹം കഴിക്കണമെന്നു ആവശ്യപ്പെട്ട കുറ്റത്തിന് യുവതിയെയും അമ്മയെയും ചുറ്റികയ്ക്കു അടിച്ചു കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു
April 3, 2019
പ്രതി തന്നെ വിവാഹം കഴിക്കണമെന്നു ആവശ്യപ്പെട്ട കുറ്റത്തിന് യുവതിയെയും അമ്മയെയും ചുറ്റികയ്ക്കു അടിച്ചു കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു
മുണ്ടക്കയം : നിസ്സാര കാര്യത്തിന് ഇരട്ട കൊലപാതകം നടത്തിയ സജിമോന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ചോദ്യം ചെയ്ത പൊലീസുകാരെ പോലും അമ്പരപ്പിച്ചു. ഒരു ഈച്ചയെ കൊല്ലുന്ന ലാഘവത്തോടെ രണ്ടുപേരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന പ്രതി ആ കാര്യങ്ങൾ വിവരിച്ചതും വളരെ ലാഘവത്തോടെ തന്നെ. പ്രതിയെ വിവാഹം കഴിക്കണമെന്ന ആവശ്യപ്പെട്ടതായിരുന്നു ദാരുണമായി മരണപ്പെട്ട യുവതിയും അമ്മയും ചെയ്ത കുറ്റം.
‘‘തങ്കമ്മയുടെ കൈയിൽ നിന്നു ചായ വാങ്ങിക്കുടിച്ച ശേഷം ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി. ശബ്ദം കേട്ടു മുറ്റത്തു നിന്നു വീട്ടിലേക്കു കയറിയ സിനിയെയും പിന്നിൽ നിന്ന് അടിച്ചു .’’ കൂട്ടിക്കൽ പ്ലാപ്പള്ളിയിലെ ഇരട്ടക്കൊലപാതകം നടത്തിയ രീതി പ്രതി തെളിവെടുപ്പിനിടെ പൊലീസിനോട് വിശദീകരിച്ചു. ഇന്നലെ രാവിലെ പ്രതി ഏന്തയാർ ചാത്തൻപ്ലാപ്പള്ളി മുത്തശേരിയിൽ സജിമോനെ (35) സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്ലാപ്പള്ളി ചിലമ്പിക്കുന്നേൽ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (80) മകൾ സിനി(40) എന്നിവരാണ് കൊല്ലപ്പെട്ടത്.
ആ വെളിപ്പെടുത്തലിന്റെ ഞെട്ടിക്കുന്ന വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :
പൊലീസ് പറയുന്നത്: പ്ലാപ്പള്ളിയിലെ കുന്നിൻ മുകളിൽ വിജനമായ സ്ഥലത്തുള്ള ചെറിയ വീട്ടിൽ തങ്കമ്മയും മകൾ സിനിയും തനിച്ചായിരുന്നു താമസം. തങ്കമ്മയുടെ ഭർത്താവ് കുട്ടപ്പൻ ആറ് വർഷം മുൻപ് മരിച്ചു. ഭർത്താവ് ഉപേക്ഷിച്ച സിനി അമ്മയോടൊപ്പം ആയിരുന്നു. വർഷങ്ങൾക്ക് മുൻപ് പറമ്പിൽ പണിക്കു വന്നതാണ് സജി. ഇതിനിടെ സിനിയുമായി അടുപ്പമായി. തിങ്കളാഴ്ച വൈകിട്ട് എത്തിയ സജിയോട് സിനി, തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കേസ് കൊടുക്കുമെന്നു പറഞ്ഞു. മറുപടി പറയാതെ തങ്കമ്മയോട് 500 രൂപ കടം വാങ്ങി സജി മടങ്ങി. ചൊവ്വാഴ്ച വൈകിട്ട് സജി വീണ്ടും അവിടെ എത്തി.
കൊല്ലാൻ പദ്ധതിയിട്ട സജി ചുറ്റികയുമായിട്ടാണു വന്നത്. സംസാരത്തിനിടെ വിവാഹക്കാര്യം പറഞ്ഞ് വാക്കേറ്റം ഉണ്ടായി. തുടർന്ന് സിനി മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ സജി തിണ്ണയിൽ നിലത്ത് ഇരിക്കുകയായിരുന്ന തങ്കമ്മയുടെ തലയിൽ ചുറ്റിക ഉപയോഗിച്ച് അടിച്ചു . തുടർന്ന് നടന്നു വന്ന സിനിയുടെ മുൻപിലേക്കു ചാടിയ സജി ചുറ്റിക കൊണ്ട് സിനിയുടെയും തലയ്ക്ക് അടിച്ചു. മരണം ഉറപ്പായതോടെ മറ്റൊരു വഴിയിലൂടെ കൂട്ടിക്കൽ ടൗണിലേയ്ക്ക് പോയി. കൊലപാതകത്തിന് ശേഷം സിനിയുടെ കാലിൽ നിന്ന് പാദസരം ഉൗരി എടുത്ത് സ്വർണം പണയം വച്ച ശേഷം മുണ്ടക്കയത്ത് എത്തി ലോഡ്ജിൽ മുറി എടുത്ത് താമസിച്ചു.
