പരിസ്ഥിതി ദിനാചരണം: സീഡ് ബോൾ നിർമിച്ചു
വാഴൂർ: പരിസ്ഥിതി ദിനാചരണഭാഗമായി വാഴൂർ ശ്രീവിദ്യാധിരാജ എൻ.എസ്.എസ്.കോളേജ് ബോട്ടണി വകുപ്പ് സീഡ് ബോൾ നിർമാണ പരിപാടി നടത്തി. പച്ചക്കറി വിത്തുകൾ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ രീതിയിൽ സീഡ് ബോളുകൾ തയ്യാറാക്കിയ വിദ്യാർഥികൾ അവ അധ്യാപകർക്കും ഓഫീസ് ജീവനക്കാർക്കും വിദ്യാർഥികൾക്കും വിതരണം ചെയ്തു. വീടുകളിലും പരിസര പ്രദേശങ്ങളിലുമായി ഇവ നട്ട് വളർത്തുന്നതിലൂടെ ഹരിതാഭ ഭാവി സൃഷ്ടിക്കാനാകുമെന്ന സന്ദേശമാണ് നൽകിയത്.
പ്രിൻസിപ്പൽ പ്രൊഫ. പ്രീതി കെ. പിള്ള ഉദ്ഘാടനം ചെയ്തു. ബോട്ടണി വിഭാഗം മേധാവി ഡോ.പ്രീത പിള്ള, അധ്യാപകരായ ഡോ. കെ.ജയകുമാർ, ഡോ.എം.ജി. രാജേഷ് എന്നിവർ നേതൃത്വം നൽകി.
