ക്രൈസ്തവവോട്ട് ലക്ഷ്യമിട്ട് ‘ലൗ ജിഹാദ് ’ കാമ്പയിനുമായി ബി.ജെ.പി.
നിയമസഭാതിരഞ്ഞെടുപ്പിൽ ക്രൈസ്തവവിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമിട്ട് ബി.ജെ.പി. ‘ലൗ ജിഹാദ്’ കാമ്പയിനുമായി രംഗത്ത്. ‘ഹൃദയം പണയംവെക്കരുത്’ എന്നപേരിൽ ന്യൂനപക്ഷമോർച്ചയുടെ നേതൃത്വത്തിലാണ് വിവിധപരിപാടികൾ സംഘടിപ്പിക്കുന്നത്. സംഘപരിവാർകേന്ദ്രങ്ങൾ സാമൂഹികമാധ്യമങ്ങളിലും മറ്റും ലൗ ജിഹാദ് വിരുദ്ധ പ്രചാരണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ബി.ജെ.പി. ആദ്യമായാണ് പരസ്യമായി രംഗത്തിറങ്ങുന്നത്.
സിറോ മലബാർ സഭാ സിനഡ് തന്നെ ലൗ ജിഹാദിനെതിരേ രംഗത്തെത്തിയ സാഹചര്യത്തിൽ കാമ്പയിൻ നടത്തുന്നത് ഗുണകരമാകുമെന്നാണ് ബി.ജെ.പി.നേതൃത്വത്തിന്റെ വിലയിരുത്തൽ. ജസ്നയുടെ തിരോധാനം മുൻനിർത്തിയാണ് പ്രചാരണപരിപാടികൾ നടത്തുക. എല്ലാ ജില്ലകളിലും പൊതുപരിപാടികളുണ്ടാകും. പ്രണയദിനമായ 14-ന് എറണാകുളത്തു നടക്കുന്ന സമാപനപരിപാടിയിൽ കേന്ദ്ര-സംസ്ഥാന നേതാക്കൾ പങ്കെടുക്കും. ഈ വിഷയത്തിൽ ബി.ജെ.പി.ക്കു പുറത്തുള്ള ക്രിസ്ത്യൻനേതാക്കളെ ഉൾപ്പെടുത്തി സെമിനാറുകളും ചർച്ചകളും നടത്താനും ബി.ജെ.പി. നേതൃത്വം ലക്ഷ്യമിടുന്നു.
തുടർപരിപാടിയെന്നനിലയിൽ പ്രണയവിവാഹങ്ങൾക്കുശേഷം അപ്രത്യക്ഷരായ യുവതികളെ സംബന്ധിച്ച വിവരങ്ങളടങ്ങിയ ചെറിയ പുസ്തകം പുറത്തിറക്കും. ജസ്നയുടെ തിരോധാനം സംബന്ധിച്ച് സത്യം പുറത്തുകൊണ്ടുവരാൻ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് ജെയിംസ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. മാർ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തിൽ യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്കാണ് ജെയിംസ് നിവേദനം കൈമാറിയത്. ഈപ്രശ്നത്തിൽ കേന്ദ്ര ഇടപെടലിനും ബി.ജെ.പി. ശ്രമിക്കുന്നുണ്ട്.
