പഴയ വാഹനങ്ങൾ പൊളിച്ചുവിൽക്കുന്നതിനുള്ള നയം ബാധിക്കുന്നത് ഒട്ടേറെപ്പേരെ
കാഞ്ഞിരപ്പള്ളി : പഴയ വാഹനങ്ങൾ പൊളിച്ചുവിൽക്കുന്നതിനുള്ള നയം നടപ്പാക്കുന്നതുസംബന്ധിച്ച ബജറ്റ് പ്രഖ്യാപനത്തിന്റെ ആശങ്കയിൽ വാഹനപ്രേമികളും പഴയവാഹന കച്ചവടക്കാരും. പഴയ വാഹനങ്ങൾ മോടികൂട്ടി ആഘോഷങ്ങൾക്കായി വാടകയ്ക്ക് നൽകി ഉപജീവനമാർഗം കണ്ടെത്തുന്നവരും ഉപയോഗിച്ച കാറുകൾ വിൽപ്പന നടത്തുന്നവരും നിയമം എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ്.
വിന്റേജ് കാറുകൾ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുമോയെന്നതിലും വ്യക്തതയില്ല. അരനൂറ്റാണ്ടിലധികം പഴക്കമുള്ള കാറുകൾ നികുതിയടച്ച് പുതിയ ടെസ്റ്റ് നടത്തി സംരക്ഷിച്ചുവരുന്ന പഴയവാഹനക്കമ്പക്കാരും സംശയങ്ങൾ ചോദിക്കുന്നു.
15 വർഷമായ വാണിജ്യ വാഹനങ്ങളും 20 വർഷമായ സ്വകാര്യ വാഹനങ്ങളും സ്വമേധയാ പൊളിച്ചുവിൽക്കുന്നതിനാണ് നയം രൂപവത്കരിച്ചിരിക്കുന്നത്.
ഒാട്ടോ-ടാക്‌സി, ചരക്കുവാഹനങ്ങൾ എന്നിവ പകുതിയിലേറെയും 15 വർഷമെന്ന കാലാവധിയോട് അടുത്ത് നിൽക്കുന്നതാണ്. ഭൂരിഭാഗം പേരുടെയും ഏക വരുമാനമാർഗമാണ്. പുതിയ വാഹനം എടുക്കേണ്ടിവന്നാൽ കൂടുതൽ കടബാധ്യതയിലേക്കു പോകുമെന്നും മറ്റ് ജോലികൾ തേടേണ്ട സ്ഥിതിയുണ്ടാകുമെന്നും ഓട്ടോ-ടാക്‌സി ഡ്രൈവർമാർ പറയുന്നു.
