നവകേരള സദസ്സിനായി പഴയ സ്കൂൾ കെട്ടിടം പൊളിച്ചു ; വിവാദം

പൊൻകുന്നം: ഗവ.വി.എച്ച്.എസ്.എസിന്റെ പഴയ കെട്ടിടം പൊളിച്ചുമാറ്റി മൈതാനമായി മാറ്റി നവകേരള സദസ്സിനായി വേദിയൊരുങ്ങുന്നു. കെട്ടിടം പൊളിക്കലും പുതിയകവാടം നിർമിക്കലും ഇതിനിടെ വിവാദവുമായി.

നവകേരള സദസ്സിന് വേദിയായി മാറിയ സ്‌കൂൾ വളപ്പിലെ പൊളിക്കലും നിർമാണ പ്രവൃത്തികൾക്കും സാധാരണ ഗതിയിലുള്ള ചുവപ്പുനാടക്കുരുക്കുകളില്ല. ടെൻഡർ നടപടിയായി തൊട്ടടുത്തദിവസംതന്നെ സ്‌കൂൾകെട്ടിടം പൊളിക്കുന്നതിന് നവകേരള സദസ്സ് തുണയായി. ദർഘാസ് അംഗീകരിക്കലും കരാർപ്രകാരം പൊളിച്ചുനീക്കലും ദിവസങ്ങൾക്കുള്ളിൽ നടന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഇരുനിലമന്ദിരം പൂർണമായും പൊളിച്ചുമാറ്റി നിരപ്പാക്കി മൈതാനസമാനമാക്കി.

സെപ്റ്റംബർ 27-ന് മാനേജിങ് കമ്മിറ്റികൂടി ചീഫ് വിപ്പ് ഡോ. എൻ.ജയരാജിനും ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാറിനും സ്‌കൂൾ കെട്ടിടം പൊളിക്കുന്നതുസംബന്ധിച്ച് പരാതി നൽകി. ഒക്ടോബർ 28-ന് ജില്ലാ വികസനസമിതിയിൽ ചീഫ് വിപ്പ് വിഷയം ഉന്നയിച്ചു. അന്നുതന്നെ വിദ്യാഭ്യാസ ഉപഡയറക്ടർ കെട്ടിടം പൊളിക്കാൻ അനുമതി നൽകി. പഞ്ചായത്ത് വിലനിശ്ചയിച്ചുനൽകിയതോടെ ടെൻഡർ വിളിച്ചു. ഈ മാസം 21-നായിരുന്നു കെട്ടിടം പൊളിക്കുന്നതിന് ലേലം നടത്തിയത്. 76 പേർ പങ്കെടുത്ത ലേലത്തിൽ ആലപ്പുഴ സ്വദേശിക്ക് ലേലം ഉറപ്പിച്ചുനൽകി. ഒരാഴ്ചയ്ക്കുള്ളിൽ കെട്ടിടം പൊളിച്ചുനീക്കി.

ഇതിനിടെ കെട്ടിടം തിരക്കിട്ട് പൊളിച്ചുമാറ്റുന്നതും കവാടമൊരുക്കുന്നതും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേൽക്കുന്നതിനെന്ന സമൂഹമാധ്യമങ്ങളിലെ വിവാദം രാഷ്ട്രീയ തർക്കങ്ങൾക്കും വഴിയൊരുക്കി. എന്നാൽ ഉപയോഗശൂന്യമായി മാറിയ കെട്ടിടം പൊളിക്കുന്നതിന് മുമ്പേ തീരുമാനമായിരുന്നുവെന്നും നവകേരളസദസ്സുമായി ഇതിനെ ബന്ധിപ്പിക്കേണ്ടതില്ലെന്നും സ്‌കൂൾ അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. സി.പി.എം., ഡി.വൈ.എഫ്.ഐ. ഭാരവാഹികൾ സമൂഹമാധ്യമങ്ങളിലും സമാനവിശദീകരണം വിവാദമുയർത്തിയവർക്കായി നൽകുന്നുമുണ്ട്. ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ 2022-ൽ അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് മതിലിന്റെയും കവാടത്തിന്റെയും നിർമാണമെന്ന് വിശദീകരിച്ചു.

മരങ്ങൾ മുറിക്കുന്നതിന് സോഷ്യൽഫോറസ്ട്രി വിഭാഗത്തിന്റെ അനുമതിക്ക് കാലതാമസം വന്നു. പിന്നീട് ഈ വർഷം ഓഗസ്റ്റിൽ നിർമാണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് സ്‌കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ പി.ജി.ജനീവ് വിശദീകരിച്ചു.

error: Content is protected !!