ശുചിമുറി ടാപ്പിലെ വെള്ളം ചായക്കടയിൽ ഉപയാഗിച്ചതിന് 25,000 രൂപ പിഴ ചുമത്തി.
എരുമേലി : ശൗചാലയത്തിലെ ടാപ്പിൽ നിന്നുള്ള വെള്ളം ഹോസ് ഇട്ട് ശബരിമല തീർത്ഥാടകർക്ക് വേണ്ടിയുള്ള ചായക്കടയിലേക്ക് ഭക്ഷണം ഉണ്ടാക്കുവാനായി ശേഖരിച്ച് ഉപയോഗിച്ചതായി കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് ചുമത്തിയത് കടയുടെ ലൈസൻസ് ഉടമ അടച്ചു. 25,000 രൂപ പിഴ ചുമത്തിയതിൽ 15,000 രൂപ ആണ് അടച്ചതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ആരോഗ്യ വകുപ്പാണ് പിഴ ചുമത്തി പഞ്ചായത്തിനു കൈമാറിയത്.
ദേവസ്വം ബോർഡിന്റെ വലിയ പാർക്കിംഗ് ഗ്രൗണ്ടിൽ സ്റ്റേഷനറി, സിന്ദൂരക്കട കരാർ എടുത്തയാൾ ഇതിനു സമീപം ചായക്കടയും പ്രവർത്തിപ്പിച്ചിരുന്നു. റവന്യു വിജിലൻസ് സ്ക്വാഡ് ആണ് കേസെടുത്ത് നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പിന് കൈമാറിയത്.
എരുമേലി ദേവസ്വം ബോർഡ് വലിയ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന കടയിലാണ് സംഭവം. എരുമേലി സ്വദേശി കറുത്തേടത്ത് ഷലീം എന്നയാൾ കരാർ എടുത്ത ബി4 (22) നമ്പർ കടയോട് ചേർന്ന് പടുത കെട്ടി മറച്ച റ്റീ ഷോപ്പിലാണ് ഇതിന് ചേർന്നുള്ള കക്കൂസിൽ നിന്നും പൈപ്പ് വഴി വെള്ളമെടുത്ത് കാപ്പിയും – ചായയും നൽകിയത് . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പിലെ സ്ക്വാഡ് എത്തി കയ്യോടെ പിടികൂടിയത്.
തുടർന്ന് ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. ഇവർ സ്ഥലത്തെത്തി സ്‌ക്വാഡ് നൽകിയ വിവരങ്ങൾ
പരിശോധിച്ച് കടയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.