സജി പാദസ്വരം പണയം വച്ചതു കുഞ്ഞിനു സുഖമില്ലെന്നു പറഞ്ഞാണ് . 26ന് രാത്രി എട്ടരയോടെയാണ് സജി സ്വർണ പണയ സ്ഥാപനത്തിൽ എത്തുന്നത്. മദ്യലഹരിയിൽ ആയിരുന്ന ഇയാൾ പണയം വയ്ക്കുവാൻ വന്നതാണ് എന്ന് അറിയിച്ചപ്പോൾ മുൻപരിചയം ഇല്ലാത്തതിനാൽ പറ്റില്ല എന്ന് പറഞ്ഞ് സ്ഥാപന അധികൃതർ പണയം എടുക്കാൻ തയാറായില്ല. കുറച്ചു നേരം കഴിഞ്ഞ് വീണ്ടും എത്തുകയും മകൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് എന്നും എത്രയും വേഗം പോകണമെന്നും അതിനാണ് പണയം വയ്ക്കുന്നതെന്നും അറിയിച്ചു. ഭാര്യയുടെ പാദസ്വരം ആണെന്നാണ് പറഞ്ഞത്. പ്ലാപ്പള്ളി സ്വദേശിയാണെങ്കിലും സജിക്ക് കൂട്ടിക്കൽ ടൗണുമായി വലിയ ബന്ധം ഇല്ല. കൂട്ടിക്കലിൽ സജിയുടെ ഒരു ബന്ധു ഉണ്ട് .ഇദ്ദേഹത്തിന്റെ പേരു പറഞ്ഞ് വീണ്ടും പരിചയപ്പെടുത്തിയതോടെയാണ് പണയം എടുക്കാൻ സ്ഥാപനം തയാറായത്.
പിടിക്കപ്പെടുമെന്നായപ്പോൾ ആത്മഹത്യ ചെയ്യാൻ സജി ശ്രമിച്ചു. ചാത്തൻപ്ലാപ്പള്ളിയിൽ വീട്ടിൽ തനിച്ചാണ് സജിയുടെ താമസം. ഭാര്യ മുൻപ് വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. സംഭവത്തിന് ശേഷം പിടിക്കപ്പെടുന്നതു വരെ സജി സദാ സമയവും മദ്യലഹരിയിലായിരുന്നു. കുടുങ്ങുമെന്ന് ഉറപ്പായ സജി, കളനാശിനി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇൗ സമയത്താണ് പൊലീസ് സംഘം എത്തി പിടികൂടിയത്. കോട്ടയത്ത് പോയി ട്രെയിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനം എടുത്തിരുന്നതായും സജി പൊലീസിനോട് പറഞ്ഞു.
അമ്മയെയും മകളെയും അടിച്ചു കൊന്ന സംഭവത്തിൽ കൊല്ലാനുപയോഗിച്ച ചുറ്റിക കണ്ടെത്താനായില്ല. ഇന്നലെ വൈദ്യ പരിശോധനകൾക്ക് ശേഷം 12 മണിയോടെയാണ് തെളിവെടുപ്പു നടത്തിയത്. കൂട്ടിക്കൽ ടൗണിലെ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു സിനിയുടെ പാദസരം പൊലീസ് കണ്ടെടുത്തു. ജീവനക്കാർ സജിയെ തിരിച്ചറിഞ്ഞു. പ്രധാന തെളിവായ ചുറ്റിക കണ്ടെടുക്കാനുള്ള ശ്രമം ഇന്നും തുടരും. കൊലപാതക ശേഷം കാട്ടിലേക്കു ചുറ്റിക വലിച്ചെറിഞ്ഞു എന്നാണ് സജി പറഞ്ഞത്.
ഇതോടെ ഇന്നലെ രാവിലെ മുതൽ വീടിന് സമീപത്തെ റബർ തോട്ടത്തിൽ പൊലീസ് പരിശോധനകൾ നടത്തി. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചായിരുന്നു പരിശോധന. മൂന്നു മണിവരെ പരിശോധന നടത്തിയിട്ടും ചുറ്റിക കണ്ടെത്താനായില്ല. കൊല്ലപ്പെട്ട സിനിയുടെ ഒന്നര പവൻ തൂക്കമുള്ള പാദസരം പതിനായിരം രൂപയ്ക്കാണ് പണയം വച്ചത്. പണയ ഉരുപ്പടി, സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുവന്നത് അറിഞ്ഞ് കടയ്ക്ക് മുൻപിൽ ജനം തടിച്ചു കൂടി.
ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസിന്‍റെ നിര്‍ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡി.വൈ. എസ്.പി എസ്.മധുസൂധനൻ ,CI മാരായ അജിചന്ദ്രൻ ,ബൈജു കെ ജോസ്, SI മാരായ ജോസി ടി.കെ, വർഗീസ് പി.വി ,ASI മാരായ ബിനോയി, പുഷ്പാംഗതൻ, SCPO മാരായ അഭിലാഷ്, നവാസ്, വിജയരാജ് ,CPO മാരായ റിച്ചാർഡ് സേവ്യർ, ശ്യാം ,രാഹുൽ, സൈബർ സെൽ ഉദ്യോഗസ്ഥരായ ജോർജ്, സതീശ് കുമാര്‍, ജോബിൻസ് ജെയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ വിവാഹം കഴിക്കണമെന്ന ആവശ്യപ്പെട്ട കുറ്റത്തിന് യുവതിയെയും അമ്മയെയും ചുറ്റികയ്ക്കു അടിച്ചു കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു