കാഞ്ഞിരപ്പള്ളിയിൽ അപകട പരമ്പര .. ഇന്നലെ കാഞ്ഞിരപ്പള്ളിയിൽ നടന്നത് മൂന്ന് അപകടങ്ങൾ .. നിരവധി പേർക്ക് പരുക്ക് ..
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലും ചുറ്റുവട്ടത്തുമായി മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്നലെ മൂന്ന് അപകടങ്ങളാണ് നടന്നത്. നിരവധിപേർക്ക് പരുക്കുപറ്റി .
കാഞ്ഞിരപ്പള്ളി ടൗണിൽ മിനി സിവിൽ സ്‌റ്റേഷന് സമീപം , ഇന്നലെ പന്ത്രണ്ടരയോടെ , നിയന്ത്രണം തെറ്റിയ കാർ മറ്റൊരു കാറിൽ ഇടിച്ചശേഷം റോഡിന്റെ എതിർ വശത്തുള്ള മതിലിൽ ഇടിച്ചുനിന്നു. രാവിലെ എട്ടരയോടെ കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല് തടിമില്ലിനു സമീപം കെഎസ്ആർടിസി ബസ് സ്വകാര്യ ബസിലും കാറിലും ഇടിച്ചു 10 പേർക്കു പരുക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 3നു ദേശീയപാതയിൽ വെളിച്ചിയാനിക്കു സമീപം, നിയന്ത്രണം വിട്ട ബൈക്ക് എതിരെ എത്തിയ ലോറിയിൽ ഇടിച്ചുഉണ്ടായ അപകടത്തിൽ, പരുക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
രാവിലെ എട്ടരയോടെയാണ് ആദ്യത്തെ അപകടം സംഭവിച്ചത്. ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല് തടിമില്ലിനു സമീപം കെഎസ്ആർടിസി ബസ് സ്വകാര്യ ബസിലും കാറിലും ഇടിച്ചു 10 പേർക്കു പരുക്കേറ്റു. പരുക്കേറ്റ ബസ് യാത്രക്കാരായ സുനി (43), സോണി (44), കുഞ്ഞുമേരി (54), ജിസ്മി (20) എന്നിവർക്കും നിസ്സാര പരുക്കേറ്റു. ഇവർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തേടി. അമിത വേഗത്തിൽ കാറിനെ മറികടന്നെത്തിയ കെഎസ്ആർടിസി ബസ് സ്വകാര്യ ബസിലും കാറിലും ഇടിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് മാനന്തവാടിക്കുള്ള, തിരുവനന്തപുരം ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസ് കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാഞ്ഞിരപ്പള്ളിയിലേക്ക് വന്ന സ്വകാര്യ ബസിന്റെ വലതു വശത്ത് ഇടിക്കുകയായിരുന്നു.

അടുത്ത അപകടം നടന്നത് പന്തണ്ടരയോടെയാണ് . ഇടക്കുന്നം സ്വദേശിയായ യുവാവ് , കാഞ്ഞിരപ്പള്ളി ടൗണിൽ ദേശീയ പാതയിൽ കെ ആർ ബേക്കേഴ്‌സിൽ നിന്നും കാർ പുറത്തേക്ക് എടുത്തപ്പോൾ, നിയന്ത്രണം വിട്ട് എതിരെ വന്ന കാറിൽ ഇടിച്ച ശേഷം , സിവിൽ സ്റ്റേഷൻ മതിലിൽ ഇടിച്ചുനിൽക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം തകർന്നെങ്കിലും കാറിൽ എയർ ബാഗ് സംവിധാനം ഉണ്ടായിരുന്നതിനാൽ യാത്രക്കാരന് പരുക്കേറ്റില്ല. ഇരുകൂട്ടർക്കും പരാതി ഇല്ലാതിരുന്നതിനാൽ കേസെടുത്തില്ല .
മൂന്നാമത്തെ അപകടം നടന്നത് ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് . ദേശീയപാതയിൽ വെളിച്ചിയാനിക്കു സമീപമണ് അപകടം നടന്നത്.
ബൈക്കും ലോറിയും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ആനക്കല്ല് മടുക്കക്കുഴി സിറിയക് തോമസിനെ (41) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് എതിരെ എത്തിയ ലോറിയിൽ ഇടിക്കുകയായിരുന്നു.ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ലോറി റോഡരികലെ തിട്ടയിൽ ഇടിച്ചു ചെരിഞ്ഞു. ബൈക്കിൽനിന്നു തെറിച്ചു വീണ സിറിയക്കിന്റെ കാലിനും തോളിനും പരുക്കേറ്റു. മറിഞ്ഞു വീണ ബൈക്കിന്റെ മുൻചക്രത്തിലൂടെ ലോറി കയറിയിറങ്ങി.

കൊടുങ്ങൂരിൽ ഇന്നലെ മറ്റൊരപകടം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ന്നലെ വൈകിട്ട് 4.45നു ദേശീയപാത 183ൽ കൊടുങ്ങൂർ ടിഎംഎം ആശുപത്രിപടിക്കു സമീപമാണ് അപകടം നടന്നത് . പൊൻകുന്നം ഭാഗത്തു നിന്നു കൊടുങ്ങൂരിലേക്കു പോയ ജീപ്പ് നിയന്ത്രണംവിട്ടു റോഡരികിൽ ടയർ മാറ്റാൻ നിർത്തിയ കാറിലിടിച്ച ശേഷം സമീപത്തെ പറമ്പിലേക്ക് തെന്നിയിറങ്ങി പോകുകയായിരുന്നു. ജീപ്പിൽ ഉണ്ടായിരുന്നയാൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡിന്റെ അരികിൽ നിന്നിരുന്ന ഇളംപള്ളി സ്വദേശി കാർ ഉടമ ആകാശിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

