മൂലകുന്നിൽ കുടിവെള്ളമെത്തുന്നത് വല്ലപ്പോഴും
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ മൂലകുന്ന് മേഖലയിൽ ജലഅതോറിറ്റിയുടെ കുടിവെള്ളവിതരണം മുടങ്ങി. മാസംതോറും ബില്ല് അടയ്ക്കേണ്ടിവരുന്നുണ്ടെങ്കിലും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആകെ കിട്ടിയത് 200 ലിറ്റർ വെള്ളമെന്നാണ് വീട്ടുകാരുടെ പരാതി. അതാകട്ടെ രാത്രി ഉറക്കമിളച്ചിരുന്ന് പൈപ്പുതുറന്നിട്ട് വെള്ളം പിടിച്ചാൽ.
അപൂർവമായി രാത്രി മാത്രമാണിവിടെ പൈപ്പിൽ വെള്ളമെത്തുന്നത്. കരിമ്പുകയത്തുനിന്ന് ഗ്രാമദീപത്തിലെ സംഭരണിയിലെത്തിക്കുന്ന വെള്ളം പൊൻകുന്നത്തെ ഓവർഹെഡ് ടാങ്കിലെത്തിച്ചിട്ട് അവിടെനിന്നാണ് എല്ലായിടത്തേക്കും വിതരണം നടത്തുന്നത്.
ഷട്ടർ തകരാർ പ്രശ്നം
പൊൻകുന്നത്തെ ഓവർ ഹെഡ്ടാങ്കിൽനിന്ന് മൂലകുന്നിനുപോകുന്ന പൈപ്പിലെ വാൽവിന്റെ ഷട്ടർ അടഞ്ഞുപോയതാണ് മൂലകുന്ന് മേഖലയിൽ വെള്ളം ലഭിക്കാതെവന്നതിന് കാരണമെന്ന് ജല അതോറിറ്റി അധികൃതർ വിശദീകരിച്ചു. ദേശീയപാത വെട്ടിപ്പൊളിച്ചെങ്കിലേ തകരാർ പരിഹരിക്കാനാകൂ. അതിനാൽ, ദേശീയപാതാവിഭാഗത്തിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
