‘ഓപ്പറേഷൻ തൂഫാൻ’ – കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷൻ പരിധിയിൽ ബോധവൽക്കരണ ക്ലാസ്സുകൾക്ക് തുടക്കമായി .
കാഞ്ഞിരപ്പള്ളി : സംസ്ഥാന ഗവൺമെൻറിന്റെ ലഹരി മുക്ത കേരളം എന്ന പോരാട്ടത്തിന്റെ ഭാഗമായി കലാലയങ്ങളിൽ നിന്ന് ലഹരി തുടച്ചുമാറ്റുന്നതിന് വേണ്ടി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ എന്ന പ്രോജക്ടിന്റെ ഭാഗമായി, കാഞ്ഞിരപ്പള്ളി സ്റ്റേഷൻ അതിർത്തിയിൽ പെട്ട സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജൂൺ 5 ന് കൂവപ്പള്ളി സെൻറ് ജോസഫ് ഹൈസ്കൂളിൽ വച്ച് 2026 27 വർഷത്തെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മീറ്റിംഗും കുട്ടികൾക്കും അധ്യാപകർക്കും ഉള്ള ബോധവൽക്കരണ ക്ലാസും നടത്തി.
പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരി വിപത്തിനെതിരെ പ്രതിരോധം തീർക്കുന്നതിനുമായി കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂൾ സംരക്ഷണ സമിതിയുടെ (SPG) പ്രത്യേക യോഗം ചേർന്നു. സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഹെഡ്മിസ്ട്രെസ് ശ്രീമതി ജോഷിന മേരി അധ്യക്ഷത വഹിച്ചു.
സ്കൂൾ സമയത്തിന് ശേഷം കുട്ടികൾ ടൗണിൽ കൂടുതൽ സമയം ചുറ്റിത്തിരിയുന്നതും പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും തടയാൻ യോഗത്തിൽ കർശന തീരുമാനങ്ങളുണ്ടായി. കുട്ടികൾക്ക് ലഹരിവസ്തുക്കൾ വില്പന നടത്തുന്ന വ്യാപാരികളുടെ വിവരങ്ങൾ ശേഖരിച്ച് പോലീസിന് കൈമാറും. ഇത്തരം കടകൾക്കെതിരെ ഉടനടി നിയമനടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത പോലീസ് പ്രതിനിധികൾ ഉറപ്പുനൽകി.
വിദ്യാർത്ഥികൾ സ്കൂൾ വിട്ടതിനു ശേഷം സുരക്ഷിതമായി ബസുകളിൽ കയറി പോകുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധ്യാപകർക്ക് ബസ് സ്റ്റോപ്പ് പരിസരങ്ങളിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രത്യേക ഡ്യൂട്ടി നിശ്ചയിച്ചു. വരും ദിവസങ്ങളിൽ കുട്ടികൾക്കായി ട്രാഫിക് പരിശീലനം, ലഹരിവിരുദ്ധ ബോധവൽക്കരണം, സോഷ്യൽ മീഡിയ കെണികൾ (Social Media Trap) എന്നിവയെക്കുറിച്ച് വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ക്ലാസുകൾ സംഘടിപ്പിക്കും. കൂടാതെ, തദ്ദേശസ്വയംഭരണ ഫണ്ട് വിനിയോഗിച്ച് സ്കൂളിലെ കുടിവെള്ള സംവിധാനങ്ങളും ശുചിമുറികളും നവീകരിക്കാനും മഴക്കാലത്തിന് മുന്നോടിയായി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ തീർക്കാനും തീരുമാനമായി.
യോഗത്തിന് ശേഷം കേരള പോലീസ് ലഹരിക്കെതിരെ സംസ്ഥാനതലത്തിൽ നടത്തുന്ന “തൂഫാൻ” പ്രൊജക്റ്റിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എരുമേലി സബ് ഇൻസ്‌പെക്ടർ നെൽസൺ ക്ലാസ് നയിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു.
പി.ടി.എ പ്രസിഡന്റ് എം. എൻ. മനോജ്, വാർഡ് മെമ്പർ ജോസഫ് സെബാസ്റ്റ്യൻ, വ്യാപാരി പ്രതിനിധി സോണി സെബാസ്റ്റ്യൻ, ഓട്ടോ ഡ്രൈവർ യൂണിയൻ പ്രതിനിധി ലിജോമോൻ, എം.പി.ടി.എ പ്രസിഡന്റ് മജിത ബിജു, സജിമോൾ സുരേഷ്, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.ഐ അനിൽകുമാർ, എ.എസ്.ഐ സീന, സി.പി.ഒ ബിനോയ്മോൻ എന്നിവരും സ്കൂൾ അധ്യാപകരും ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു.
ജൂൺ 8 ന് , കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കന്ററി സ്‌കൂളിലും, ജൂൺ 10 ന് എ.കെ.ജെ.എം. സ്‌കൂളിലും , ജൂൺ 11 ന് കാഞ്ഞിരപ്പള്ളി പേട്ട ഗവണ്മെന്റ് ഹൈസ്‌കൂളിലും , തുടർന്ന് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മുഴുവൻ സ്കൂളുകളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവാനും ലഹരി ക്കെതിരെ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചതായി കാഞ്ഞിരപ്പള്ളി SHO അറിയിച്ചു.
