KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂഞ്ഞാര്‍ പിടിക്കാന്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍?

നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആയേക്കും എന്നു സൂചന.

കേരള കോണ്‍ഗ്രസിന് പൂഞ്ഞാര്‍ സീറ്റ് ലഭിക്കുന്ന പക്ഷം ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി പൂഞ്ഞാര്‍ പിടിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

സീറ്റിന് അവകാശവാദവുമായി പല പേരുകളും ഉയര്‍ന്നു വരുന്നുണ്ടെങ്കിലും പാര്‍ട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗമായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിനാണ് പട്ടികയില്‍ മുന്‍തൂക്കം.

വളരെ ശക്തനും ജനസമ്മതനുമായ ഒരു സ്ഥാനാര്‍ഥി വേണം എന്ന നിലയ്ക്കാണ് പൂഞ്ഞാറില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ പാര്‍ട്ടി പരിഗണിക്കുന്നത് എന്നാണ് സൂചന.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് യൂണിയന്‍ ചെയര്‍മാനായി വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് ആകട്ടെ അജയ്യമായൊരു ട്രാക്ക് റെക്കോര്‍ഡ് ആണ് തെരഞ്ഞെടുപ്പ് രംഗത്തുള്ളത്.

ഇദ്ദേഹം പ്രസിഡന്റായ കൂവപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലേക്ക് ഏഴു തവണ നടന്ന തെരഞ്ഞെടുപ്പും, കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് രണ്ടു തവണ മല്‍സരിച്ചതുമടക്കം ഇതുവരെ മല്‍സരിച്ച 15 തെരഞ്ഞെടുപ്പുകളിലും തോല്‍വി അറിയാത്ത ആളാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍.

അതിലുപരി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുമായി വളരെ അടുത്ത ബന്ധവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലി രൂപപ്പെട്ട പ്രതിസന്ധിയില്‍ പാര്‍ട്ടിയോടും ജോസ് കെ മാണിയോടുമൊപ്പം നിലനിന്ന ആളെന്ന പരിഗണനയും അദ്ദേഹത്തിനു ലഭിച്ചേക്കാം.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം ചെയ്ത വികസന പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിനു മുതല്‍ക്കൂട്ടാണ്. അദ്ദേഹത്തിന്റെ ‘ക്ലീന്‍ കോട്ടയം, ഗ്രീന്‍ കോട്ടയം’ ക്യാംപെയ്ന്‍ സംസ്ഥാനം മുഴുവന്‍ ചര്‍ച്ചയായ ഒന്നായിരുന്നു.

ഏഴു കോടി രൂപയോളം മുടക്കി കോട്ടയം ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക ചികില്‍സാ സൗകര്യങ്ങള്‍ കൊണ്ടുവന്നതും അദ്ദേഹം പ്രസിഡന്റായിരുന്ന കാലയളവില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച നേതൃത്വം നല്‍കിയതും അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളില്‍ ചിലതു മാത്രമാണ്.

ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ കാഞ്ഞിരപ്പള്ളി ഡിവിഷനില്‍ മാത്രം 14 കോടി രൂപയുടെ വികസനമാണ് അദ്ദേഹം കൊണ്ടുവന്നത്. കാഞ്ഞിരപ്പള്ളി ഡിവിഷന് ഏറ്റവുമധികം വികസനം കൊണ്ടുവന്നതും അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.

കൂവപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക്, കാഞ്ഞിരപ്പള്ളി ബാര്‍ അസോസിയേഷന്‍, ലയണ്‍സ് ക്ലബ്, കാഞ്ഞിരപ്പള്ളി താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍, കാഞ്ഞിരപ്പള്ളി താലൂക്ക് റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടന, കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ എന്നിങ്ങനെ വിവിധ തുറകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന് പാര്‍ട്ടിക്കപ്പുറം വലിയൊരു സൗഹൃദ വലയവും പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലുണ്ട്.

കഴിഞ്ഞ 29 വര്‍ഷമായി മലനാട് ഡിവലപ്‌മെന്റ് സൊസൈറ്റി ബോര്‍ഡ് മെമ്പറായി പ്രവര്‍ത്തിക്കുന്നതും അദ്ദേഹത്തിന് മുതല്‍ക്കൂട്ടാണ്.

എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഒരുപോലെ പ്രിയങ്കരനാണ്. രണ്ടുവട്ടം ജില്ലാ പഞ്ചായത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കോട്ടയം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിങ്ങനെ എല്ലാ ഉത്തരവാദിത്വങ്ങളും വഹിച്ചിട്ടുണ്ട്.

ഈരാറ്റുപേട്ട സര്‍ക്കാര്‍ ആശുപത്രി താലൂക്ക് ആശുപത്രിയാക്കുന്നതിന് ആരോഗ്യ വകുപ്പിന് നിവേദനം നല്‍കി നാട്ടുകാര്‍ക്ക് ഒപ്പം നിന്ന കുളത്തുങ്കലിന് ഈരാറ്റുപേട്ടയിലെ ജനപിന്തുണയും വരുന്ന തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.

എല്ലാ മതനേതാക്കളുമായും തികച്ചും സൗഹൃദം പുലര്‍ത്തുന്ന കുളത്തുങ്കലിന് മുണ്ടക്കയം, ഈരാറ്റുപേട്ട, എരുമേലി അടക്കമുള്ള പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും മികച്ച ജനപിന്തുണയും സ്വീകാര്യതയുമുണ്ട്.

പാര്‍ട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം എന്നതിലപ്പുറം അദ്ദേഹത്തിന്റെ ജനപിന്തുണയും സ്വീകാര്യതയും ഏറ്റെടുത്ത ചുമതലകളെല്ലാം മികച്ച നിലയില്‍ പൂര്‍ത്തികരിച്ചതും സിപിഎം, സിപിഐ അടക്കമുള്ള മറ്റു ഘടകകക്ഷികളുടെ പിന്തുണയും പാര്‍ട്ടി പരിഗണിച്ചാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ പോരാട്ടം പൊടി പാറും എന്നുറപ്പ്.

മറുവശത്ത് പിസി ജോര്‍ജ് ആകുമ്പോള്‍ പൂഞ്ഞാറിന്റെ രാഷ്ട്രീയം എന്തായാലും പോരാട്ടം കനത്തതാകും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികളുടെ വെല്ലുവിളി അതിജീവിച്ച് സ്വതന്ത്രനായി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പിസി ജോര്‍ജിന് മികച്ചൊരു എതിരാളിയാകും അവസരം നല്‍കിയാല്‍ ഇക്കുറി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍.

error: Content is protected !!