KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

റംബുട്ടാൻ: കർഷകരും വ്യാപാരികളും പ്രതിസന്ധിയിൽ..

എരുമേലി : നഷ്ടമായതോടെ റംബുട്ടാൻ എടുക്കാൻ ആളില്ല, കർഷകരും വ്യാപാരികളും പ്രതിസന്ധിയിൽ. സാധാരണ കായ്കൾ വിളയുന്നതിനു മുൻപു തന്നെ വ്യാപാരികൾ വില ഉറപ്പിച്ച് അഡ്വാൻസും നൽകി മരങ്ങൾ വലയിട്ട് മൂടുകയാണ് പതിവ്. എന്നാൽ ഇത്തവണ മലയോര മേഖലകളിൽ മിക്ക സ്ഥലങ്ങളിലും റംബുട്ടാൻ വാങ്ങാൻ കച്ചവടക്കാർ എത്തിയില്ല. റംബുട്ടാൻ പഴുത്ത് പാകമായത് കിളികളും അണ്ണാനും തിന്നുതീർക്കുന്നു.

മുൻ വർഷങ്ങളിൽ ഉണ്ടായ കനത്ത നഷ്ടമാണ് വ്യാപാരികൾ മാറി നിൽക്കുന്നതിന്റെ പ്രധാന കാരണം. കഴിഞ്ഞ വർഷം വില ഉയർന്നു നിന്ന സമയത്തു വലിയ വില നൽകി റംബുട്ടാൻ മരങ്ങൾക്ക് അഡ്വാൻസ് നൽകിയ വ്യാപാരികൾക്ക് വിൽപന സമയത്ത് പ്രതീക്ഷിച്ചതിന്റെ പകുതിപോലും വില ലഭിച്ചില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണമായത്. കനത്ത മഴയും മറ്റ് അധിക ചെലവുകളും പ്രതിസന്ധിക്ക് ആക്കം കൂട്ടി. നിലവിൽ നാടൻ കായ്ക്കു കിലോയ്ക്ക് 150 രൂപ യും ബഡ് കായ്ക്ക് 250 രൂപയാണ് ശരാശരി വിപണി വില. എന്നാൽ എല്ലാ ചെലവുകളും കഴിഞ്ഞ് പലപ്പോഴും വ്യാപാരികൾക്ക് തുച്ഛമായ ലാഭമാണു ലഭിക്കുന്നത്. പലപ്പോഴും നഷ്ടവും സംഭവിക്കാറുണ്ട്. ഇതാണ് റംബുട്ടാൻ വ്യാപാരികൾ പിന്മാറാൻ കാരണം.

കർഷകർക്ക് നൽകുന്ന വില കൂടാതെ റംബുട്ടാൻ വിളയുന്നതിനു മുൻപ് കിളികളും അണ്ണാനും തിന്നാതിരിക്കാൻ മരങ്ങളിൽ മൂടുന്ന വലയുടെ വില കിലോ 140 രൂപയാണ്. കടലിൽ മത്സ്യബന്ധനത്തിനു പോകുന്നവരുടെ വലകളാണു വ്യാപാരികൾ വാങ്ങുന്നത്. ഇത് ഉപ്പ് വെള്ളം പറ്റുന്നതിനാൽ ഒരു വർഷം മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. വല മരത്തിൽ മൂടാൻ തൊഴിലാളിക്ക് 1500 രൂപയാണ് ചെലവ്. പിന്നീട് റംബുട്ടാൻ പറിക്കുന്നതിനു കൂലിയും ചെലവും അടക്കം 1700 രൂപയാകും. ഇതിനു ശേഷം വല അഴിക്കുന്നതിനും 1500 രൂപ വീണ്ടും കൂലി കൊടുക്കണം . ഇത്രയും ചെലവുള്ളതുകൊണ്ട് ഇപ്പോഴത്തെ വിപണി വില ലാഭമല്ലെന്നാണ് ചില വ്യാപാരികൾ അഭിപ്രായപെടുന്നത്.

ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് റംബുട്ടാൻ കൃഷി സജീവമായുള്ളത്. മലയോര മേഖലകളിൽ മിക്ക വീടുകളിലും ഒരു റംബുട്ടാനെങ്കിലും ഉണ്ട്. റബർ വെട്ടിമാറ്റി പകരം റംബുട്ടാൻ കൃഷി ചെയ്ത മേഖലകളും ഉണ്ട്.

തമിഴ്‌നാട്ടിലും കേരളത്തിൽ മലബാർ മേഖലകളിലുമാണുണു റംബുട്ടാന്റെ വിപണി പ്രധാനമായും ഉണ്ടായിരുന്നത്. തമിഴ്നാട്ടിലെ വിപണി ഇടിയുകയും പലർക്കും പണം ലഭിക്കാതെ വരികയും ചെയ്തതോടെ കേരളത്തിലെ വ്യാപാരികൾ തമിഴ്‌നാട്ടിലെ വിപണികളിൽ നിന്ന് പിൻവാങ്ങി. മലബാർ മേഖലകളിലും ഇപ്പോൾ കൃഷി തുടങ്ങിയതോടെ ഇവിടെ നിന്നുള്ള റംബുട്ടാന്റെ വിലയിടിഞ്ഞു.

error: Content is protected !!