അവിശ്വസനീയം.. അത്ഭുതകരം.. ഈ രക്ഷപെടീൽ…

കാഞ്ഞിരപ്പള്ളി ∙ തടികയറ്റി വന്ന മിനി ലോറി, അമിതവേഗത്തിൽ വളവിൽ വീശിയെടുത്തു വന്നപ്പോൾ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്കു മറിഞ്ഞു; കാറിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. കൊടുവന്താനം ശാന്തിനഗർ കൊല്ലപ്പുരയിടം നജീബ് (56) ആണു കാറിനുള്ളിൽ കുടുങ്ങിപ്പോയത്. നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. ബുധനാഴ്ച രാത്രി എട്ടോടെ ടൗണിനു സമീപം കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിലായിരുന്നു അപകടം.

ടൗണിൽ ഫയർ സ്റ്റേഷനു സമീപം ആക്രിക്കട നടത്തുന്ന നജീബ് കാറിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു. അതിനിടെ, കാർ നിർത്തി ഒരു കടയിൽ നിന്നു പാൽ വാങ്ങി. തിരികെ കാറിലേക്കു കയറിയപ്പോഴായിരുന്നു സംഭവം. ഈരാറ്റുപേട്ട ഭാഗത്തേക്കു പോവുകയായിരുന്ന ലോറി കാറിനു മുകളിലേക്കു മറിയുകയായിരുന്നു. കാർ പൂർണമായി ലോറിക്കും തടികൾക്കും അടിയിലായി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീടു ലോറിയിലെ കെട്ടഴിച്ച് തടി നീക്കിയശേഷം കാറിന്റെ മുൻഭാഗത്തെ തകിട് അറുത്തുമാറ്റിയാണു നജീബിനെ പുറത്തെടുത്തത്. നടുവിനും കാലിനും തോളിലും ചതവേറ്റ നജീബിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ പരിശോധനയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപകടംമൂലം കാഞ്ഞിരപ്പള്ളി –ഈരാറ്റുപേട്ട റോഡിൽ ‍ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.

അപകടത്തിന് ഇടയാക്കിയ ലോറി ഡ്രൈവർ കാഞ്ഞിരപ്പള്ളി ടൗണിൽ വച്ച് രണ്ടു വാഹനങ്ങൾക്ക് ഉരസി കശപിശ ഉണ്ടാക്കിയ ശേഷമാണ് അപകടത്തിൽ പെടുന്നത് . അയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പറയപ്പെടുന്നു. പോലീസ് അയാളുടെ മെഡിക്കൽ ചെക് ആപ്പ് നടത്തി.

അപകടം നടന്ന സമയത്ത് കാഞ്ഞിരപ്പള്ളി എം എൽ എ ഡോ. എൻ. ജയരാജ് കോട്ടയത്തായിരുന്നു. അപകടം നടന്നയുടനെ, കാറിന്റെ ഡ്രൈവർ ലോറിയുടെ തടികൾക്കിടയിൽ കുരുങ്ങി കിടക്കുകയാണെന്നും, രക്ഷപെടുത്തിയയാലും ഗുരുതര പരിക്കുകൾ സംഭവിച്ചേക്കാമെന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നും അജു പനക്കൽ അറിയിച്ചതിനെ തുടർന്ന്, എം എൽ എ നേരിട്ട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചെന്ന് അപകടത്തിൽ പെട്ടയാളെ കൊണ്ടുവന്നാൽ ആശുപത്രിയിൽ വിദഗ്ധ ചികിത്സ ചെയ്യുന്നതിനുവേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്തിരുന്നു. പിന്നീട്ട് ചെറിയ പരിക്കുകളോടെ അപകടത്തിൽ പെട്ടയാളെ രക്ഷപെടുത്തി എന്നറിഞ്ഞയുടനെ ഡോ. എൻ. ജയരാജ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തി നജീബിനെ സന്ദർശിച്ചു ആവശ്യമായ സഹായങ്ങൾ ക്രമീകരിച്ചു.

വീഡിയോ കാണുക..

വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക..

https://fb.watch/oDfFzEJxfn/?mibextid=Nif5oz

error: Content is protected !!