കോട്ടയത്തെ കടുത്തുരുത്തി ഒഴികെ എല്ലാസീറ്റും ഏറ്റെടുക്കണമെന്ന് കോൺഗ്രസിൽ ആവശ്യം
ജോസ് കെ.മാണി വിഭാഗം മുന്നണി വിട്ടപ്പോൾ ഒഴിവുവന്ന, കോട്ടയം ജില്ലയിലെ കടുത്തുരുത്തി ഒഴികെയുള്ള എല്ലാ സീറ്റുകളും കോൺഗ്രസ് ഏറ്റെടുക്കണമെന്ന് നേതാക്കൾ. കോട്ടയത്തെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവറിനോടാണ് ഇക്കാര്യം നേതാക്കൾ പറഞ്ഞത്. ഈ ആവശ്യമുന്നയിച്ച് ഡി.സി.സി. നേതാക്കൾ കത്തും നൽകി. തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താനാണ് അദ്ദേഹവും എ.ഐ.സി.സി. സെക്രട്ടറി ഐവാൻ ഡിസൂസയും വന്നത്.
ആറുസീറ്റാണ് ഒഴിവുവന്നിട്ടുള്ളത്. യു.ഡി.എഫിലുള്ള കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അടിത്തറയില്ലാത്ത മണ്ഡലങ്ങളിൽ അവർക്ക് സീറ്റ് നൽകേണ്ടതില്ല. സീറ്റ് ചർച്ചകൾ വരുമ്പോൾ ഇക്കാര്യങ്ങൾ പരിഗണിക്കാമെന്ന് താരിഖ് അൻവർ അറിയിച്ചു. ജില്ലയിൽ ബൂത്ത് കമ്മിറ്റികളുടെ പുനഃസംഘടന എത്രത്തോളമായെന്നതിന് ഡി.സി.സി. ഭാരവാഹികളിൽനിന്ന് അസംബ്ലിമണ്ഡലം തിരിച്ച് അദ്ദേഹം റിപ്പോർട്ട് തേടി. മണ്ഡലങ്ങളിലെ വിശകലനം ചുമതലക്കാരായ കെ.പി.സി.സി. സെക്രട്ടറിമാർ നൽകി.
കൂടുതൽ പാർട്ടികളെ യു.ഡി.എഫിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതായി താരിഖ് അൻവർ. എൻ.സി.പി.യുടെ വരവിനെക്കുറിച്ച് ഇപ്പോൾ പറയാറായിട്ടില്ല. പാലായിൽ മാണി സി.കാപ്പൻ ഐക്യമുന്നണി സ്ഥാനാർഥിയായി വരുമോയെന്നും പറയാറായിട്ടില്ല. അദ്ദേഹം പറഞ്ഞു .
