വനംവകുപ്പിന്റെ ഉത്തരവിൽ വീണ്ടും ഭേദഗതി;കാട്ടുപന്നികളെ കുരുക്കിട്ട് പിടിക്കരുത്
മനുഷ്യജീവനും സ്വത്തിനും കൃഷിക്കും നാശംവരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിനുള്ള വനംവകുപ്പിന്റെ ഉത്തരവിൽ വീണ്ടും ഭേദഗതി. വനാതിർത്തിയിൽ കാട്ടുപന്നികളെ കുരുക്കിട്ടും പിടിക്കരുതെന്നാണ് പുതിയ ഉത്തരവ്. വനഭൂമിയുടെ രണ്ടുകിലോമീറ്റർ പരിധിയിലാണ് കുരുക്കിട്ടുപിടിക്കാനും നിരോധനമുള്ളത്.
ശല്യംചെയ്യുന്ന കാട്ടുപന്നികളെ കൊല്ലാമെങ്കിലും വിഷപ്രയോഗം, സ്‌ഫോടകവസ്തുപ്രയോഗം, വൈദ്യുതാഘാതമേൽപ്പിക്കൽ എന്നീ മാർഗങ്ങളിലൂടെ നശിപ്പിക്കരുതെന്നായിരുന്നു ജനുവരി 11-ന് ഇറക്കിയ ഉത്തരവ്. എന്നാൽ അതിനൊപ്പം വനാതിർത്തികളിൽ കുരുക്കിട്ടുപിടിക്കുന്ന മാർഗവും നിരോധിച്ചാണ് ഇപ്പോൾ വീണ്ടും ഭേദഗതി വരുത്തിയിട്ടുള്ളത്.
വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ നിർദേശപ്രകാരമാണ് പുതിയ ഭേദഗതി. എന്നാൽ, വനംഭൂമിയിൽനിന്ന് രണ്ടുകിലോമീറ്ററിനപ്പുറത്തുള്ളവർക്ക് പന്നികളെ നശിപ്പിക്കുന്നതിന് കുരുക്കിട്ടുപിടിക്കുന്നമാർഗവും ഉപയോഗിക്കാമെന്ന് വനംവകുപ്പ് ജോയിന്റ് സെക്രട്ടറി കെ. സുരേഷ്‌കുമാർ പറഞ്ഞു. വനാതിർത്തികളോടും മലയോരങ്ങളോടും ചേർന്നപ്രദേശങ്ങളിലാണ് കാട്ടുപന്നികളുടെശല്യം രൂക്ഷമായുള്ളത്. ഇവിടങ്ങളിൽ ശല്യംചെയ്യുന്ന പന്നികളെ പിടികൂടാൻ കർഷകർ വ്യാപകമായി ഉപയോഗിക്കുന്നതും ഈ മാർഗമാണ്. ഇത് നിരോധിച്ചതോടെ വെടിവെച്ചുകൊല്ലാൻ കർഷകർ നിർബന്ധിതരാകും. ഇതിന് വനംവകുപ്പിന്റെ നേതൃത്വത്തിൽ ടാസ്‌ക്‌ഫോഴ്‌സുണ്ടാക്കി അവരുടെസഹായം തേടണം.
