എം.എൽ.എ.യുടെ സമ്മാനംസുനീഷിന്റെ മക്കൾക്കും സുനീഷിന്റെ ചങ്ക് രതീഷിനും

ഉരുളികുന്നം: തളരേണ്ട, എല്ലാവരും കൂടെയുണ്ട്; ആശ്വാസവാക്കുകളുമായി മാണി സി.കാപ്പൻ എം.എൽ.എ.സുനീഷിനെ കാണാനെത്തി. 

വൈകല്യംമൂലം ഇരിക്കാനാകാത്തതിനാൽ സോഫയിൽ കമിഴ്ന്നുകിടന്ന് കംപ്യൂട്ടറിൽ ജോലിചെയ്യുന്ന സുനീഷിന്റെ അടുത്ത് ഏറെനേരം അദ്ദേഹം ചെലവഴിച്ചു. 

മകന്റെ സൈക്കിൾ മോഷണം പോയതിനെ തുടർന്ന് വാർത്തയിൽ ഇടംപിടിച്ച ഭിന്നശേഷിക്കാരനായ സുനീഷിന്റെ കുരുവിക്കൂട്ടിലെ കോമൺ സർവീസ് സെന്ററിൽ വെള്ളിയാഴ്ച രാവിലെയാണ് എം.എൽ.എ. എത്തിയത്. സുനീഷിന്റെ മക്കളായ ജെസ്റ്റിൻ, ജെസ്റ്റിയ എന്നിവർക്കായി ഫുട്‌ബോൾ സമ്മാനിച്ചു. 

വർഷങ്ങളായി സുനീഷിന്റെ കൂടപ്പിറപ്പിനെപ്പോലെ ആശ്രയമായുള്ള സുഹൃത്ത് കെ.എം.രതീഷ്‌കുമാറിനെ മാണി സി.കാപ്പൻ പൊന്നാട അണിയിച്ച് ആദരിച്ചു. 

സുനീഷിന്റെ അയൽവാസിയായ രതീഷ് വാടകമുറിയിൽ തുടങ്ങിയ നക്ഷത്ര കംപ്യൂട്ടർ സെന്റർ, ഇലക്ട്രിക്കൽ കട എന്നിവയ്ക്കൊപ്പം കോമൺസർവീസ് സെന്ററിനുള്ള സൗകര്യം ഒരുക്കി നൽകുകയും ചെയ്ത് എല്ലാക്കാര്യങ്ങൾക്കും ആശ്രയമായി ഒപ്പം നിന്നു. 

സുനീഷിന് അക്ഷയകേന്ദ്രം അനുവദിക്കുന്നതിനുള്ള പിന്തുണ വാഗ്ദാനം ചെയ്തു. തങ്കച്ചൻ മുളംകുന്നം, എൻ.സി.പി.പാലാ ബ്ലോക്ക് വൈസ് പ്രസിഡന്റും വാർഡംഗവുമായ മാത്യൂസ് പെരുമനങ്ങാട്ടും ഒപ്പമുണ്ടായിരുന്നു.

തിയേറ്ററിൽ ‘കിടന്ന്’ സിനിമ കണ്ടു

പുലിമുരുകൻ സിനിമ റിലീസ് ചെയ്തപ്പോൾ സുനീഷ് രതീഷിനോട് പറഞ്ഞു. ഞാനിന്നുവരെ സിനിമ കണ്ടിട്ടില്ല. രതീഷ് സുഹൃത്തുക്കളെകൂട്ടി സുനീഷുമായി പാലാ മഹാറാണി തിയേറ്ററിലെത്തി. സുനീഷിന് സീറ്റിൽ ഇരിക്കാനാകില്ല. 

സിനിമ കാണണമെങ്കിൽ കിടക്കണം. തിയേറ്ററുകാർ പിൻനിരയിൽ സൗകര്യമൊരുക്കി. നിലത്ത് ബെഡ്ഷീറ്റ് വിരിച്ച് കമിഴ്ന്നുകിടന്നാണ് സുനീഷ് പുലിമുരുകൻ കണ്ടത്. 

ഇക്കാര്യങ്ങൾ പറയുമ്പോൾ ഇരുവരുടെയും കണ്ണുകൾ നിറയും. അന്ന് തിയേറ്ററുകാർ ഇവരുടെ ടിക്കറ്റിന് പണം വാങ്ങിയില്ല.

സുനീഷ് പറഞ്ഞു; രതീഷ് എനിക്ക് സഹോദരനെപ്പോലെയാണ്. രതീഷിന്റെ കംപ്യൂട്ടർ സെന്ററിലാണ് എനിക്കാദ്യം ജോലിതന്നത്. പിന്നെ അതേമുറിയിൽ കോമൺസർവീസ് സെന്ററിന് സൗകര്യമൊരുക്കിത്തന്നു. 

ഇപ്പോഴും രാവിലെയും വൈകീട്ടും ഓഫീസിലേക്കും തിരികെ വീട്ടിലേക്കും കാറിലെത്തിക്കുന്നത് രതീഷോ, അദ്ദേഹത്തിന്റെ ഭാര്യാസഹോദരൻ മനീഷോ ആണ്. 

error: Content is protected !!