രോഗവ്യാപനം ശക്തം ; എരുമേലിയിൽ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആന്റിജൻ പരിശോധന കുറയുന്നു ; സ്വകാര്യ ലാബുകളിൽ തിരക്ക് കൂടുന്നു
എരുമേലി: കോവിഡ് രോഗവ്യാപനത്തോത് ക്രമാതീതമായി ഉയരുമ്പോൾ, എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആന്റിജൻ പരിശോധന കാര്യക്ഷമമാകുന്നില്ലെന്ന് ആക്ഷേപം. വേണ്ടത്ര ജീവനക്കാരില്ലാത്തതും കിറ്റിന്റെ ക്ഷാമവും കാരണം പരിശോധനയുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. മുമ്പ് ആഴ്ചയിൽ 500 പേരെ പരിശോധിക്കാൻ കിറ്റ് ലഭ്യമായിരുന്നെങ്കിൽ ഇപ്പോൾ ആശുപത്രിയിലും കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലുമായി ലഭിക്കുന്ന ആന്റിജൻ പരിശോധനാ കിറ്റിന്റെ എണ്ണം 200 ആയി ചുരുങ്ങി.
ആശുപത്രിയിലെ സൗജന്യ ആന്റിജൻ പരിശോധന കുറഞ്ഞതോടെ സ്വകാര്യ ലാബുകൾക്ക് ചാകരയായിരിക്കുകയാണ്. എരുമേലിയിൽ മൂന്ന് സ്വകാര്യ ലാബുകാരാണ് ആന്റിജൻ, ആർ.ടി.പി.സി.ആർ. പരിശോധന നടത്തുന്നത്. സൗജന്യ പരിശോധന കുറച്ചത് സ്വകാര്യ ലാബുകാരെ സഹായിക്കാനെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
എന്നാൽ, കോവിഡ് പ്രതിരോധ വാക്‌സിനേഷൻ നടക്കുന്നതിനാൽ വാക്‌സിനേഷനും ആന്റിജൻ പരിശോധനയും ഒരുമിച്ച് നടത്താനാവാത്ത സാഹചര്യമാണെന്നും അതിനാവശ്യമായ ജീവനക്കാരില്ലെന്നും അധികൃതർ പറയുന്നു. ആവശ്യമായ പരിശോധനക്കിറ്റുകൾ ലഭിക്കുന്നില്ല.
നിലവിൽ എരുമേലി ഗ്രാമപ്പഞ്ചായത്തിൽ ആയിരത്തിലധികം ആളുകളാണ് കോവിഡ് പോസിറ്റീവായത്. 120-ലേറെ ആളുകളാണ് നിലവിൽ രോഗബാധിതർ. ഇതിൽ 40-ഓളം ആളുകൾ എരുമേലിയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലാണ്. ശ്രീനിപുരം. ചരള, മുക്കൂട്ടുതറ, ഇരുമ്പൂന്നിക്കര പ്രദേശങ്ങളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതൽ. ശരിയായ രീതിയിൽ മുഖാവരണം ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെ ആളുകൾ തടിച്ചുകൂടുകയാണ്.
