ഐ.എസ്.ഒ. അംഗീകാരം; ജില്ലയിൽ തലയുയർത്തി എരുമേലി പോലീസ് സ്‌റ്റേഷൻ
എരുമേലി: കമനീയമായ കമാനമടക്കം ഒരു നാലുകെട്ട് മാളികയുടെ ഗരിമ. മുറ്റത്ത് പൂന്തോട്ടവും കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും കളിപ്പാട്ടങ്ങളും. പരാതിയുമായി വരുന്നവർക്ക് സൗഹൃദമായ സ്വീകരണം. കമാനത്തിലെ ബോർഡ് വായിച്ചാലേ പോലീസ് സ്‌റ്റേഷനെന്നറിയൂ. ഇതാണ് എരുമേലി ജനമൈത്രി പോലീസ് സ്‌റ്റേഷൻ. പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ഐ.എസ്.ഒ. അംഗീകാരം കിട്ടിയ ജില്ലയിലെ ആദ്യ പോലീസ് സ്‌റ്റേഷൻ.
സ്‌റ്റേഷന്റെ നിലവാരവും ചിട്ടയായ പ്രവർത്തനവും ശുചിത്വം, ശാസ്ത്ര സാങ്കേതിക സൗകര്യങ്ങളുടെ ലഭ്യത തുടങ്ങി ഒട്ടേറെ നേട്ടങ്ങളാണ് സ്റ്റേഷന് നേടാനായത്. സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കായി ജനമൈത്രി പോലീസിന്റെ ഇടപെടലും പോലീസിന് മാനവികതയുടെ മുഖം നൽകിയപ്പോൾ, ജില്ലയിൽ ഐ.എസ്.ഒ. പുരസ്‌കാരം എരുമേലി പോലീസ് സ്‌റ്റേഷന് സ്വന്തം.
എരുമേലി ടൗണിലും പരിസരത്തും നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ദേവസ്വം ബോർഡിന്റെ സഹായത്തോടെ 52 ക്യാമറകൾ സ്ഥാപിച്ച് 24 മണിക്കൂറും പോലീസ് കൺട്രോൾ റൂമിൽ നിരീക്ഷണം നടത്തി കുറ്റകൃത്യങ്ങളും മോഷണങ്ങളും കുറയ്ക്കാൻ സാധിച്ചതും പ്രധാന നേട്ടമാണ്.
എരുമേലി ജനമൈത്രി പോലീസ് പദ്ധതിയുടെ ഭാഗമായി സ്റ്റേഷൻ പരിധിയിൽ സ്വന്തമായി ഭവനമില്ലാതിരുന്ന ഒരു കുടുംബത്തിന് പൊതുജനസഹകരണത്തോടുകൂടി ഭവനം നിർമിച്ച് കൊടുത്തിരുന്നു.
ജില്ലാ പോലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും സംയുക്തമായ പ്രവർത്തനമികവാണ് എരുമേലി പോലീസ് സ്റ്റേഷനെ ഐ.എസ്.ഒ. നിലവാരത്തിലെത്തിക്കാൻ സഹായകമായത്.