ആൾക്കൂട്ടംഒഴിവാക്കൽ: ചടങ്ങുകൾക്ക് നിരീക്ഷണം വരുന്നു
വിവാഹമുൾപ്പെടെയുള്ള ചടങ്ങുകൾ കോവിഡ് മാനദണ്ഡപ്രകാരമാണോ നടക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് സർക്കാർ. വിവാഹം, മരണാനന്തര ചടങ്ങുകൾ, പൊതുചടങ്ങുകൾ തുടങ്ങിയവയ്ക്ക് അനിയന്ത്രിതമായി ആളുകൂടുന്നത് തടയുകയാണ് ലക്ഷ്യം.
തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ പൊതുപരിപാടികൾക്ക് ആൾക്കൂട്ടം പെരുകുകയാണ്. ക്ഷേത്രോത്സവങ്ങൾക്കും വിവാഹങ്ങൾക്കുമൊക്കെ ഇതേ അവസ്ഥയാണ്. രാഷ്ട്രീയപ്പാർട്ടികളുടെ പൊതുപരിപാടികളിലും സ്ഥിതി മറിച്ചല്ല.
വയോജനങ്ങൾ, സാന്ത്വന ചികിത്സയിലുള്ളവർ, ജീവിതശൈലീ രോഗമുള്ളവർ, ഭിന്നശേഷിക്കാർ, ചേരികളിൽ താമസിക്കുന്നവർ, കെയർഹോമിലെ അന്തേവാസികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ, അതിഥിതൊഴിലാളികൾ എന്നിവരെ പ്രത്യേക വിഭാഗമായിക്കണ്ട് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചവർ വീടുകളിൽ കഴിയാമെന്നു സമ്മതിച്ചാൽപ്പോലും മതിയായ സൗകര്യമില്ലെങ്കിൽ കോവിഡ് കേന്ദ്രത്തിലേക്കോ ആശുപത്രികളിലേക്കോ മാറ്റും.
